തിരുസഭയുടെ പതിനെട്ടാമത്തെ തലവനായി ഏ.ഡി. 230-ല്‍ വി. പോന്‍സിയാനൂസ് തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവര്‍ഷത്തോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണകാലഘട്ടം ഏ.ഡി. 235 വരെ നീണ്ടുനിന്നു. വി. പോന്‍സിയാനൂസ് ഏ.ഡി. 175-ല്‍ റോമില്‍ ജനിച്ചു. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് അദ്ദേഹം ഉര്‍ബന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെയും കലിസ്റ്റസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെയും സഹായിയായി പ്രവര്‍ത്തിച്ചു.
ഉര്‍ബന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ കാലത്തെന്നതുപ്പോലെ സമാധനം നിറഞ്ഞതും ക്രിസ്തുവിശ്വാസം പ്രചരിപ്പിക്കുന്നതിന് ഉതകുന്നതുമായ സാഹചര്യമായിരുന്നു പോന്‍സിയിനൂസ് മാര്‍പ്പാപ്പയുടെ കാലത്തും നിലനിന്നിരുന്നത്. റോമന്‍ ചക്രവര്‍ത്തിയായ സെവേരൂസ് അലക്‌സാണ്ടര്‍ ക്രിസ്ത്യാനികളോട് സഹിഷ്ണുതയോടെ പെരുമാറുകയും ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതില്‍ യുക്തിയില്ല എന്നു മനസ്സിലാക്കുകയും ചെയ്തു.
പോന്‍സിയാനൂസ് മാര്‍പ്പാപ്പ സഭാപണ്ഡിതനായ ഒരിജനെ സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി ഒരു സിനഡ് വിളിച്ചു ചേര്‍ത്തു. അലക്‌സാണ്ട്രിയായില്‍ ജനിച്ച ഒരിജന്‍ സഭാപണ്ഡിതനായിരുന്നു. അദ്ദേഹം ചെറുപ്പമായിരിക്കുമ്പോള്‍തന്നെ അദ്ദേഹം തന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തിന് സാക്ഷ്യം വഹിച്ചു. അതിനാല്‍ തന്നെ ശക്തമായ വിശ്വാസ അടിത്തറയില്‍ പണിതയുര്‍ത്തപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സഭയെയും വിശ്വാസസത്യങ്ങളെയും പാഷണ്ഡതകളില്‍ നിന്നും തെറ്റായ പഠനങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി അദ്ദേഹം തന്റെ പുസ്തകങ്ങളിലൂടെയും പഠനങ്ങളിലൂടെയും തീവ്രമായി പരിശ്രമിക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. എന്നാല്‍ സ്വര്‍ഗ്ഗരാജ്യത്തെപ്രതി തങ്ങളെതന്നെ ഷണ്ഡരാക്കുന്നവരുണ്ട് (മത്താ.19:42) എന്ന വാക്യം അതിന്റെ അക്ഷരാര്‍ത്ഥത്തില്‍ എടുത്തുകൊണ്ട് തന്നെ തന്നെ ഷണ്ഡനാക്കി. അലക്‌സാണ്ട്രിയായിലെ മെത്രാനൊട് തന്റെ പുരോഹിതനാകുവാനുള്ള ആഗ്രഹം ഒരിജന്‍ പ്രകടിപ്പിച്ചപ്പോള്‍ മെത്രാനായിരുന്ന ഡെമിത്രിയൂസ് പ്രസ്തുത ആഗ്രഹം ഉടനെ സാധിച്ചുകൊടുക്കുന്നതിന് വിസമ്മതം അറിയിക്കുകയും അദ്ദേഹത്തെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി അയ്ക്കുകയും ചെയ്തു. എന്നാല്‍ പ്രസ്തുത യാത്രക്കിടയില്‍ തന്റെ ആഗ്രഹത്തെ പിന്തുണയ്ക്കുന്ന സഭാതലവന്മാരെ കണ്ടെത്തുകയും അവരുടെ കരങ്ങളില്‍ നിന്ന് തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഡിമെത്രിയൂസ് മെത്രാന്‍ ഒരിജനെ സഭാഭ്രഷ്ടനാക്കി. പ്രസ്തുത തീരുമാനത്തെപ്പറ്റി ചര്‍ച്ച ചെയ്യുവാനായി പോന്‍സിയാനൂസ് മാര്‍പ്പാപ്പ വിളിച്ചു ചേര്‍ത്ത സിനഡില്‍ മാര്‍പ്പാപ്പ ഡിമേത്രിയൂസ് മാര്‍പ്പാപ്പയുടെ തീരുമാനത്തെ ശരിവയ്ക്കുകയും ഒരിജന്‍ ശിക്ഷിക്കപ്പെടേണ്ടവനാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
റോമന്‍ ചക്രവര്‍ത്തിയായിരുന്ന അലക്‌സാണ്ടറിന്റെ മരണശേഷം ചക്രവര്‍ത്തിയായി തിരഞ്ഞെടുക്കപ്പെട്ട മാക്‌സിമിനൂസ് തന്റെ പിന്‍ഗാമിയുടെ നയങ്ങളെ എതിര്‍ക്കുകയും ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനങ്ങള്‍ പുനഃരാരംഭിക്കുകയും ചെയ്തു. അദ്ദേഹം പോന്‍സിയാനൂസ് മാര്‍പ്പാപ്പയെ ബന്ധനസ്ഥനാക്കി സാര്‍ദിന ഖനിയില്‍ നിര്‍ബന്ധിത വേല ചെയ്യുന്നതിനായി നാടുകടത്തുകയും ചെയ്തു. എതിര്‍ മാര്‍പ്പാപ്പയായിരുന്ന ഹിപ്പോളിറ്റസിനെയും ബന്ധനസ്ഥനാക്കുകയം സാര്‍ദിനയിലേക്ക് നാടുകടത്തുകയും ചെയ്തു. പോന്‍സിയാനൂസ് മാര്‍പ്പാപ്പയുടെയും വി. ഹിപ്പോളിറ്റസിന്റെയും ഒരുമിച്ചുള്ള ഈ പ്രവാസ ജീവിതം ഹിപ്പോളിറ്റസിന് തന്റെ തെറ്റ് മനസ്സിലാക്കുവാനും മാനസാന്തരപ്പെടുവാനുമുള്ള അവസരം പ്രാപ്തമാവുകയും ചെയ്തു. പോന്‍സിയാനൂസ് മാര്‍പ്പാപ്പ കഠിന പീഡനങ്ങള്‍ ഏല്‍ക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26