ബംഗാളില്‍ 'ഘര്‍ വാപസി ട്രെന്‍ഡ്': ബിജെപി നേതാവ് സുവേന്ദു വിളിച്ച യോഗം 24 എംഎല്‍എമാര്‍ ബഹിഷ്‌കരിച്ചു

ബംഗാളില്‍ 'ഘര്‍ വാപസി ട്രെന്‍ഡ്':  ബിജെപി  നേതാവ് സുവേന്ദു വിളിച്ച യോഗം 24 എംഎല്‍എമാര്‍ ബഹിഷ്‌കരിച്ചു

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയില്‍ നിന്ന് എംഎല്‍എമാര്‍ അടക്കം കൂടുതല്‍ നേതാക്കള്‍ തൃണമൂലിലേക്ക് മടങ്ങാനൊരുങ്ങുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന് 24 ബിജെപി എംഎല്‍എമാര്‍ വിട്ടുനിന്നു. ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളും അനിഷ്ട സംഭവങ്ങളും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷ എംഎല്‍എമാര്‍ എത്തിയത്.

മൊത്തം 74 എംഎല്‍എമാരില്‍നിന്ന് 24 പേര്‍ പേര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തില്ല. സുവേന്ദു അധികാരിയുടെ നേതൃത്വം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് തൃണമൂലിലേക്ക് തന്നെ മടങ്ങുമെന്ന അഭ്യൂഹം ശക്തിപ്പെട്ടു.

മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിലെത്തിയത്. ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിലും നന്ദിഗ്രാമില്‍ സുവേന്ദു മമതയെ തോല്‍പ്പിച്ചിരുന്നു. ബിജെപിയിലെ മറ്റ് നേതാക്കളെ ഒഴിവാക്കി സുവേന്ദുവിന് പ്രതിപക്ഷ സ്ഥാനം നല്‍കിയതില്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.

തൃണമൂലില്‍ നിന്ന് ബിജെപിയിലെത്തിയ മുകുള്‍ റോയി കഴിഞ്ഞ ദിവസമാണ് തൃണമൂലിലേക്ക് തന്നെ തിരിച്ചെത്തിയത്. മുകുള്‍ റോയിയുടെ മകന്‍ ശുഭ്രാംശു റോയിയും തൃണമൂലിലേക്ക് തിരിച്ചെത്തി. 30 ഓളം എംഎല്‍എമാര്‍ പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് മമതാ ബാനര്‍ജി നേരത്തേ പറഞ്ഞിരുന്നു.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.