ആകാശത്ത് നിന്ന്
ഭുമിയിലേക്ക്
ഒരു തിളങ്ങുന്ന താരകം
ഇറങ്ങി വന്നു,
ഇരുൾ മൂടിയ മണ്ണിൽ
വെളിച്ചം പരന്നു തിളങ്ങി.
ആകാശത്തിനു നടുവിൽ
സമാധാനത്തിൻ്റെ പ്രാവ്
ചിറക് വിരിച്ച് നിന്നു
കുളിർ തെന്നലിൽ
ജീവൻ്റെ ഗന്ധമുയർന്നലിഞ്ഞു
കാലിത്തൊഴുത്തിൽ മിഴിതുറന്ന്
രക്ഷകൻ ചിരിച്ചു.
ഒരു ചുംബനത്താൽ
വഞ്ചനയുടെ വരണ്ട ചുണ്ടുകൾ
അടയാളം തീർക്കും
ഹൃദയം കീറി മുറിച്ച്
ഒരാൾ തള്ളിപ്പറയും
നെഞ്ചിലെ സ്നേഹം
ചുടുചോരയായ് തെറിച്ചൊറ്റ -
ക്കണ്ണിൽ കാഴ്ചയായ് നിറയും.
എല്ലാമറിഞ്ഞ് മറിയത്തിൻ്റെ
മടിയിൽ കിടന്ന് രക്ഷകൻ
പിന്നെയും ചിരിച്ചു;
ഒരു നാൾ ചലനമറ്റ്
അമ്മയുടെ മടിയിൽ
കിടക്കുമെന്നോരറിവ്
ഉള്ളിൽ തെളിഞ്ഞുവോ?
ജോസഫിൻ്റെ കിനാവിൽ
സ്നേഹത്തിൻ്റെ കുരിശ്
പൂത്തുലഞ്ഞുവോ?
നീണ്ട യാത്രകൾ
വിണ്ടു കീറിയ പാദങ്ങൾ.....
ചിന്തയിൽ
സുവിശേഷത്തിനായി
ഒരു കാവൽ
കണക്കുകൾ
കൂട്ടിയും കുറച്ചും
ഞാനാരെന്നറിയാതെ
ആണ്ടുകളോരോന്നു -
മൊടുങ്ങുന്നു....
സുവിശേഷമുളളിൽ
വെളിച്ചമായെത്തണം....
ഉള്ളിലൊരു
പുൽക്കൂട് ഒരുക്കണം
രക്ഷകൻ
മിഴി തുറന്നു ചിരിക്കണം.....
മനസ്സിൽ സമാധാനത്തിൻ്റെ
പ്രാവ് ചിറക് വിരിച്ച് പറക്കണം...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.