നാടെന്നോ നഗരമെന്നോ വേര്‍തിരിവില്ലാതെ അവര്‍ ചൈനയിലൂടെ യാത്ര തുടരുകയാണ്. 6 പിടിയാനകള്‍, 6 കുട്ടിയാനകള്‍, 3 കൊമ്പന്മാര്‍, മൊത്തം 15 ആനകള്‍. ഇവരുടെ ലോങ്ങ് മാര്‍ച്ചിന് പിറകെയാണ് ലോകമിപ്പോള്‍. ചൈനയിലെ വനമേഖലയില്‍ നിന്നും പുറപ്പെട്ട ആനകളുടെ ലോങ്ങ് മാര്‍ച്ച് 500 കിലോമീറ്റര്‍ പിന്നിട്ടു. ആനകളുടെ യാത്ര നിരീക്ഷിക്കാനായി ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ ഡ്രോണുകളിലൂടെ വരുന്ന ആകാശ ദൃശ്യങ്ങള്‍ക്ക് ആരാധകരേറുകയാണ്.
ആകെ മുന്നൂറോളം ആനകള്‍ മാത്രമുള്ള ചൈനയിലെ സിഷ്യങ്ങ് ബന്ന വന്യമൃഗസങ്കേതത്തില്‍ നിന്ന് 16 ആനകള്‍ ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ യാത്ര പുറപ്പെട്ടിരിക്കുന്നു. ഇതിനിടയില്‍ 2 ആനകള്‍ പകുതി വഴിയില്‍ തിരിച്ചു പോകുകയിരുന്നു. യാത്രാ മദ്ധ്യേ ഒരു കുട്ടിയാനയെ പ്രസവിക്കുകയും ചെയ്തു. ഇതോടെ കുട്ടിയാന ഉള്‍പ്പെടെ 15 ആനകളാണ് ഇപ്പോള്‍ സംഘത്തിലുള്ളത്.
500 കിലോമീറ്ററിലധികം സഞ്ചരിച്ചു കഴിഞ്ഞ ഈ ആനക്കൂട്ടത്തിന് ചൈന സര്‍ക്കാര്‍ ബ്ലോക്കുകളും മറ്റും ഒഴിവാക്കിയും ചോളം, വാഴപ്പഴം തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചും ഇവയുടെ യാത്ര സുഗമമാക്കുകയാണ്. ഈ യാത്രയ്ക്കിടയില്‍ ചില കുസൃതിത്തരങ്ങളും ഇവ ഒപ്പിക്കുന്നുണ്ട്. ഗ്രാമങ്ങളിലെ വീട്ടിലെ ജനലിലൂടെ തുമ്പിക്കൈ അകത്തേയ്ക്കിട്ടും വാതിലിന് തുമ്പിക്കൈ കൊണ്ട് തട്ടി വരവറിയിച്ചും അവ യാത്ര ആസ്വദിക്കുകയാണ്.
ലോകം കൗതുകത്തോടെ ഇവരെ വീക്ഷിക്കുകയാണെങ്കിലും ഇതു വരെ 9 കോടിയോളം രൂപ നഷ്ടം, ഈ യാത്രയില്‍ ഈ കൊച്ചു കുറുമ്പന്മാര്‍ ഉള്‍പ്പെട്ട ആന സംഘം ഉണ്ടാക്കിയിട്ടുണ്ട്. ആന യാത്രയുടെ പിന്നിലെ ലക്ഷ്യം കണ്ടെത്താന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഏഷ്യന്‍ ആനകള്‍ പൊതുവെ ദേശാടന സ്വഭാവം കാണിക്കാത്തവയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ആനകളുടെ ആവാസ വ്യവസ്ഥയില്‍ തീറ്റ കുറഞ്ഞതോടെയാവാം ഈ യാത്ര തുടങ്ങിയത് എന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. യാത്രയ്ക്കിടയാക്കിയ കാരണം അവ്യക്തമാണെന്ന് ചൈനീസ് സ്റ്റേറ്റ് ഫോറസ്ട്രി റിസര്‍ച്ച് സെന്റര്‍ പ്രതികരിച്ചിട്ടുണ്ട്.
ആനക്കൂട്ടം യാത്രയ്ക്കിടെ കഴിഞ്ഞ തിങ്കളാഴ്ച ഷിയാങ് വനമേഖലയില്‍ വിശ്രമിക്കുന്ന ചിത്രം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കുട്ടി ആനയെ നടുക്ക് കിടത്തി കൂട്ടത്തോടെ കിടന്നുറങ്ങുന്ന ആനക്കൂട്ടത്തിന്റെ ചിത്രമാണ് വൈറലായത്. യാത്രക്കിടെ ആനകള്‍ തമ്മില്‍ അടി കൂടുന്ന ദൃശ്യങ്ങള്‍ ഡ്രോണുകളുടെ കണ്ണിലുടക്കിയിരുന്നു. നല്ല അടിയും കാല് മടക്കി തൊഴിയും ഒക്കെയായി ആനക്കൂട്ടത്തിന്റെ സ്റ്റണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.
ആന കൂട്ടത്തേ നിരീക്ഷിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ഒരുക്കിയ ഡ്രോണുകള്‍ പകര്‍ത്തിയ ആനകളുടെ ആകാശ ദൃശ്യങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ആനക്കൂട്ടത്തിന് ലക്ഷ്യമുണ്ടോയെന്നു പോലും വ്യക്തമാകാത്ത സ്ഥിതിക്ക്, മടക്കയാത്രയെ പറ്റി ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നാണു ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.