നേര്‍വഴിക്കു നയിക്കാന്‍ കെല്‍പുള്ളവനാണീ ഓസ്‌ട്രേലിയന്‍ കെല്‍പി; വില കേട്ടാല്‍ ഞെട്ടും

നേര്‍വഴിക്കു നയിക്കാന്‍ കെല്‍പുള്ളവനാണീ ഓസ്‌ട്രേലിയന്‍ കെല്‍പി; വില കേട്ടാല്‍ ഞെട്ടും

സിഡ്‌നി: മനുഷ്യന്റെ ഏറ്റവും അടുത്ത വിശ്വസ്തനും സുഹൃത്തുമായാണ് നായകളെ പരിഗണിക്കുന്നത്. അതിനൊപ്പം യജമാനന്റെ മനസറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള നായ കൂടിയാണെങ്കിലോ. അവനെ എത്ര വില കൊടുത്തു വാങ്ങിയാലും നഷ്ടമില്ലെന്നു കരുതുന്നവര്‍ ഉണ്ടാകാം. എങ്കിലും 35,200 ഓസ്‌ട്രേലിയന്‍ ഡോളര്‍ (19 ലക്ഷത്തിലധികം രൂപ) കൊടുത്ത് വാങ്ങാന്‍ മാത്രം എന്തു സവിശേഷതയാണ് ഒരു നായയ്ക്കുണ്ടാവുക.

ഓസ്‌ട്രേലിയയിലെ വിക്‌ടോറിയ സംസ്ഥാനത്ത് ഓസ്‌ട്രേലിയന്‍ കെല്‍പി (കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന, പ്രത്യേക പരിശീലനം ലഭിച്ച ഓസ്‌ട്രേലിയന്‍ നായ്ക്കള്‍) എന്ന നായയെ വിറ്റത് എത്ര രൂപയ്ക്കാണെന്നു കേട്ടാല്‍ ആരുമൊന്നു ഞെട്ടും. കാസ്റ്റര്‍ട്ടണ്‍ കെല്‍പി അസോസിയേഷന്റെ വാര്‍ഷിക ലേലത്തില്‍ രണ്ടു വയസുകാരന്‍ കെല്‍പിയെ വിറ്റത് 35200 ഓസ്‌ട്രേലിയന്‍ ഡോളറിനാണ് (ഏകദേശം 1936000 ഇന്ത്യന്‍ രൂപ).

ഈഡന്‍ഹോപ്പില്‍ നിന്നുള്ള ഡേവിഡിനും സാറാ ലീയ്ക്കുമാണ് തങ്ങളുടെ നായയ്ക്ക് ഇത്രയും വലിയ തുക ലഭിച്ചത്. രാജ്യത്ത് ഒരു നായയ്ക്കു ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. ഇതിനു മുന്‍പ് 2019-ല്‍ ന്യൂ സൗത്ത് വെയില്‍സിലെ ജെറിള്‍ഡെറിയിലാണ് ഏറ്റവും കൂടിയ തുക ലഭിച്ചത്-25,000 ഡോളര്‍. വിക്‌ടോറിയയില്‍ ആടുകളെയും കന്നുകാലികളെയും വളര്‍ത്തി വില്‍ക്കുന്ന ഒരാളാണ് ഇത്രയും കൂടിയ തുകയ്ക്ക് കെല്‍പിയെ വാങ്ങിയത്.


ഡേവിഡും കുടുംബവും വളര്‍ത്തു നായ്ക്കള്‍ക്കൊപ്പം (ലേലത്തില്‍ വിറ്റ കെല്‍പി ഇടത് ഭാഗത്ത്)

എന്തുകൊണ്ടാണ് കെല്‍പിക്ക് ഇത്ര വലിയ തുക കിട്ടിയതെന്ന് പരിശീലകനായ ഡേവിഡ് തന്നെ വിശദീകരിക്കും. ലോകത്തെ ഏറ്റവും മികച്ച ഇടയന്മാരായാണ് കെല്‍പികള്‍ അറിയപ്പെടുന്നത്.

കന്നുകാലികളെയും ആടുകളെയും മേയ്ക്കാന്‍ സവിശേഷമായ കഴിവാണ് ഇവയ്ക്കുള്ളത്. ചുറ്റുപാടും നടക്കുന്നത് സൂക്ഷ്മതയോടെ നിരീക്ഷിക്കാനും സന്ദര്‍ഭത്തിനനുസരിച്ച് പെരുമാറാനും കഴിയും. ധൈര്യശാലിയായതിനാല്‍ ചെന്നായ്ക്കളുടെയും മറ്റ് കാട്ടുമൃഗങ്ങളുടെയും ആക്രമണങ്ങളില്‍നിന്നു ആടുകളെയും കന്നുകാലികളെയും രക്ഷിക്കാനും ഇവര്‍ ജാഗരൂകരാണ്. ഊര്‍ജസ്വലതയോടെയും അതേസമയം ശാന്തതയോടെയും ജോലി ചെയ്യുന്നതിനാല്‍ യജമാനന്റെ ജോലിഭാരം വളരെയധികം കുറയാന്‍ കെല്‍പി സഹായിക്കുമെന്ന് ഡേവിഡ് പറയുന്നു.

'അവന്‍ ഒരു മികച്ച ഓള്‍ റൗണ്ടറാണ്. ആടുകളെ കൂട്ടില്‍നിന്നു ഇറക്കി പുല്‍മേടുകളില്‍ മേയ്ക്കാന്‍ കൊണ്ടുപോകുന്നതു മുതല്‍ തിരിച്ചു കയറുന്നതു വരെ അവന്‍ തന്റെ ജോലി ഭംഗിയായി നിര്‍വഹിക്കും. ശാന്തതയുള്ള വ്യക്തിത്വമാണ് കെല്‍പിയുടേത്. ആഴ്ച്ചയില്‍ ഏഴു ദിവസവും സന്തോഷത്തോടെ കെല്‍പി ജോലി ചെയ്യുമെന്നു ഡേവിഡ് പറഞ്ഞു.

കെല്‍പിക്ക് ഇത്രയും വലിയ തുക ലഭിക്കാന്‍ മറ്റു കാരണങ്ങളുമുണ്ട്. കൃഷിക്ക് തൊഴിലാളികളെ കിട്ടാന്‍ ബുദ്ധിമുട്ടായതോടെ കെല്‍പിയുടെ മൂല്യം ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ചൂടുള്ള കാലാവസ്ഥയിലും ദിവസം മുഴുവന്‍ ആടുകളെ മേയ്ക്കാന്‍ ഇവയ്ക്കു കഴിയും. ഊര്‍ജസ്വലതയും ബുദ്ധിസാര്‍ഥ്യവും സ്വയം പര്യാപ്തതയും ഒരുപോലെ കൈമുതലായുള്ള ഇവയ്ക്ക് വിപണിയില്‍ നല്ല ഡിമാന്‍ഡാണ്.

ഓസ്ട്രേലിയയിലും അമേരിക്കയിലും കെല്‍പി നായ്ക്കളെ ആടുകളെ മേയ്ക്കാന്‍ ഉപയോഗിക്കുന്നുണ്ട്. സന്തോഷത്തോടെ ജോലി ചെയ്യുന്ന നായ്ക്കള്‍ക്ക് മികച്ച പരിശീലനം ലഭിച്ചില്ലെങ്കില്‍ അപകടകാരിയായി മാറാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.