നാളെ അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ ലഘൂകരിക്കുന്നു; ശനി, ഞായര്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

നാളെ അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ ലഘൂകരിക്കുന്നു; ശനി, ഞായര്‍ സമ്പൂര്‍ണ ലോക്ഡൗണ്‍


തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാളെ മുതല്‍ ലഘൂകരിക്കും. സംസ്ഥാനമൊട്ടാകെയുള്ള ലോക്ഡൗണ്‍ പിന്‍വലിച്ച് 17 മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിക്കും.

ടിപിആര്‍ 30ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണായിരിക്കും. ടിപിആര്‍ 20ന് മുകളിലാണെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. എട്ടിനും 20നും ഇടയില്‍ ടിപിആര്‍ ആണെങ്കില്‍ ഭാഗിക നിയന്ത്രണം. എട്ടില്‍ താഴെയുള്ള പ്രദേശങ്ങളെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കും. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതാണ് ഇക്കാര്യങ്ങള്‍.

ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും. അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറക്കാം. പൊതുപരീക്ഷകള്‍ അനുവദിക്കും. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. റെസ്റ്റോറന്റുകളില്‍ ടേക്ക് എവേയും ഓണ്‍ലൈന്‍ ഡെലിവറിയും തുടരും. ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല.

അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കാം. സെക്രട്ടേറയറ്റില്‍ 50 ജീവനക്കാര്‍ ഹാജരാകണം. വിവാഹത്തിനും മരണാന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രമേ പാടൊള്ളൂ. ഷോപ്പിങ് മാളുകള്‍ തുറക്കില്ല. മറ്റ് ആള്‍ക്കൂട്ടങ്ങളോ പൊതുപരിപാടികളോ അനുവദിക്കില്ല.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. സെക്രട്ടേറിയറ്റില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ അന്‍പത് ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കും. കാര്‍ഷിക, വ്യാവസായ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും അനുവദിക്കും. ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും.

ബെവ്‌കോ ഓട്ട്ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക. പ്രവൃത്തി സമയം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴ് വരെ. എല്ലാ ബുധനാഴ്ചയും തദ്ദേശസ്ഥാപനങ്ങളിലെ അവസാന ഏഴ് ദിവസത്തെ ശരാശരി ടിപിആര്‍ പരിശോധിച്ച് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തും. ഇക്കാര്യം ജില്ലാ ഭരണകൂടങ്ങള്‍ നിര്‍വഹിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.