രാമനാട്ടുകര വാഹനാപകടം; അന്വേഷണം ഗുണ്ടാ തലവന്‍ അനസ് പെരുമ്പാവൂരിലേക്കും

രാമനാട്ടുകര വാഹനാപകടം; അന്വേഷണം ഗുണ്ടാ തലവന്‍ അനസ് പെരുമ്പാവൂരിലേക്കും

കോഴിക്കോട്: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘ തലവന്‍ അനസ് പെരുമ്പാവൂരിലേക്ക് നീളുന്നു. ചെര്‍പ്പുളശ്ശേരിയിലെ കൊട്ടേഷന്‍ സംഘ തലവന്‍ ചരല്‍ ഫൈസലിന് ഗുണ്ട നേതാവ് അനസ് പെരുമ്പാവൂരുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ കസ്റ്റംസ് കണ്ടെത്തി.

എറണാകുളത്ത് പ്രവേശന വിലക്കുള്ള അനസിന് ചെര്‍പ്പുളശ്ശേരിയില്‍ ഒരു ഹോട്ടലില്‍ താമസ സൗകര്യം ഒരുക്കിയത് ചരല്‍ ഫൈസലായിരുന്നു. ഇയാള്‍ക്ക് ഇവിടെ താമസ സൗകര്യമൊരുക്കിയത് ഫൈസല്‍ ആണെന്ന് ഹോട്ടല്‍ ജീവനക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് രാമനാട്ടുകര പുളിഞ്ചോടിനടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചത്. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, ഹസൈനര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.

കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് മാഫിയയ്ക്കു വേണ്ടി ദുബായില്‍ നിന്ന് കടത്തിക്കൊണ്ടു വന്ന രണ്ടര കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണം തട്ടിയെടുക്കാന്‍ ചെര്‍പ്പുളശേരിയില്‍ നിന്നെത്തിയ ഗുണ്ടാ സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍ മരിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അനസിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ എത്തിയതെന്ന സൂചന ലഭിച്ചതോടെയാണ് അന്വേഷണം ഇയാളിലേക്കും നീങ്ങുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.