കണ്ടാൽ പ്രായം തോന്നില്ലാത്ത ചർമ്മം വേണോ; അടുക്കള തന്നെ ശരണം (ചർമ്മ സംരക്ഷണം അടുക്കളയിൽ തന്നെ ആവാം -പാർട്ട് 2)

കണ്ടാൽ പ്രായം തോന്നില്ലാത്ത ചർമ്മം വേണോ; അടുക്കള തന്നെ ശരണം (ചർമ്മ സംരക്ഷണം അടുക്കളയിൽ തന്നെ ആവാം -പാർട്ട് 2)

"ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല " ഈ വാചകം പരിചയം ഇല്ലാത്ത ആരുണ്ടാവും നമ്മുടെ ഇടയിൽ. സന്തൂർ സോപ്പ് നമ്മുടെ ഒക്കെ മനസ്സിൽ കയറി ഇരിപ്പായി ഈ പരസ്യത്തിലൂടെ. ദൃശ്യാ ശ്രവ്യ മാധ്യമങ്ങളുടെ സ്വാധീനം അത്രയ്ക്ക് ഉണ്ട് നമ്മുടെ ഒക്കെ ജീവിതത്തിൽ. പരസ്യങ്ങളിലൂടെ പല ഉൽപ്പന്നങ്ങളും നമ്മുടെ ഒക്കെ ശ്രദ്ധ പിടിച്ചുപറ്റുന്നു, പ്രത്യേകിച്ച് സ്ത്രീകളുടെ. ചർമ്മ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്ന സ്ത്രീകളെ കൈയിലെടുക്കാൻ , അതിനു പറ്റിയ തന്ത്രങ്ങളുമായി നിർമ്മാതാക്കൾ വിപണിയിൽ എത്തും. പല ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളും, ചർമ്മ സംരക്ഷണം അല്ല ചെയ്യുന്നത് എന്നുള്ളത് നമുക്ക് അറിയാവുന്നതാണ്. അതിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ,യഥാർത്ഥത്തിൽ ചർമ്മത്തെ കൊല്ലുകയാണ് ചെയ്യുന്നത്. ദീർഘ കാലത്തെ ഉപയോഗത്തിലൂടെ, ചർമ്മത്തിൽ ചുളിവുകൾ വീഴുകയും , ഒടുവിൽ മേക്കപ്പ് ഇല്ലാതെ പുറത്തിറങ്ങാൻ പറ്റില്ല എന്ന അവസ്ഥയിൽ എത്തുകയും ചെയ്യുന്നു.

ചർമ്മത്തിന് യാതൊരു കേടും കൂടാതെ, പൂർണ്ണ സംരക്ഷണം മാത്രം കൊടുക്കുന്ന ചില പൊടിക്കൈകൾ നമുക്ക് നോക്കാം. ഇതിനു ദൂരെ എങ്ങും പോകണ്ട. വേണ്ട സാധനങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാവും. ദൂരവ്യാപകമോ അല്ലാത്തതോ ആയ യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത ഈ വിദ്യ നമുക്ക് ഒന്ന് പരീക്ഷിക്കാം. ഗുണം ഉടനെ കണ്ടില്ലെങ്കിലും, സാവധാനം നിങ്ങൾ ശ്രദ്ധിക്കും ,നിങ്ങളുടെ ചർമ്മത്തിലെ മാറ്റങ്ങൾ.

വരൂ ...... അടുക്കളയിലേക്കു പോകാം.

ടിപ്പ് 1

  •  15 തുള്ളി നാരങ്ങാ നീര്
  • ⅛ tsp. മഞ്ഞൾ പൊടി
  • 1 tbsp. പഴുത്ത പപ്പായ പേസ്റ്റ് ആക്കിയത്
  • അരിപ്പൊടി ആവശ്യത്തിന്

നാരങ്ങാ നീര്,മഞ്ഞൾ പൊടി, പപ്പായ പേസ്റ്റ് ഇവ മൂന്നും കൂടി മിക്സ് ചെയ്യുക. ആവശ്യത്തിന് അരിപ്പൊടി ചേർത്ത് ഇളക്കുക. മിശ്രിതം മുഖത്ത്പുരട്ടാൻ പാകത്തിന് ഉള്ള കട്ടിയിൽ ആക്കി എടുക്കുക. മുഖത്തു നന്നായി തേച്ചു പിടിപ്പിച്ചു, 10 -15 മിനിറ്റ് കഴിഞ്ഞു,ചെറു ചൂട് വെള്ളത്തിൽ കഴുകുക.

ടിപ്പ് 2

  • ½ tsp നാരങ്ങാ നീര്
  • ഒരു ടീസ്പൂൺ വിറ്റാമിന്‍ E ഓയിൽ
  • ഒരു ടീസ്പൂൺ വീറ്റ് ജെം ഓയിൽ

മൂന്നു ചേരുവകളും കൂടി നന്നായി ഒരു ഫോർക് ഉപയോഗിച്ച് അടിച്ചെടുക്കുക. മുഖത്തു പുരട്ടി 5 മിനിറ്റ് മസ്സാജ് ചെയ്യുക. 10 മിനിറ്റിനു ശേഷം ചെറുചൂട് വെള്ളത്തിൽ മുഖം കഴുകുക.

ടിപ്പ് 3

  • 1 tsp അലൊവേര ജെൽ
  • 1 tsp ബദാം ഓയിൽ
  • 1 tsp ഓറഞ്ച് ജ്യൂസ്

മൂന്നു ചേരുവകളുംകൂടി ഒരു ഫോർക് ഉപയോഗിച്ച് നന്നായി അടിച്ചെടുക്കുക. മിശ്രിതം മുഖത്തു പുരട്ടി 3 -5 മിനിറ്റു മസ്സാജ് ചെയ്യുക. 8 -10 മിനിട്ടിനു ശേഷം ചെറുചൂട് വെള്ളത്തിൽ കഴുകുക.

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഓരോന്ന് പരീക്ഷിക്കുക. മറ്റു സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിച്ചാൽ എന്നതുപോലെ,മാറ്റം പെട്ടെന്ന് കണ്ടു എന്ന് വരില്ല. ക്ഷമയോടെ ,പരിചരണം തുടരൂ , ഫലം കാണും.ഓർമ്മിക്കുക ,"പതിയെ തിന്നാൽ പനയും തിന്നാം". ഈ ആഴ്ച ഇത് ശ്രമിച്ചു നോക്കു . അടുത്ത ആഴ്ച നമുക്ക് മറ്റൊരു പൊടിക്കൈ പരീക്ഷിക്കാം.

✍ സിസിലി ജോൺ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.