ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ പരിചരിച്ച ഡോക്ടര്‍മാര്‍ തന്നെയാണ് അദ്ദേഹത്തെ കൊന്നതെന്ന് പരിചരിച്ച നഴ്സിന്റെ അഭിഭാഷകന്‍. ഡോക്ടര്‍മാര്‍ അശ്രദ്ധയിലൂടെ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മറഡോണയെ പരിചരിച്ച നഴ്സിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നു. മറഡോണയുടെ മരണത്തില്‍ അന്വേഷണം നേരിടുന്ന ഡഹിയാന ഗിസെല മാഡ്രിഡ് എന്ന നഴ്സിന്റെ അഭിഭാഷകനാണ് ആരോപണവുമായി രംഗത്തുവന്നത്.
ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് മറഡോണ ചികിത്സ തേടിയിരുന്നു. അതിനൊപ്പം മനോരോഗ ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളും മറഡോണ കഴിക്കുന്നുണ്ടായിരുന്നു. ഇത് ഹൃദയമിടിപ്പ് കൂടാന്‍ കാരണമായി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അദ്ദേഹം വീണു. ഈ സമയം സിടി സ്‌കാന്‍ എടുക്കാന്‍ മറഡോണ ആവശ്യപ്പെട്ടെങ്കിലും, സഹായി അത് സമ്മതിച്ചില്ല. മാദ്ധ്യമങ്ങള്‍ അറിഞ്ഞാല്‍ മോശമാകും എന്നാണ് ഇതിന് കാരണമായി പറഞ്ഞത്.
മറഡോണ മരിക്കാന്‍ പോവുകയാണെന്ന സൂചന നല്‍കുന്ന പല കാര്യങ്ങളുമുണ്ടായി. എന്നാല്‍ ഇത് തടയാന്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് യാതൊരു വിധ ശ്രമങ്ങളും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
മറഡോണയെ പരിചരിച്ച ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. മറഡോണക്ക് ആവശ്യമുള്ള ചികിത്സ നല്‍കിയില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചത്. 2020 നവംബര്‍ 25നാണ് 60 വയസുകാരനായ മറഡോണ അന്തരിച്ചത്. ഇതിന് രണ്ടാഴ്ച്ച മുമ്പ് അദേഹം തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ഇതിഹാസ താരം സുഖംപ്രാപിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് മറഡോണയുടെ മക്കളും ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.