ജാലകം (കവിത)

ജാലകം (കവിത)

പാതി തുറന്നിട്ട ജാലകപ്പഴുതിലൂടെൻ
അരികിലേക്കെത്തും
അമ്പിളിച്ചന്തമേ...,നിൻ മുഖ-
മെന്തേയിന്നു തുടുത്തിരിക്കുന്നു...
ഇനിയും രാത്രിയുറങ്ങാത്തതെന്തേ ,
നിൻ പുഞ്ചിരി മുഖമെൻ ബാല്യത്തെ
തൊട്ടുണർത്തി അച്ഛൻ്റെ കൈകളിലിരുത്തുന്നു...

അച്ഛൻ പറഞ്ഞ വാക്കുകളിന്നും
മായാതെയുള്ളിൽ നിൽക്കുന്നു.....
അമ്പിളിവട്ടത്തിനുള്ളിലുണ്ടേ
പാപ്പം പലഹാരം പഞ്ചാര പായസം
കൈക്കൊട്ടി പാടിയാൽ എല്ലാം തന്നു ചിരിച്ചീടും.....
അമ്പിളി മുത്തം നൽകീടും ...

ഇന്നാ ചിരിമുഖമില്ലെങ്കിലും
ഉള്ളിലൊരു ബാല്യമൊളിച്ചിരിപ്പുണ്ട്..

എങ്കിലും ഉള്ളു പിടയുന്നു
കനലെരിയും ദിനങ്ങളും
കടലുയരും കാറ്റും മഹാവ്യാധിയും
ചുറ്റും ഇടനെഞ്ചു പൊട്ടും നിലവിളികളും....
കടലു കൊണ്ടു പോയവർ
കാറ്റിൽ പൊലിഞ്ഞവർ
മഹാവ്യാധിയാൽ ശ്വാസം നിലച്ചവർ...
നിയമക്കുരുകൾ ചട്ടങ്ങൾ
ശൂന്യം തെരുവുകൾ നിശാനൃത്തവേദികൾ
ധനക്കൊഴുപ്പിൻ്റെ മഹോത്സവങ്ങൾ....
അകലമാണടുപ്പമെന്നോതി ഉള്ളിലേക്കു -
വലിഞ്ഞൊരു നാക്കുമായ്
അടച്ചിരുന്നവർ സ്വയമറിയുക,
തുടച്ചു മാറ്റുക ഉള്ളിലെ മാറാലക്കെട്ടുകൾ

മനസ്സിൻ്റെ ജാലകം തുറന്നേവയ്ക്കുക
ഇരുൾ മാറ്റിയൊരൽപം
അമ്പിളി ചന്തം നിറയട്ടെയുള്ളിൽ....


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26