സ്ത്രീകളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് പ്രധാനകാര്യങ്ങള്‍

സ്ത്രീകളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് പ്രധാനകാര്യങ്ങള്‍

ഈ കാലത്ത് ആരോഗ്യസംരക്ഷണം ഏറെ വെല്ലുവിളി നേരിടുകയാണ്. എന്നാല്‍ മികച്ച ജീവിതശൈലിയും ഭക്ഷണശീലവും ഒരു പരിധി വരെ നമുക്ക് പ്രതിരോധ ശേഷി നല്‍കും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ് ഇക്കാലത്ത് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ മഹാമാരിക്കാലത്ത് സ്ത്രീകള്‍ ഉറപ്പായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.


കാബേജ്
ഒരു സ്ത്രീയ്ക്ക് ദിവസവും ആവശ്യമുള്ള വിറ്റാമിന്‍ കെ പകുതിയിലേറെ കാബേജില്‍ അടങ്ങിയിരിക്കുന്നു. ഇത് ഫൈബര്‍, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. രോഗപ്രതിരോധ ശേഷി ഉറപ്പാക്കാനും, അസ്ഥികളുടെ ബലത്തിനും ഉത്തമമായ ഒന്നാണ് കാബേജ്.


ശതാവരി
അവശ്യ ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഒരു ഉത്തമ പച്ചക്കറിയും ഔഷധ സസ്യവുമാണ് ശതാവരി. ഇതിന്റെ ഇലയും കിഴങ്ങും ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിലൂടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനാകും. കൂടാതെ ചര്‍മ്മത്തിന്റെ ആരോഗ്യസംരക്ഷണത്തിനും ഇത് പ്രധാനമാണ്. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നത് തടയുന്നു. അസ്ഥികളുടെ ബലത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിന്‍ കെ, ഫോളേറ്റ് എന്നിവയും ഈ സൂപ്പര്‍ഫുഡില്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്‌പൈന ബിഫിഡ പോലുള്ള ജനന വൈകല്യങ്ങള്‍ തടയാന്‍ സഹായിക്കുന്നു.


പയര്‍
ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ എല്ലാവര്‍ക്കും എപ്പോഴും ലഭ്യമാകുന്ന പോഷകഗുണമുള്ള ഭക്ഷണങ്ങളാണ്. ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍ ബി, മറ്റ് പല പോഷകങ്ങളുടെയും സമൃദ്ധമായ ഉറവിടമാണിത്. സുസ്ഥിര ഊര്‍ജ്ജത്തിന്റെ നല്ല ഉറവിടം കൂടിയാണ് പയര്‍. ഹൈപ്പോതൈറോയിഡിസം നിങ്ങളെ ക്ഷീണിതരാക്കുന്നുവെങ്കില്‍ അതിനെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് പയര്‍. രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനും കൊളസ്‌ട്രോള്‍ മെച്ചപ്പെടുത്തുന്നതിനും ഊര്‍ജ്ജം നിലനിര്‍ത്താനും പയര്‍ സഹായിക്കുന്നു.


ചെറുമധുരനാരങ്ങ, മുന്തിരി, ഓറഞ്ച്
നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഫ്‌ളേവനോയ്ഡുകളുടെ സമൃദ്ധമായ ഉറവിടമാണ്, ഇത് ചില സ്ത്രീകളില്‍ ഉണ്ടാകാന്‍ ഇടയുള്ള ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ആര്‍ത്തവശേഷം സ്ത്രീകളില്‍ ഉണ്ടാകുന്ന ഹൃദയാഘാതത്തെ ചെറുക്കുകയാണ് സിട്രസ് പഴങ്ങള്‍ ചെയ്യുന്നത്.


പപ്പായ
ആന്റിഓക്സിഡന്റ് ബീറ്റാ കരോട്ടിന്‍ ഏറെ അടങ്ങിയിരിക്കുന്ന ഉത്തമ ഫലമാണ് പപ്പായ. പപ്പായയില്‍ കാണപ്പെടുന്ന ആന്റിഓക്സിഡന്റാണ് ലൈകോപീന്‍. ഇത് സെര്‍വിക്കല്‍ ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ ആരോഗ്യകരമായ തലങ്ങളില്‍ നിലനിര്‍ത്തുന്നതിലൂടെ ഹൃദ്രോഗം ഒഴിവാക്കുന്നതിനും സഹായിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.