കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അര്‍ജുന്‍ ആയങ്കി കസ്റ്റംസ് കസ്റ്റഡിയില്‍

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അര്‍ജുന്‍ ആയങ്കി കസ്റ്റംസ് കസ്റ്റഡിയില്‍

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ അര്‍ജുന്‍ ആയങ്കിക്ക് നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍. പ്രതി മുഹമ്മദ് ഷഫീഖിന്റെ ഫോണ്‍ രേഖയില്‍ നിന്ന് അത് വ്യക്തമായെന്ന് കസ്റ്റംസ് വ്യക്തമാക്കി. സ്വര്‍ണക്കടത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയെ കസ്റ്റംസ് അറിയിച്ചു.

അതിനിടെ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് വച്ചാണ് ചോദ്യം ചെയ്യല്‍. രാവിലെ 11 മണിയ്ക്ക് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഹാജരാകാന്‍ അര്‍ജുന് കസ്റ്റംസ് നോട്ടീസ് നല്‍കി. അഭിഭാഷകര്‍ക്ക് ഒപ്പമാണ് അര്‍ജുന്‍ എത്തിയത്. രണ്ടര കിലോയോളം സ്വര്‍ണ്ണം കടത്തിയതിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴി പ്രകാരം അര്‍ജുന്‍ ആണ് സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍.

മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയില്‍ വേണെമെന്ന കസ്റ്റംസ് അപേക്ഷ പരിഗണിച്ച കോടതി അത് അനുവദിച്ചിട്ടുണ്ട്. ഷഫീഖിനെ കസ്റ്റഡിയില്‍ വാങ്ങി ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് വിവരം. അര്‍ജുന്‍ ആയങ്കി ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തുന്നത് എന്നത് അടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്.

അര്‍ജുന്‍ ആയങ്കിയെ ചോദ്യം ചെയ്യുന്നതിന് പിന്നാലെ സിപിഎം പുറത്താക്കിയ സി സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് വിവരം. സിപിഎം നിയന്ത്രണത്തിലുള്ള കൊയ്യോട് സഹകരണ ബാങ്കിലെ സ്വര്‍ണ്ണ പരിശോധകനാണ് സജേഷ്. കടത്ത് സ്വര്‍ണ്ണം ഇയാള്‍ കൈകാര്യം ചെയ്തിരുന്നോ എന്നകാര്യത്തിലാണ് അന്വേഷണം നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.