കോവിഡിനെ പൊരുതി തോൽപ്പിച്ച് നൂറ്റിനാലുകാരി ജീവിതത്തിലേക്ക്

കോവിഡിനെ പൊരുതി തോൽപ്പിച്ച് നൂറ്റിനാലുകാരി ജീവിതത്തിലേക്ക്

കണ്ണൂര്‍: കോവിഡിനെ പൊരുതി തോൽപ്പിച്ച് നൂറ്റിനാലുകാരി ജാനകിയമ്മ ജീവിതത്തിലേക്ക്. കണ്ണൂർ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് ഐ.സി.യു.വില്‍ ഉള്‍പ്പെടെ നീണ്ട 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ജാനകിയമ്മ ആശുപത്രി വിടുന്നത്.

ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. 'കോവിഡിനെ പൊരുതി തോല്‍പ്പിച്ച ജാനകിയമ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ഈ പ്രായത്തിലും ജാനകിയമ്മയുടെ ആത്മവിശ്വാസം എല്ലാവര്‍ക്കും പ്രചോദനമാണെന്നും' മന്ത്രി പറഞ്ഞു.

മേയ് 31നാണ് തളിപ്പറമ്പ് കോവിഡ് കെയര്‍ സെന്ററില്‍ നിന്നും ഓക്‌സിജന്‍ കുറഞ്ഞ അവസ്ഥയില്‍ ജാനകിയമ്മയെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന ജാനകിയമ്മയെ ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. പ്രമോദിന്റെ നേതൃത്വത്തില്‍ മെഡിസിന്‍, അനസ്‌തേഷ്യ, പള്‍മണറി മെഡിസിന്‍, തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് ചികിത്സ ഏകോപിപ്പിച്ചത്.

65 വയസിന് മുകളിലുള്ളവര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുമ്പോഴാണ് 104 വയസുകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. ജാനകിയമ്മയുടെ മകന്റെ ഭാര്യയും അമ്മയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 72 വയസുള്ള മകള്‍ക്കും, 70 വയസുള്ള മകനും കോവിഡ് ബാധിച്ചിട്ടില്ല. രോഗമുക്തി നേടിയ ജാനകിയമ്മയെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. എസ്. അജിത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രി അധികൃതരും ജീവനക്കാരും ചേര്‍ന്നാണ് യാത്രയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.