തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പണ്ട് സുധാകരന്‍ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ അടുത്ത ആളില്‍ നിന്ന് തനിക്ക് വിവരം ലഭിച്ചിരുന്നുവെന്ന ഗുരുതരമായ വെളിപ്പെടുത്തലും മുഖ്യമന്ത്രി നടത്തി. കോവിഡ് വിശദാംശങ്ങള്‍ പങ്കു വയ്ക്കാന്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് സുധാകരനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത്.
'സുധാകരന്റെ സുഹൃത്തും ഫൈനാന്‍സറുമായ ഒരു വ്യക്തി ഒരു ദിവസം രാവിലെ രാവിലെ എന്റെ വീട്ടിലെത്തി. നിങ്ങള്‍ വളരെ ശ്രദ്ധിക്കണമെന്ന് പറഞ്ഞു. നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതിയുമായിട്ടാണ് സുധാകരന്‍ നടക്കുന്നത്. അപ്പോള്‍ ഞാന്‍ പറഞ്ഞു, വരുന്നിടത്ത് കാണാമെന്ന്.
ഇക്കാര്യം എനിക്കെന്റെ ഭാര്യയോട് പോലും പറയാനാവില്ല. അവള്‍ക്ക് മനസമാധാനം ഉണ്ടാവില്ല. രണ്ട് കുട്ടികളേയും കൈയില്‍ പിടിച്ച് സ്‌കൂളില്‍ പോകുന്ന കാലമാണ്. ആരോടും ഞാന്‍ പറയാന്‍ പോയില്ല. ഇതെല്ലം കടന്നു വന്നതാണ്. മോഹങ്ങള്‍ പലതും ഉണ്ടായിട്ടുണ്ടാകും. വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താന്‍ കഴിയില്ല എന്നത് സുധാകരന്റെ അനുഭവമാണ്'-മുഖ്യമന്ത്രി പറഞ്ഞു.
കോളേജ് പഠനകാലത്ത് തന്നെ ചവിട്ടിവീഴ്ത്തിയെന്ന സുധാകരന്റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോളായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.
'സുധാകരനെ പറ്റി ഞാന്‍ പറയുന്നത് എടുക്കേണ്ട. സഹപ്രവര്‍ത്തനായിരുന്ന പി.രാമകൃഷ്ണന്‍ എന്താണ് പറഞ്ഞതെന്ന് ഓര്‍ക്കണം. കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു പി.രാമകൃഷ്ണന്‍. ഇതൊന്നും ഞാന്‍ പറയേണ്ട ആളല്ല. എന്നാല്‍ വല്ലാതെ പൊങ്ങച്ചം പറയുമ്പോള്‍ സമൂഹം ഇത് കേട്ടുകൊണ്ടിരിക്കുകയാണ്. ഈ പറയുന്നത് ശരിയാണെന്ന അഭിപ്രായം എനിക്കില്ല.
രാമകൃഷ്ണന്‍ പറഞ്ഞത് മാത്രം എടുക്കുക. പണമുണ്ടാക്കാന്‍ മാത്രമാണ് സുധാകരന്‍ രാഷ്ട്രീയത്തിലിറങ്ങിയത്. പലരേയും കൊന്ന് പണമുണ്ടാക്കി. പിണറായി വിജയന്‍ പറഞ്ഞതല്ല ഇത്. കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവിയിരുന്ന ആള്‍ പറഞ്ഞതാണിത്.
വിദേശ കറന്‍സി ഇടപാടുള്ള സുധാകരന് ബ്ലേഡ് കമ്പനി കമ്പനികളുണ്ട്. മണല്‍ മാഫിയയുമായി നേരിട്ട് ബന്ധമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പറ്റിയ ആളല്ല സുധാകരന്‍. നേതാക്കള്‍ക്ക് അയാളെ പേടിയാണ്. കൊല്ലപ്പെട്ടവര്‍ക്കായി പിരിച്ച പണം സ്വന്തം പോക്കറ്റിലാക്കുന്നു. രാമകൃഷ്ണന്റെ വാചകങ്ങള്‍ എന്തായിരുന്നുവെന്ന് സുധാകരന്‍ ഓര്‍ക്കുന്നത് നല്ലതാണ്.
അലഞ്ഞ് നടന്ന റാസ്‌കലാണ് സുധാകരന്‍. ഭീരുവുമാണ്. ജയിച്ചതിന് ശേഷം എംപി തിരിഞ്ഞ് നോക്കാത്ത പ്രദേശം കണ്ണൂരിലുണ്ട്. സുധാകരന്‍ വന്നതിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളിലാണ് കാസര്‍കോട്, കണ്ണൂര്‍, വടകര മേഖലകളില്‍ പാര്‍ട്ടിക്ക് തോല്‍വി ഉണ്ടാകുന്നത്. ഇതൊന്നും ഞങ്ങളാരും പറഞ്ഞതല്ല.
