സിഡ്നി: ഓസ്‌ട്രേലിയയില്‍ ഒരിടവേളയ്ക്കുശേഷം കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്നതിനെതുടര്‍ന്ന് ലോക്ഡൗണും നിയന്ത്രണങ്ങളും കൂടുതല്‍ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിച്ചു. ക്വീന്‍സ് ലാന്‍ഡ്, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ, ന്യൂ സൗത്ത് വെയില്‍സ് എന്നീ സംസ്ഥാനങ്ങളിലും നോര്‍ത്തേണ്‍ ടെറിട്ടറിയിലുമാണ് കോവിഡ് കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഒരു സ്ത്രീ കോവിഡ് പോസിറ്റീവ് ആയതിനെതുടര്‍ന്ന് പെര്‍ത്തിലും പീല്‍ മേഖലയിലും സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പെര്‍ത്തില്‍നിന്നാണ് സത്രീക്ക് വൈറസ് ബാധയുണ്ടായതെന്നാണ് അധികൃതരുടെ നിഗമനം. പെര്‍ത്തിലും പീല്‍ മേഖലയിലും ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വീടിനകത്തും പൊതുസ്ഥലങ്ങളിലും പൊതുവാഹനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി.
അഞ്ചു പുതിയ കോവിഡ് കേസുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ഗ്രേറ്റര്‍ ഡാര്‍വിന്‍ മേഖലയില്‍ 48 മണിക്കൂര്‍ ലോക്ക്ഡൗണ്‍ ഇന്ന് ഉച്ചയോടെ നിലവില്‍ വന്നു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കു മാത്രമാണ് തുറക്കാന്‍ അനുമതി. ഡാര്‍വിന്‍, പാമര്‍സ്റ്റണ്‍, ലിച്ച്ഫീല്‍ഡ് പ്രാദേശങ്ങളിലാണ് നിയന്ത്രണങ്ങള്‍ നിലവില്‍വന്നത്. അഞ്ച് കാര്യങ്ങള്‍ക്കു മാത്രമേ വീടുവിട്ടു പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ.
ഭക്ഷണവും അവശ്യസാധനങ്ങളും വാങ്ങാനും അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു മണിക്കൂര്‍ വ്യായാമത്തിനും പുറത്തിറങ്ങാം. വര്‍ക്ക് ഫ്രം ഹോം സാധ്യമല്ലാത്ത മേഖലകളിലുള്ളവര്‍ക്ക് ജോലി സ്ഥലത്തേക്കു പോകുന്നത് തുടരാം. ഓണ്‍ലൈന്‍ പഠനം സാധ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനത്തിലേക്കു പോകാന്‍ അനുമതിയുണ്ട്. വാക്സിനേഷനും ചികിത്സ, പാലിയേറ്റീവ് പരിചരണം എന്നിവയ്ക്കായും പുറത്തിറങ്ങാം. വീടിനു പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. കോവിഡ് മഹാമാരി ആരംഭിച്ചശേഷം ഏറ്റവും വലിയ പ്രതിസന്ധിയാണ് നോര്‍ത്തേണ്‍ ടെറിട്ടറി ഇപ്പോള്‍ നേരിടുന്നത്.
ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് കഴിഞ്ഞദിവസം 30 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ക്വീന്‍സ് ലന്‍ഡില്‍ രണ്ട് പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ന്യൂ സൗത്ത് വെയില്‍സിലേക്കു പോകരുതെന്നു ക്വീന്‍സ് ലന്‍ഡിലുള്ളവര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ന്യൂ സൗത്ത് വെയില്‍സ് തലസ്ഥാനമായ സിഡ്നിയില്‍ കഴിഞ്ഞ ദിവസം കൂടുതല്‍ മേഖലകളിലേക്കു ലോക്ഡൗണ്‍ വ്യാപിപ്പിച്ചിരുന്നു. ഗ്രേറ്റര്‍ സിഡ്നി, ബ്ലൂ മൗണ്ടന്‍സ്, സെന്‍ട്രല്‍ കോസ്റ്റ്, വോളോങ്കോംഗ് എന്നിവിടങ്ങളിലാണ് ജൂലൈ ഒന്‍പതു വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. വേവര്‍ലി, വൂളാഹ്ര, റാന്‍ഡ്വിക്ക്, സിഡ്‌നി സി.ബി.ഡി എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നരും ജോലി ചെയ്യുന്നവരും വീട്ടില്‍തന്നെ കഴിയണമെന്നും വര്‍ക്ക് ഫ്രം ഹോം രീതി പിന്തുടരണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു. നാലു കാര്യങ്ങള്‍ക്കു മാത്രമാണ് വീട്ടില്‍നിന്നു പുറത്തിറങ്ങാനാവുകയെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.