ലണ്ടന്‍: മലയാളി വംശജയും യുവ സാമൂഹിക പവര്‍ത്തകയുമായ അമിക ജോര്‍ജിന് ബ്രിട്ടിഷ് രാജ്ഞിയുടെ ബഹുമതി. മെമ്പര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദ് ബ്രിട്ടീഷ് എംപയര്‍ (എം ബി ഇ) പുരസ്‌കാരമാണ് ഇരുപത്തിയൊന്നുകാരിയായ അമികയ്ക്കു ലഭിച്ചത്. ഈ വര്‍ഷം എം ബി ഇ പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയും അമികയ്ക്കാണ്.
ആര്‍ത്തവവുമായി ബന്ധപ്പെട്ട് നടത്തിയ ഫ്രീ പിരീഡ്‌സ് ക്യാംപെയിനാണ് അമികയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഫ്രീ പിരീഡ്‌സ് എന്ന ക്യാംപയിന്‍, യു കെ സര്‍ക്കാരിനെ രാജ്യത്തെമ്പാടുമുള്ള സ്‌കൂളുകളിലും കോളജുകളിലും ആര്‍ത്തവകാലത്ത് ഉപയോഗിക്കാനുള്ള ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി ലഭ്യമാക്കാന്‍ നിര്‍ബന്ധിതമാക്കി. ഈ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് അമികയെത്തേടി വിദ്യാഭ്യാസരംഗത്തെ സേവനങ്ങള്‍ പരിഗണിച്ച് രാജ്ഞിയുടെ എംബിഇ പുരസ്‌കാരം എത്തിയത്. ബിട്ടിഷ്- ഏഷ്യന്‍ യുവതി എന്ന നിലയില്‍, ഈ പുരസ്‌കാരം അമികയ്ക്ക് മാത്രമല്ല,ഒരു സമൂഹത്തിന് മുഴുവന്‍ ആഹ്‌ളാദം പകരുന്ന അംഗീകാരമാണ്.
അമികയും സഹോദരനും ജനിച്ചതും വളര്‍ന്നതും യുകെയിലാണെങ്കിലും അവരുടെ മുത്തശ്ശനും മുത്തശ്ശിയും മലയാളികളാണ്. ഒട്ടേറെ ബന്ധുക്കളും കേരളത്തിലുണ്ട്. ഈ ബഹുമതി ഇന്ത്യന്‍ സമൂഹത്തിന്, മലയാളി സമൂഹത്തിന്, കുടിയേറിയവര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് അമിക പറഞ്ഞു. മലയാളികളെയും വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരെയും ദീര്‍ഘകാലമായി ''സാമൂഹികമായി പുറന്തള്ളപ്പെട്ടവര്‍'' (ഔട്ട് സൈഡേഴ്‌സ്) ആയാണ് കണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ അവരെ വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്നവരായി കണ്ട് അംഗീകരിക്കുന്നുണ്ട്.
''ദശകങ്ങളായി വംശീയതയെ നിശബ്ദമായി സഹിക്കേണ്ടിവന്ന, ഒരിക്കലും തങ്ങള്‍ ഇതിലേക്ക് ഇഴുകിച്ചേരില്ലെന്ന് കരുതിയ, ഒരിക്കലും ബ്രിട്ടീഷുകാരായിത്തീരാനാകാത്ത, ഒരിക്കലും മനസിലാക്കപ്പെടാതെപോയ, എന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പേരില്‍ ഞാന്‍ ഈ പുരസ്‌കാരം സ്വീകരിക്കുന്നു,'' അമിക ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
തനിക്ക് ലഭിച്ച അംഗീകാരം യുവതലമുറയുടെ അഭിപ്രായത്തിന് ലഭിക്കുന്ന അംഗീകാരമാണെന്ന് അമിക കരുതുന്നു. ' രാഷ്ട്രീയ കാര്യങ്ങളില്‍ ഞങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇന്ന്, സര്‍ക്കാരിനെ സ്വാധീനിക്കാന്‍ സാധിക്കുന്ന മാറ്റത്തിന്റെ പതാകവാഹകരായി ഞങ്ങള്‍ പതുക്കെ അംഗീകരിക്കപ്പെടുന്നു. മാറ്റമെന്നത് വെസ്റ്റ് മിനിസ്റ്ററിലെയോ വൈറ്റ് ഹൗസിലെയോ ഇന്ത്യന്‍ പാര്‍ലമെന്റിലെയോ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്നാകണമെന്നില്ലെന്ന് കൂടി എം ബി ഇ പുരസ്‌കാരം വ്യക്തമാക്കുന്നു,'' അമിക പറഞ്ഞു.
