ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ (യു.എന്‍) രംഗത്ത്. പുതിയ നിയമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതാണെന്ന് കാണിച്ച് യു.എന്‍ പ്രത്യേക പ്രതിനിധി ഇന്ത്യക്ക് കത്തയച്ചു.
അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്നും യു.എന്‍ പ്രതിനിധി ആവശ്യപ്പെട്ടിട്ടുണ്ട്. സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ഉടമ്പടികളുടെ അനുച്ഛേദം 17,19 എന്നിവക്ക് വിരുദ്ധമാണ് ഇന്ത്യയുടെ ഐ.ടി നിയമങ്ങളെന്ന് യു.എന്‍ ചൂണ്ടിക്കാട്ടുന്നു. 1979ല്‍ ഇന്ത്യ ഈ ഉടമ്പടിയെ അംഗീകരിച്ചിട്ടുണ്ടെന്നും യു.എന്‍ വ്യക്തമാക്കുന്നു.
ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ കേന്ദ്രം പിടിമുറുക്കുമ്പോഴാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍. അതിനിടെ ട്വിറ്ററിനൊപ്പം ഫേസ്ബുക്, യൂട്യൂബ് പ്രതിനിധികളെ വിളിച്ചുവരുത്താനുള്ള നീക്കങ്ങള്‍ പാര്‍ലമെന്‍ററി സ്റ്റാന്‍റിംഗ് കമ്മിറ്റി തുടങ്ങി.
ഇന്ത്യ നടപ്പാക്കുന്ന ഐ ടി ചട്ടങ്ങളിലെ പല നിര്‍ദ്ദേശങ്ങളും മനുഷ്യാവകാശവും അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനം.
ഇതില്‍ ആശങ്കയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് കൈമാറിയ ഏഴുപേജുള്ള കത്തില്‍ ഐക്യരാഷ്ട്ര പ്രതിനിധികള്‍ വ്യക്തമാക്കുന്നു. ചില അനാവശ്യ കടപ്പാടുകളുടെ പേരിലാണ് വലിയ മനുഷ്യാവകാശ ലംഘനങ്ങളെന്ന നിരീക്ഷണവും ഐക്യരാഷ്ട്രസഭ നടത്തുന്നു.
എന്നാൽ വംശീയവും ജാതിയവുമായ അധിക്ഷേപം, ഇന്ത്യയുടെ അഖണ്ഡതക്ക് ഭീഷണി, ആള്‍മാറാട്ടം, കുട്ടികള്‍ക്ക് ദോഷകരം തുടങ്ങിയ ചട്ടങ്ങളിലെ പ്രയോഗങ്ങളുടെ അര്‍ത്ഥവ്യാപ്തി എത്രമാത്രമെന്ന് വ്യക്തമല്ല. എത്ര വിശാലമായും ഇതിനെ വ്യാഖ്യാനിക്കാം. ഇത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളിലും കടുത്ത ആശങ്കയാണെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു.
അതേസമയം പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് പുതിയ ചട്ടങ്ങള്‍ ഉണ്ടാക്കിയതെന്ന മറുപടിയാണ് കേന്ദ്ര സര്‍കാര്‍ ഐക്യരാഷ്ട്രസഭക്ക് നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.