തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ബന്ധപ്പെട്ട തര്‍ക്ക വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി പ്രതികരിക്കാനിടയില്ല. കോളേജ് മുതലുള്ള പൂര്‍വ്വകാല രാഷ്ട്രീയം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത് പിണറായി വിജയന് മുഖ്യമന്ത്രി എന്ന നിലയില്‍ ഗുണത്തേക്കാളേറെ ദോഷമേ ഉണ്ടാകൂ എന്ന വിദഗ്ധ ഉപദേശം ലഭിച്ചതോടെയാണ് തുടര്‍ പ്രതികരണങ്ങള്‍ വേണ്ടെന്ന നിലപാടിലേക്ക് മുഖ്യമന്ത്രി എത്തിയത്.
എന്നാല്‍
സുധാകരന്റെ ഭൂതകാല രാഷ്ട്രീയം സജീവ ചര്‍ച്ചയാക്കാന്‍ സി.പി.എം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും തീരുമാനം. കെ.മുരളീധരന്‍ എംപി ഇതുസംബന്ധിച്ച സൂചന നല്‍കിക്കഴിഞ്ഞു.
തുടര്‍ പ്രതികരണങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഉള്‍വലിഞ്ഞ് മറ്റ് സിപിഎം നേതാക്കള്‍ രംഗത്തെത്തിയാലും ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ തന്നെ ഉന്നം വയ്ക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പിണറായിക്കെതിരെ ഒന്നിനു പിന്നാലെ മറ്റൊന്നായി പൂര്‍വ്വകാല രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിന്റെ ഭാഗമാണ് പാണ്ട്യാല ഷാജി പിണറായിക്കെതിരെ ഇന്ന് രംഗത്ത് വന്നത്.
പിണറായി വിജയന്റെ രാഷ്ട്രീയ ഗുരു പാണ്ട്യാല ഗോപാലന്റെ മകനാണ് ഷാജി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആസൂത്രണം ചെയ്ത അക്രമത്തിന്റെ ഇരയാണു താനെന്ന് പറഞ്ഞ പാണ്ട്യാല ഷാജി, തന്റെ കയ്യും കാലും തല്ലിയൊടിച്ചെന്നും സ്വന്തമായി ആഹാരം പോലും കഴിക്കാനാകാത്ത അവസ്ഥയിലാണെന്നും വ്യക്തമാക്കി. ഇത്തരത്തില്‍ പിണറായിക്കെതിരെ കൂടുതല്‍ പേരെ രംഗത്തെത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.
പിണറായി വിജയന്റെ പൂര്‍വ്വകാല രാഷ്ട്രീയം സജീവ ചര്‍ച്ചയാക്കി മുഖ്യമന്ത്രി എന്ന നിലയില്‍ അദേഹം നേടിയിട്ടുള്ള ഇമേജ് തകര്‍ക്കുക എന്നതാണ് കോണ്‍ഗ്രസ് തന്ത്രം. ഇതിന്റെ ആദ്യ ലാപ്പില്‍ വിജയം സുധാകരനും കോണ്‍ഗ്രസിനും തന്നെയെന്നാണ് രാഷ്ട്രീയ നിരീഷകരുടെ അഭിപ്രായം. സുധാകരന്‍ ഇട്ട ചൂണ്ടയില്‍ മുഖ്യമന്ത്രി കൊത്തുകയായിരുന്നു എന്ന് വിലയിരുത്തുന്നവരും അക്കൂട്ടത്തിലുണ്ട്.
അതേസമയം, സുധാകരന്റെ ഭൂതകാല രാഷ്ട്രീയം സജീവ ചര്‍ച്ചയാക്കാനാണ് സി.പി.എമ്മിന്റെ നീക്കം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍ മന്ത്രിമാരായ എ.കെ. ബാലന്‍, എം.എ. ബേബി, ഇ.പി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, പി.ജയരാജന്‍ തുടങ്ങിയവര്‍ സുധാകരനെതിരെ രംഗത്തെത്തിയത്. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് സുധാകരനെതിരായ കഴിഞ്ഞകാല സംഭവങ്ങള്‍ സജീവ ചര്‍ച്ചയാക്കി സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള തീരുമാനമെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.