ഇനി ബഹിരാകാശത്ത് വസ്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ട; തുണി അലക്കാന്‍ പുതിയ പരീക്ഷണവുമായി നാസ

ഇനി ബഹിരാകാശത്ത് വസ്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ട; തുണി അലക്കാന്‍ പുതിയ പരീക്ഷണവുമായി നാസ

വാഷിംഗ്ടണ്‍: ബഹിരാകാശ യാത്രികരുടെ വിശേഷങ്ങളറിയാന്‍ ഭൂമിയിലുള്ളവര്‍ക്ക് എപ്പോഴും ആകാംക്ഷയുണ്ടാകും. ദിവസങ്ങളും മാസങ്ങളും ബഹിരാകാശത്ത് കഴിയേണ്ടിവരുന്ന യാത്രികരുടെ ഭക്ഷണം മുതല്‍ ശരീരം വൃത്തിയാക്കുന്നതും ഉറങ്ങുന്നതും വരെയുള്ള ദിനചര്യകള്‍ ഏറെ വ്യത്യസ്തമാണ്. ഗുരുത്വാകര്‍ഷണത്തിന്റെ അഭാവം കാരണം ശുചിമുറിയില്‍ പോകുന്നത് അടക്കം എല്ലാ കാര്യങ്ങളും പ്രത്യേക സംവിധാനത്തിലൂടെയാണ് നിര്‍വ്വഹിക്കുന്നത്. ബഹിരാകാശ യാത്രികരുടെ ഒരു വലിയ തലവേദനയ്ക്ക് പരിഹാരം കണ്ടെത്തിയ ആശ്വാസത്തിലാണ് നാസ. സംഭവം മറ്റൊന്നുമല്ല. ബഹിരാകാശത്ത് വസ്ത്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതായിരുന്നു യാത്രികരുടെ ഏറ്റവും വലിയ വെല്ലുവിളി.

ബഹിരാകാശ നിലയങ്ങളില്‍ വളരെ പരിമിതമായ അളവില്‍ മാത്രം ലഭ്യമാകുന്ന ഒന്നാണ് വെള്ളം. അതിനാല്‍ വസ്ത്രങ്ങള്‍ കഴുകി ഉപയോഗിക്കാറില്ല. യാത്രികരുടെ ഏറ്റവും വലിയ തലവേദനയും ഇതാണ്. ബഹിരാകാശത്ത് മാസങ്ങളും വര്‍ഷങ്ങളും ചെലവഴിക്കേണ്ടി വരുമ്പോള്‍ സ്പെയ്സ് സ്യൂട്ടുകളും വസ്ത്രങ്ങളും ദുര്‍ഗന്ധവും അഴുക്കും നിറഞ്ഞതായിത്തീരും. വസ്ത്രങ്ങള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് യാത്രികരുടെ പതിവ്്. ഇങ്ങനെ ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍ ബഹിരാകാശത്ത് ഉപേക്ഷിക്കും. ഇവ കത്തിനശിക്കുകയാണ് പതിവ്. പ്രതിവര്‍ഷം ഒരു യാത്രികന് ബഹിരാകാശത്ത് ഉപയോഗിക്കാന്‍ 160 പൗണ്ട് (73 കിലോ) തൂക്കത്തിലാണ് വസ്ത്രങ്ങള്‍ ലഭിക്കുന്നത്. ഇതിന് ചെലവും വളരെക്കൂടുതലാണ്.

ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ദിവസവും രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ വരെ ബഹിരാകാശത്ത് യാത്രികര്‍ വ്യായാമത്തില്‍ ഏര്‍പ്പെടാറുണ്ട്. ശരീരം വിയര്‍ത്ത് വസ്ത്രങ്ങള്‍ ആകെ നാശമാകും. ഇങ്ങനെ വസ്ത്രങ്ങള്‍ വേഗത്തില്‍ ഉപയോഗിക്കാനാവാത്ത അവസ്ഥയാകും. ഇതിനു പരിരാഹരമായാണ് നാസ എത്തിയിരിക്കുകയാണ്.

അമേരിക്കന്‍ കമ്പനിയായ പ്രൊക്ടര്‍ ആന്‍ഡ് ഗാംബിളുമായി നാസ കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. ബഹിരാകാശത്ത് വെള്ളം ഒട്ടും പാഴാക്കാതെ തന്നെ വസ്ത്രങ്ങള്‍ വൃത്തിയാക്കാനുള്ള ലോകത്തിലെ ആദ്യത്തെ ഡിറ്റര്‍ജന്റ് ഉല്‍പന്നങ്ങള്‍ പ്രൊക്ടര്‍ ആന്‍ഡ് ഗാംബിളിന്റെ കീഴിലുള്ള സോപ്പ് നിര്‍മ്മാണ കമ്പനിയായ ടൈഡ് നിര്‍മിക്കും. അടുത്ത വര്‍ഷം പരീക്ഷണത്തിനായി നാസ ടൈഡിന്റെ ഡിറ്റര്‍ജന്റുകള്‍ ബഹിരാകാശത്തേക്ക് അയക്കും. ഇതിനൊപ്പം ക്ലീനിംഗ് വൈപ്പുകള്‍, വസ്ത്രത്തിലെ കറ നീക്കാനുള്ള പേനകള്‍ എന്നിയും ഉണ്ടാകും. അവിടെവച്ച് ഉല്‍പന്നങ്ങളുടെ മൈക്രോ ഗുരുത്വാകര്‍ഷണവും വികിരണവും പരിശോധിക്കുകയും ഫലം വിലയിരുത്തുകയും ചെയ്യുമെന്ന് നാസയിലെ വിദഗ്ധര്‍ അറിയിച്ചു.

നാസയുടെ ഈ പരീക്ഷണം വിജയിച്ചാല്‍ വലിയൊരു പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. നാസയുടെ പരീക്ഷണം ആകാശത്തു മാത്രമല്ല ഭൂമിയിലുള്ളവര്‍ക്കും പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥാ വ്യതിയാനം മൂലം വെള്ളം അമൂല്യ വസ്തുവാകുന്ന സാഹചര്യത്തില്‍ വെള്ളം പാഴാക്കാതെ വസ്ത്രങ്ങള്‍ വൃത്തിയാക്കാമെന്നതാണ് ഇതിന്റെ ഗുണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.