മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ സംസ്ഥാനത്ത് 48 മണിക്കൂറായി തുടരുന്ന കാറ്റിലും മഴയിലും നാശനഷ്ടം തുടരുന്നു. തെക്ക്-പടിഞ്ഞാറന്‍ വിക്ടോറിയയിലെ ഗ്ലെന്‍ഫൈനില്‍ വെള്ളപ്പൊക്കത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായതായി അധികൃതര്‍ അറിയിച്ചു.
വെള്ളം ഉയര്‍ന്ന മാഡന്‍സ് ബ്രിഡ്ജ് റോഡില്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലില്‍ രാവിലെ 10:40 നാണ് യുവതിയുടെ മൃതദേഹം വാഹനത്തില്‍ കണ്ടെത്തിയത്. ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ബുധനാഴ്ച സിംപ്സണില്‍ നിന്ന് കാണാതായ നീന(20)യുടേതാണ് മൃതദേഹമെന്നാണ് പോലീസ് നിഗമനം. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട കൃത്യമായ സാഹചര്യങ്ങള്‍ ഇനിയും കണ്ടെത്താനുണ്ടെങ്കിലും മരണത്തില്‍ ദുരൂഹതകളില്ലെന്നു വിക്ടോറിയ പോലീസ് പറഞ്ഞു.
കിഴക്കന്‍ വിക്ടോറിയയിലെ സെയിലിനടുത്തുള്ള സ്റ്റാര്‍ലിംഗ്‌സ് ലെയ്നില്‍ വെള്ളത്തില്‍ മുങ്ങിയ കാറില്‍നിന്ന് 60 വയസുള്ള ഒരാളെ മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തി.
കനത്ത മഴയിലും കാറ്റിലും കടപുഴകി വീണ മരം
ഒറ്റ രാത്രി കൊണ്ട് വെള്ളം അപകടകരമാം വിധം ഉയര്‍ന്നതിനെതുടര്‍ന്ന് ട്രാറല്‍ഗോണില്‍ താമസിക്കുന്നവരോട് സുരുക്ഷിത സ്ഥാനത്തേക്കു മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇവിടെനിന്നു നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സഹായത്തിനായി 7,400 കോളുകളാണ് സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിനു ലഭിച്ചത്. കനത്ത മഴ ഇന്നു രാത്രിയിലും ശനിയാഴ്ചയും തുടരുമെന്ന മുന്നറിയിപ്പുണ്ട്. തോംസണ്‍ നദിയില്‍ വെള്ളം ഉയരുന്നതിനാല്‍ സമീപം താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
മരം വീണ് ലൈനുകള്‍ പൊട്ടിയതിനെതുടര്‍ന്ന് നിലച്ച വൈദ്യതി ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. 160,000 ത്തോളം വീടുകളില്‍ ഇപ്പോഴും വൈദ്യുതിയില്ല. പലയിടത്തും മരം കടപുഴകി വീടിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കനത്ത മഴയില്‍ തകര്‍ന്ന വീട്
മെല്‍ബണിനു സമീപം, ജിപ്‌സ് ലാന്‍ഡ്, സെന്‍ട്രല്‍ വിക്ടോറിയ എന്നിവിടങ്ങളില്‍ രണ്ടാം ദിവസവും പ്രതികൂല കാലാവസ്ഥ തുടരുകയാണ്. കാറ്റും മഴയും അതിശൈത്യവും ജനജീവിതം ദുസഃഹമാക്കിയിരിക്കുകയാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ തുടര്‍ച്ചയായ രണ്ടാം ദിനവും രാത്രിയില്‍ ഇരുട്ടില്‍ കഴിയേണ്ടിവന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.