കൊച്ചി: അഭിനയ മികവു കൊണ്ടും വ്യത്യസ്തങ്ങളായ മാനറിസങ്ങള്‍ കൊണ്ടും മലയാളി മനസുകളില്‍ ഇന്നും ജീവിക്കുന്ന മഹാനടന്‍ സത്യന്‍ വിടവാങ്ങിയിട്ട് ഇന്ന് 50 വര്‍ഷം തികഞ്ഞു.
സര്‍ക്കാര്‍ ഓഫീസിലെ ഗുമസ്തന്‍, സ്‌കൂള്‍ അധ്യാപകന്‍, ബ്രിട്ടീഷ് ആര്‍മിയിലെ സുബേദാര്‍ മേജര്‍, കമ്മീഷന്‍ഡ് ഓഫീസര്‍, പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍, നാടക നടന്‍...ഇങ്ങനെ ജീവിതത്തില്‍ ചെറുതും വലുതുമായ വ്യത്യസ്ത റോളുകള്‍ ചെയ്ത ശേഷമാണ് സത്യന്‍ അഭ്രലാളികളിലെത്തുന്നത്.
പുന്നപ്ര-വയലാര്‍ സമരം നടക്കുമ്പോള്‍ ആലപ്പുഴയില്‍ അദ്ദേഹം സബ് ഇന്‍സ്‌പെക്ടറായിരുന്നു. ഇമേജ് പ്രശ്‌നമില്ലാത്ത ജീവിതത്തിലെ റോളുകള്‍, സിനിമയിലെ വേഷങ്ങളും ഭംഗിയാക്കാന്‍ അദ്ദേഹത്തെ സഹായിച്ചിരിക്കാം. 41ാം വയസിലാണ് സത്യന്‍ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നത്. സുഹൃത്തുക്കളുടെ ഉപദേശത്താല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എന്ന ജോലിവിട്ട് സിനിമയിലേക്ക് വരികയായിരുന്നു.
ആദ്യസിനിമ ത്യാഗസീമ വെളിച്ചം കണ്ടില്ല. എന്നിട്ടും അദ്ദേഹം തോറ്റോടാന്‍ തയ്യാറായിരുന്നില്ല. ആത്മസഖി എന്ന സിനിമയായിരുന്നു അടുത്തത്. ഒരു മഹാനടന്റെ തുടക്കം. പിന്നീട് 20 വര്‍ഷത്തോളം സത്യന്‍ എന്ന നടന്റെ എത്രയെത്ര അനശ്വരമായ കഥാപാത്രങ്ങള്‍ നമ്മള്‍ കണ്ടു. 1954 ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ എന്നെന്നും ഓര്‍മിക്കാവുന്ന സിനിമയായി മാറി. ദേശീയതലത്തിലും ആദ്യമായി അംഗീകാരം നേടുന്ന മലയാളം സിനിമയാണ് നീലക്കുയില്‍. അവിടുന്നങ്ങോട്ട് വ്യത്യസ്തമായ കുറേ സത്യന്‍ കഥാപാത്രങ്ങള്‍.
പാലാട്ട് കോമന്‍, തച്ചോളി ഒതേനന്‍, യക്ഷി, കാട്ടുതുളസി, മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ഒരു പെണ്ണിന്റെ കഥ, ചെമ്മീന്‍, കായംകുളം കൊച്ചുണ്ണി, ഓടയില്‍നിന്ന്, വാഴ് വേ മായം, മുടിയനായ പുത്രന്‍, അടിമകള്‍, ത്രിവേണി, കരിനിഴല്‍, അശ്വമേധം, ശരശയ്യ...തുടങ്ങി നൂറ്റമ്പതോളം സിനിമകളിലൂടെ മലയാളസിനിമയില്‍ നിറഞ്ഞുനിന്നു. ഇതില്‍ ശരശയ്യയിലെ അഭിനയത്തിന് മികച്ച നടനുള്ള മരണാനന്തര ബഹുമതി സത്യനെ തേടിയെത്തി.
വളരെ നിയന്ത്രിതമായ രീതിയിലാണ് അദ്ദേഹം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അഭിനയത്തിലെ ബഹളങ്ങളൊഴിവാക്കി. ഇമേജ് സത്യനെ ഒരിക്കലും അലട്ടിയിരുന്നില്ല. കാമുകനായും നായകനായും അച്ഛനായും അഭിനയിച്ചു തകര്‍ക്കുമ്പോള്‍ തന്നെ വൃദ്ധന്റെയും സംശയ രോഗിയുടെയും വില്ലന്റെയും റോളുകള്‍ സ്വീകരിച്ചു. സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് പൊള്ളലേറ്റ പാതിമുഖവുമായി അഭിനയിക്കാനുള്ള ധൈര്യവും കാണിച്ചത്.
ആളുകളെ കോരിത്തരിപ്പിക്കുന്ന ഡയലോഗുകളിലോ ബഹളമയമായ അഭിയനത്തിലോ ആയിരുന്നില്ല സത്യന്റെ വിജയം. തുളച്ചുകയറുന്ന നോട്ടം, ചെറുപുഞ്ചിരി, അമര്‍ത്തിയുള്ള മൂളല്‍...അതിലൂടെയായിരുന്നു സത്യന്‍ അഭിനയിച്ചിരുന്നത്. ദേഷ്യവും സങ്കടവും അടക്കിപ്പിടിക്കുമ്പോള്‍ കണ്ണുകളില്‍ അത് തെളിഞ്ഞു കണ്ടു. മുഖത്തെ മാംസപേശികളും നെറ്റിയിലെയും പുരികത്തിലെയും ചുളിച്ചിലുകളിലും അത് പ്രകടിപ്പിച്ചു.