ഒപ്പമുണ്ടായിരുന്ന പുഷ്പ രാജും പ്രകാശ് ബാബുവും എങ്ങനെ സുധാകരന് എതിരായി എന്ന് രാമകൃഷ്ണന്‍ പറയുന്നുണ്ട്. പുഷ്പരാജിനെ അക്രമിച്ച് കാല് തകര്‍ത്തതിനെ കുറിച്ച് പറയുന്നുണ്ട്. ഡിസിസി പ്രസിഡന്റായതിന് ശേഷം തന്റെ ശവ ഘോഷയാത്രയും കോലം കത്തിക്കലും ഡിസിസി ഓഫീസില്‍ നിന്ന് പുറത്താക്കലും നടത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിയെ നശിപ്പിക്കാനല്ലേ കൂട്ട് നിന്നത്. സുധാരന്റെ ചെയ്തികള്‍ പറഞ്ഞതിന് ഡിസിസി ഓഫീസില്‍ രാമകൃഷ്ണനെ കയറാന്‍ സമ്മതിച്ചില്ല. ഇപ്പോള്‍ രാമകൃഷ്ണന്‍ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ പൊതുവേദിയില്‍ ലഭ്യമാണ്.
സുധാരനോടൊപ്പം അതേ കളരിയില്‍ പയറ്റിയ മമ്പറം ദിവാകരന്‍ പറഞ്ഞിട്ടുണ്ട് ഒരു അഭിമുഖത്തില്‍ ' ഡിസിസി അംഗം പുഷ്പ രാജിന്റെ കാല്‍ അടിച്ച് തകര്‍ത്തതടക്കം ഒരുപാട് സംഭവങ്ങളുണ്ട്. തന്റെ പക്കലുള്ള ഫോട്ടോകളും തെളിവുകളും പുറത്ത് വിട്ടാല്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് പറയില്ലെന്നും മമ്പറം പറഞ്ഞിട്ടുണ്ട്.
തലശേരിയി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ വെച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായും മമ്പറം ദിവാകരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസിസി ഓഫീസിനായി പിരിച്ച കോടികള്‍ എവിടെ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ചിറക്കല്‍ സ്‌കൂള്‍ വാങ്ങാന്‍ സുധാകരന്റെ നേതൃത്വത്തില്‍ ഗള്‍ഫില്‍ നിന്നുള്‍പ്പടെ 30 കോടി പിരിച്ചു. അത് എവിടെ?സ്‌കൂള്‍ വാങ്ങിയതുമില്ല.
സുധാകരന്റെ സമപ്രായക്കാരനും അന്ന് കോളേജില്‍ ഒപ്പം പഠിച്ചിരുന്നതുമായ എ.കെ.ബാലന്‍ പറഞ്ഞതുമായ ചില കാര്യങ്ങളുണ്ട്. അതും മറന്ന് പോകണ്ട. സി.എച്ച്.മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബ്രണ്ണന്‍ കോളേജില്‍ ഉദ്ഘാടനത്തിന് വന്നു. പുതുക്കിയ ആ ഹാളിന്റെ ഉദാഘാടനത്തിന് പോയപ്പോഴാണ് അന്ന് നിയമ മന്ത്രി കൂടിയായ ബാലന്‍ ഈ കഥ തന്നോട് പറഞ്ഞത്.
ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സിഎച്ച് മുഹമ്മദ് കോയയെ കരിങ്കൊടി കാട്ടി, ചെരിപ്പെറിഞ്ഞു. ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. അന്ന് സി.എച്ചിന് ചടങ്ങ് സുഗമമായി നടത്താനായത് അന്നത്തെ എ.കെ.ബാലനടക്കമുള്ള പ്രവര്‍ത്തകരുടെ ബലത്തിലാണ്.
ഇപ്പോള്‍ വീരവാദം മുഴക്കുള്ള സുധാകരന്‍ ആ സംഭവം മറന്ന് കാണില്ല. അര്‍ധ നഗ്‌നനായി ആ കോളേജ് ചുറ്റിപ്പിച്ചു അവര്‍. സുധാകരന്റെ അതിക്രമത്തെ നേരിടാനെത്തിയ വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ നേരെ വസ്ത്രമണിയാന്‍ സമ്മതിച്ചില്ല. കോളേജിന് ചുറ്റും നടത്തിപ്പിച്ചു. വലിയ പൊങ്ങച്ചം പറഞ്ഞത് കൊണ്ട് കാര്യമില്ല.
ബിജെപിയുമായി യോജിച്ച് പോകാന്‍ സാധിക്കുമെന്ന് തോന്നിയാല്‍ പോകുമെന്ന് അദ്ദേഹം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അതില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ? ' - ഇതായിരുന്നു പിണറായി വിജയന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.