ദുബായ്: ഹൃദയാഘാത കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ദുബായിലെ പാർപ്പിട കെട്ടിടങ്ങളിലെ പാറാവുകർക്ക് ഹൃദയാഘാത പ്രാഥമിക ചികിത്സ സംബന്ധിച്ച് പരിശീലനം നൽകാൻ ആലോചന. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ റിപ്പോട്ട് പ്രകാരം എമിറേറ്റിൽ മരണപ്പെടുന്നവരിൽ 30.1 ശതമാനവും ഹൃദയാഘാതം മൂലമാണ്.
പൊതുസ്ഥലങ്ങളിൽ ഹൃദയഗതി പൂർവ സ്ഥിതിയിലാക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ സാധ്യമാക്കുകയും ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകുകയും വേണം. പല യൂറോപ്യൻ രാജ്യങ്ങളും ഇതു പ്രാവർത്തികമാക്കിയിട്ടുണ്ടെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.
എന്നാൽ പ്രമേഹം, അമിതവണ്ണം, കൊളസ്ട്രോൾ വർധന, മാനസിക പിരിമുറുക്കം എന്നിവ അലട്ടുന്നവരിൽ ഹൃദയാഘാത തോത് കൂടുതലാണെന്ന് ഹൃദ്രോഗ വിദഗ്ധനും യുഎഇ ഹാർട്ട് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ഡോ.അബ്ദുല്ല ശിഹാബ് സൂചിപ്പിച്ചു.
അടിയന്തര ഘട്ടങ്ങളിൽ പ്രാഥമിക ഹൃദയ ചികിത്സ ലഭ്യമാക്കാൻ പാർക്കുകൾ, ഹോട്ടലുകൾ, കളിസ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, ജിം തുടങ്ങി ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിലെല്ലാം ഹൃദയ ശാക്തീകരണത്തിനുള്ള സിപിആർ (കാർഡിയോപൾമിനറി റിസസിറ്റേഷൻ) ഡിവൈസുകൾ ലഭ്യമാക്കണം. ഈ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും നൽകണമെന്ന് ദുബായ് ആംബുലൻസ് സർവീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഖലീഫ ബ്ൻ ദറായ് വ്യക്തമാക്കി.
ശ്വാസം നിലച്ച് കുഴഞ്ഞ് വീഴുന്ന രോഗിയെ ആശുപത്രിയിലെത്തിക്കുന്നതു വരെയുള്ള നിമിഷങ്ങൾ നിർണായകമാണ്. ആംബുലൻസ് വരുന്നതു വരെയുള്ള സമയത്തിനിടെ ജീവൻ രക്ഷിക്കാൻ ഇതുവഴി കഴിഞ്ഞേക്കും. ഈ സാഹചര്യം കണക്കിലെടുത്ത് രണ്ടു വർഷമായി ആധുനിക ഹൃദയ ചികിത്സാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതായി ഖലീഫ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 60 സിപിആർ ഉപകരണങ്ങൾ ആംബുലൻസ് വിഭാഗം സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്ക് നൽകി.
അതേസമയം ഹ്രസ്വ നേരത്തേയ്ക്ക് ഹൃദയം നിലയ്ക്കുന്നവരെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കാൻ ഉതകുന്ന പരിശീലനങ്ങൾക്ക് തുടക്കമിട്ടതായി ദുബായ് ഹെൽത്ത് അതോറിറ്റി അധികൃതരും വെളിപ്പെടുത്തി. ദുബായ് എമിറേറ്റിന്റെ വിവിധ മേഖലകളിൽ പതിനായിരം ഹൃദയ പുനരുജ്ജീവന സഹായ ഉപകരണങ്ങൾ എത്തിക്കാനാണു പദ്ധതി. ഇതു വരെ 3800 ഉപകരണങ്ങൾ വിതരണം ചെയ്തു. പ്രാഥമിക ചികിത്സ നൽകാൻ പ്രാപ്തരാക്കുന്നതിനു 23000 പരിശീലനങ്ങൾ നൽകിയതായും അധികൃതർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.