മയാമി: അമേരിക്കയില്‍ ബഹുനില കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.
അന്റോണിയോ ലോസാനോ (83), ഭാര്യ ഗ്ലാഡിസ് ലോസാനോ (79), മാനുവല്‍ ലഫോണ്ട് (54) എന്നിവരുടെ മൃതദേഹങ്ങളാണു കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മരിച്ച അഞ്ചു പേരില്‍ ഒരാളുടെ മൃതദേഹം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ഇനിയും കണ്ടെത്താനുള്ള 156 പേര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. ഇതില്‍ മൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെടുന്നുണ്ട്.
ഫ്‌ളോറിഡയിലെ മയാമിക്കു സമീപം വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് 12 നില കെട്ടിടം ഇടിഞ്ഞുവീണ് വലിയ അപകടമുണ്ടായത്. എല്ലാവരും ഉറങ്ങുമ്പോഴാണ് വലിയ ശബ്ദത്തോടെ കെട്ടിടം ഒറ്റയടിക്ക് ഭാഗികമായി ഇടിഞ്ഞുവീണത്. ടണ്‍കണക്കിനു കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ പലരും ജീവനോടെ ശേഷിക്കുന്നുവെന്ന പ്രതീക്ഷയില്‍ ശ്രദ്ധാപൂര്‍വമാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

ഇടിഞ്ഞുവീണ കെട്ടിടത്തില്‍ അകപ്പെട്ടവര്‍ക്കായി തെരച്ചില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തകന്‍.
നിരവധി ആളുകള്‍ താമസിച്ചിരുന്ന കെട്ടിടം ഇടിഞ്ഞുവീഴാനുള്ള കാരണം വ്യക്തമല്ല. 80 യൂണിറ്റിലധികം അഗ്നിരക്ഷാ സേന സ്ഥലത്തു രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്നു പോലീസ് അറിയിച്ചു. 130 യൂണിറ്റുകളാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 55 യൂണിറ്റുകളാണ് തകര്‍ന്നുവീണത്. വിവിധ രാജ്യങ്ങളിലുള്ളവരാണ് ഇവിടെ താമസിച്ചിരുന്നത്.
കാണാതായവരില്‍ ഇന്ത്യക്കാര്‍, പരാഗ്വേക്കാര്‍, കൊളംബിയക്കാര്‍, ഉറുഗ്വേക്കാര്‍, വെനിസ്വേലക്കാര്‍, ജൂത വംശജര്‍, അര്‍ജന്റീനക്കാര്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ട്. അപകട സമയത്ത് എത്രപേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്ന് ഇപ്പോഴും വ്യക്തമല്ല. 102 പേരെയാണ് രക്ഷപ്പെടുത്തിയത്. 10 പേര്‍ക്കു പരുക്കേറ്റു.
കെട്ടിടത്തിന്റെ അവശേഷിച്ച ഭാഗങ്ങളിലുള്ളവരെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. കെട്ടിടം അവലോകനം ചെയ്ത ഉദ്യോഗസ്ഥര്‍ നിര്‍മാണത്തില്‍ ക്രമരഹിതമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണു നല്‍കിയതെന്നു മേയര്‍ അറിയിച്ചു. സമഗ്രമായ പരിശോധനകള്‍ വരുംദിവസങ്ങളിലും തുടരും.

ഇന്ത്യക്കാരായ വിശാല്‍ പട്ടേല്‍, ഭാര്യ ഭാവന പട്ടേല്‍, ഒരു വയസുള്ള മകള്‍ ഐഷാനി എന്നിവരെയാണ് കണ്ടെത്താനുള്ളതെന്നു ബന്ധു സരിന പട്ടേല്‍ പറഞ്ഞു. ഭാവന പട്ടേല്‍ നാലു മാസം ഗര്‍ഭിണിയാണ്. കെട്ടിടം തകര്‍ന്നപ്പോള്‍ അവര്‍ അവിടെ ഉണ്ടായിരുന്നു. അവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അധികൃതരില്‍നിന്നു യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നു സരിന പറഞ്ഞു.
കാണാതായവരില്‍ പരാഗ്വേ പ്രസിഡന്റിന്റെ ഭാര്യ സില്‍വാനയുടെ സഹോദരിയും ഭര്‍ത്താവും മൂന്നു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നു പരാഗ്വേ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സില്‍വാനയും കുടുംബാംഗങ്ങളും ഫ്ളോറിഡയിലെത്തിയിട്ടുണ്ട്. ഇതുകൂടാതെ കെട്ടിടത്തില്‍ താമസിച്ചിരുന്ന ആറ് പരാഗ്വേക്കാരെക്കുറിച്ചും വിവരമില്ല. തകര്‍ന്നുവീണ കെട്ടിടത്തിന് 40 വര്‍ഷത്തെ പഴക്കമുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്കു പുറമേ ഡ്രോണുകള്‍, കാമറകള്‍, പരിശീലനം ലഭിച്ച പോലീസ് നായ്ക്കള്‍ എന്നിവ ഉള്‍പ്പെടെയാണ് തെരച്ചില്‍ നടത്തുന്നത്.
അതേസമയം, 2018 ല്‍ കെട്ടിടം പരിശോധിച്ച സ്ട്രക്ചറല്‍ എഞ്ചിനീയറിംഗ് കമ്പനി കോണ്‍ക്രീറ്റില്‍ വലിയ വിള്ളലുകള്‍ കണ്ടെത്തി അടിയന്തരവും വിപുലവുമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ എസ്റ്റിമേറ്റ് നല്‍കിയിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്താന്‍ അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ കഴിഞ്ഞവര്‍ഷം ഒരു സ്ഥാപനത്തിന് കരാര്‍ നല്‍കിയിരുന്നു. അറ്റകുറ്റപ്പണികള്‍ നടന്നുവരുന്നതിനിടെയാണ് അപകടം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.