ഈ വര്‍ഷം 1,129 പേര്‍ക്കാണ് ഓര്‍ഡര്‍ ഓഫ് ദ് ബ്രിട്ടീഷ് എംപയര്‍ അവാര്‍ഡ് നല്‍കിയത്. അതില്‍ 50 ശതമാനം പേര്‍ സ്ത്രീകളും 15 ശതമാനം വംശപരമായി ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരുമായിരുന്നു.
തങ്ങള്‍ ശരിക്കും സന്തോഷത്തിലാണ് എന്നായിരുന്നു അമികയുടെ അമ്മ നിഷ ജോര്‍ജിന്റെ പ്രതികരണം. അമിക കഠിനാധ്വാനം ചെയ്യുന്നത് ഞങ്ങള്‍ കണ്ടതാണ്. നാല് വര്‍ഷമായി പഠനത്തിലും ക്യാംപെയിനുമിടയിലായിരുന്നു അവള്‍. ലക്ഷ്യത്തിലേക്കു മാത്രം കണ്ണു നട്ടായിരന്നു അമികയുടെ പ്രവര്‍ത്തനം. മകള്‍ ഈ നിലയില്‍ അംഗീകരിക്കപ്പെട്ടതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്, ' നിഷ പറഞ്ഞു.
കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ചരിത്ര വിദ്യാര്‍ത്ഥിനിയായ അമിക പതിനേഴാം വയസിലാണ് ഫ്രീ പിരീഡ്‌സ് ക്യാംപെയിന്‍ ആരംഭിക്കുന്നത്. യു കെയില്‍ ദാരിദ്ര്യം കാരണം ആര്‍ത്തവകാലത്ത് ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കാതെ പെണ്‍കുട്ടികള്‍ക്കു സ്‌കൂളില്‍ വരാന്‍ സാധിക്കാത്ത സംഭവങ്ങള്‍ അമികയില്‍ രോഷമുളവാക്കി.
''മിക്ക ആളുകള്‍ക്കും അസ്വസ്ഥത തോന്നുന്ന ഒരു കാര്യത്തെക്കുറിച്ചാണ് അമിക സംസാരിക്കുന്നത്. മാതാപിതാക്കളെന്ന നിലയില്‍ തങ്ങള്‍ അമികയ്ക്ക് ഒപ്പം നില്‍ക്കുകയാണ് ചെയ്തത്,'' നിഷ പറയുന്നു.
പെറ്റീഷന്‍ തുടങ്ങുകയും മന്ത്രിമാരെ കാണുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത അമികയുടെ പ്രയത്‌നം ഒടുവില്‍ വിജയം കൈവരിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗജന്യമായി ആര്‍ത്തവകാല ഉപയോഗ വസ്തുക്കള്‍ നല്‍കാന്‍ 2020ല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ക്യംപെയിന്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായി മാറി. അതിപ്പോഴും ആര്‍ത്തവത്തെ സംബന്ധിച്ച് നിലനില്‍ക്കുന്ന വിലക്കകുകള്‍ക്കും ലജ്ജാകരമായ അന്തരീക്ഷത്തി നുമെതിരെ പോരാട്ടം തുടരുകയാണ്. 'യുവ ബ്രിട്ടീഷ് ഇന്ത്യന്‍ എന്നതില്‍ അഭിമാനകരമായ മുഹൂര്‍ത്തമാണിന്ന് അമിക വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.