അനുഭവങ്ങള്‍ പാളിച്ചകളിലെ ആ മദ്യപാനരംഗം തന്നെ നോക്കുക. ചെല്ലപ്പനും ഗോപാലനുമാണ് (സത്യനും നസീറും) സീനില്‍. മേശപ്പുറത്തേക്ക് വെച്ച കള്ളുകുപ്പിയില്‍നിന്ന് രണ്ടുപേരും ഗ്ലാസിലേക്ക് കള്ള് പകരുന്നു. ചെല്ലപ്പന്‍ പതുക്കെ ഗ്ലാസില്‍നിന്ന് ഒരല്പം വിരലിലെടുത്ത് പുറത്തേക്ക് തെറിപ്പിക്കുന്നു. പിന്നെ പതുക്കെ ഒന്ന് രുചിച്ച്, ഒറ്റവലിക്ക് മുഴുവന്‍ കുടിക്കുന്നു.
ഒടുവില്‍ തനികുടിയന്‍മാരെപ്പോലെ ഒരു വശത്തേക്ക് നീട്ടിയൊരു തുപ്പലും. അത് കുടിക്കുമ്പോഴുള്ള മുഖത്തെ ചുളിവുകളും കണ്ണും മുഖവുമൊക്കെ ചുളിച്ച്. മുമ്പിലെ പ്ലേറ്റില്‍ ഒരല്പമെടുത്ത് നാക്കിലേക്ക് വെച്ച് കാലൊക്കെ മേശപ്പുറത്തേക്കെടുത്തുവെച്ചു. അവസാനം പതറിപ്പതറിയുള്ള ആ നടപ്പും.
അതില്‍ തന്നെ മകള്‍ മരിച്ചെന്നറിയുന്ന സീനില്‍ ചെല്ലപ്പന്റെ ക്ലോസപ്പ് ഷോട്ടാണ് കാണിക്കുന്നത്. മുഖം മറയ്ക്കാതെയാണ് ആ സീന്‍ ചെല്ലപ്പനിലൂടെ സത്യന്‍ അഭിനയിച്ചുതീര്‍ക്കുന്നത്. വിതുമ്പലും തേങ്ങലും ഉള്ളിലടക്കുമ്പോള്‍ മൂക്കും ചുണ്ടും മുഖത്തെ മാംസപേശികളും മാത്രം ചെറുതായി ചലിക്കുന്നു.
കടല്‍പ്പാലത്തില്‍ മകന്‍ രഘു അച്ഛനോട് പറയുന്നൊരു ഡയലോഗുണ്ട്. 'അടിയില്‍ തിരമാലകള്‍ അടിച്ചുകൊണ്ടിരിക്കുമ്പോഴും അച്ഛന്‍ സംശയിച്ചില്ല'. അതുപോലെയായിരുന്നു സത്യനും. ഉള്ളില്‍ സംഘര്‍ഷങ്ങള്‍ തിരമാലകള്‍ പോലെ ആഞ്ഞടിക്കുമ്പോഴും അദ്ദേഹം ഒട്ടും സംശയിച്ചില്ല. ആരെയുമൊന്നും അറിയിച്ചുമില്ല. ആഴ്ചയിലൊരിക്കല്‍ ആശുപത്രിയില്‍ പോയി രക്തം മാറ്റിവന്നിട്ടാണ് സത്യന്‍ അഭിനയിച്ചിരുന്നത്. അങ്ങനെ അഞ്ച് വര്‍ഷത്തോളം അദ്ദേഹം സെറ്റില്‍നിന്ന് സെറ്റിലേക്ക് ഓടിക്കൊണ്ടേയിരുന്നു.
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ രക്തം ഛര്‍ദിച്ച് കുഴഞ്ഞുവീഴുമ്പോഴാണ് അസുഖം ഇത്രയും കൂടുതലാണെന്ന് പലരും അറിയുന്നത്. അവിടുന്ന് നേരെ ആശുപത്രിയിലേക്ക് പോയ സത്യന് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. ഒടുവില്‍ ചെല്ലപ്പന്‍ മരിച്ചതായി കാണിച്ചാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ അവസാനിപ്പിക്കുന്നത്.
കര കാണാക്കടല്‍, പഞ്ചവന്‍കാട്, ശരയശയ്യ, ഇന്‍ക്വിലാബ് സിന്ദാബാദ്...തുടങ്ങി വേറെയും കുറേ സിനിമകള്‍ അദ്ദേഹത്തിന്റെ മരണ ശേഷമാണ് ലോകം കണ്ടത്. കഥാപാത്രങ്ങളോടും ഈ ലോകത്തോടും ചിരിച്ചും കലഹിച്ചും അദ്ദേഹം മരണത്തിലേക്ക് നടന്നുപോയി. പക്ഷേ, ഓര്‍മ്മകള്‍ ഇന്നും ജീവിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.