അമേരിക്കയില്‍ ചുഴലിക്കാറ്റും മഴയും; വ്യാപകനാശം; നൂറിലധികം വീടുകള്‍ തകര്‍ന്നു

അമേരിക്കയില്‍ ചുഴലിക്കാറ്റും മഴയും; വ്യാപകനാശം; നൂറിലധികം വീടുകള്‍ തകര്‍ന്നു

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില്‍ ഞായറാഴ്ച രാത്രി വീശിയടിച്ച ചുഴലിക്കാറ്റിലും കനത്ത മഴയിലും വ്യാപകനാശം. മൂന്ന് മൈല്‍ ഉയരത്തില്‍ വീശിയ ചുഴലിക്കാറ്റില്‍ നൂറിലധികം വീടുകള്‍ തകരുകയും എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ചിക്കാഗോ നഗരത്തിന് 25 കിലോമീറ്റര്‍ അകലെയുള്ള നേപ്പര്‍വില്ലെ, വുഡ്റിഡ്ജ്, ഡാരിയന്‍ എന്നിവിടങ്ങളിലാണ് കാറ്റ് വ്യാപക നാശനഷ്ടമുണ്ടാക്കിയത്. കാറ്റില്‍ മരത്തിന്റെ വലിയ ശിഖരങ്ങള്‍ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ വീണാണ് കൂടുതല്‍ നാശമുണ്ടായത്. പ്രദേശത്തെ പല കെട്ടിടങ്ങളുടെയും മേല്‍ക്കൂരകള്‍ പറന്നുപോയി. പലയിടത്തും കെട്ടിടങ്ങളുടെ മുകളില്‍ മരത്തിന്റെ ശിഖരങ്ങള്‍ വന്നുപതിച്ചതായി കാണാം. കാറ്റിനൊപ്പം കനത്ത മഴയും ഇടിയും മിന്നലും കൂടി ചേര്‍ന്നതോടെ ജനജീവിതം ദുഃസഹമായി.

മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നതിനാല്‍ നിരവധി വീടുകളില്‍ ഇനിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. ഇല്ലിനോയിസിലും അടുത്തുള്ള ഇന്ത്യാനയിലും 75,000 വീടുകളില്‍ തിങ്കളാഴ്ച്ച രാവിലെ വരെ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല.


തകര്‍ന്ന വീടിനു മുന്നില്‍ വിലപിക്കുന്ന വീട്ടുകാര്‍.

ഞായറാഴ്ച രാത്രി 11 മണിക്ക് വുഡ്രിഡ്ജിനും ബോളിംഗ്ബ്രൂക്കിനും സമീപമാണ് ചുഴലിക്കാറ്റ് ആദ്യം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കിഴക്ക് ദിശയില്‍ നഗരത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. മണിക്കൂറില്‍ 136 മുതല്‍ 165 മൈല്‍ വേഗതയുള്ള കാറ്റാണ് വീശിയത്. 2015-നു ശേഷം ചിക്കാഗോയില്‍ വീശിയടിച്ച ഏറ്റവും തീവ്രതയുള്ള ചുഴലിക്കാറ്റാണിത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രേദശമാണ് ചിക്കാഗോ.

വേഗതയെ അടിസ്ഥാനമാക്കി ചുഴലിക്കാറ്റിന്റെ ശക്തി അളക്കുന്ന ഫുജിത സ്‌കെയിലില്‍, വീടുകള്‍ പൂര്‍ണമായും നശിപ്പിക്കാന്‍ ശേഷിയുള്ള ഇ.എഫ്. മൂന്ന് വിഭാഗത്തിലാണ് കാറ്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നേപ്പര്‍വില്ലെയിലാണ് ചുഴലിക്കാറ്റ് വ്യാപകനാശമുണ്ടാക്കിയത്. ഇവിടെ 22 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ആളുകള്‍ക്ക് പരുക്കും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. നേപ്പര്‍വില്ലെ, സമീപ പ്രദേശങ്ങളായ വുഡ്റിഡ്ജ്, ഡാരിയന്‍ എന്നിവിടങ്ങളിലായി 225 കെട്ടിടങ്ങള്‍ക്കാണ് നാശം സംഭവിച്ചതെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മരം വീണ് റോഡുകളില്‍ ഗതാഗതവും തടസപ്പെട്ടു.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കുന്ന പ്രകൃതി ദുരന്തങ്ങളാണ് ടൊര്‍ണാഡോയും ഹരികെയിനും. കടലില്‍ രൂപംകൊണ്ട് തീരപ്രദേശത്ത് ആഞ്ഞടിക്കുന്ന കാറ്റാണ് ഹരികെയിന്‍. ടൊര്‍ണാഡോ അപ്രതീക്ഷിതമായി കടന്നുവരുന്നതിനാല്‍ വലിയ നാശമുണ്ടാക്കിയാണ് കടന്നുപോകുന്നത്. വീടുകള്‍ തകര്‍ന്നാലും മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണ്. കോണ്‍ക്രീറ്റ് അല്ലാത്തതിനാല്‍ തകര്‍ന്നുവീണാലും ആളുകള്‍ക്ക് പരുക്കേല്‍ക്കാത്ത വിധമാണ് വീടുകളുടെ നിര്‍മാണരീതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.