അല്‍ഷിമേഴ്സിന് പുതിയ മരുന്ന്; യു.എസില്‍ അംഗീകാരം

അല്‍ഷിമേഴ്സിന് പുതിയ മരുന്ന്; യു.എസില്‍ അംഗീകാരം

വാഷിംഗ്ടണ്‍: ഓര്‍മകളെ കവര്‍ന്നെടുക്കുന്ന അല്‍ഷിമേഴ്സ് രോഗത്തിനുള്ള മരുന്നിന് അമേരിക്കയില്‍ അംഗീകാരം. സ്മൃതിനാശരോഗത്തിന് കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ കണ്ടെത്തിയ ആദ്യത്തെ മരുന്നിനാണ് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍(എഫ്.ഡി.എ) അംഗീകാരം നല്‍കിയിരിക്കുന്നത്.

അഡുകനുമബ് (അഡുഹെം എന്ന ബ്രാന്‍ഡ് നാമത്തില്‍ അറിയപ്പെടുന്നു) എന്ന പേരിലുള്ള മരുന്നിനാണ് പുതുതായി അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള 30 ദശലക്ഷത്തോളം അല്‍ഷിമേഴ്സ് രോഗികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. ജപ്പാനിലും യൂറോപ്യന്‍ യൂണിയനിലും അടക്കം നിരവധി രാജ്യങ്ങളില്‍ ഈ മരുന്നിന്റെ സാധ്യതകള്‍ പരീക്ഷിച്ചുവരികയാണ്.

രോഗത്തെ ചികിത്സിക്കുന്ന പതിവു രീതിക്കു പകരം അല്‍ഷിമേഴ്സിന്റെ മൂലകാരണത്തിനാണ് ഈ മരുന്നുവഴി ചികിത്സ നല്‍കുന്നത്. അതുവഴി അല്‍ഷിമേഴ്സ് തടയാനും സുഖപ്പെടുത്താനും കഴിയുന്നു. അമേരിക്കന്‍ കമ്പനിയായ ബയോജന്‍ എന്ന കമ്പനിയാണ് മരുന്നിന്റെ നിര്‍മാതാക്കള്‍. അതേസമയം ചികിത്സയുടെ ചെലവ് വളരെക്കൂടുതലാണ്. 50,000 ഡോളറാണ് ചികത്സയ്ക്കായി പ്രതിവര്‍ഷം ചെലവിടേണ്ടി വരിക.

യു.എസ് അധികൃതരുടെ നടപടിയെ രാജ്യന്തരതലത്തിലുള്ള ജീവകാരുണ്യ സംഘടനകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ ആറു ദശലക്ഷവും ബ്രിട്ടനില്‍ അഞ്ചു ലക്ഷവും അല്‍ഷിമേഴ്സ് രോഗികളാണുള്ളത്. പതിറ്റാണ്ടുകളായി അല്‍ഷിമേഴ്സ് രോഗചികിത്സയ്ക്കായി ലക്ഷ്യമിടുന്ന പ്രധാന വസ്തുവാണ് അമിലോബ് പ്രോട്ടീന്‍ ഫലകങ്ങള്‍. ഇതിനെ തന്നെയാണ് അഡുകനുമബ് മരുന്നും ലക്ഷ്യമിടുന്നത്. അഡുകനുമബ് 3,000ത്തോളം രോഗികളില്‍ പരീക്ഷിച്ചിരുന്നു.  

2019 മാര്‍ച്ചില്‍ ഇതിന്റെ പരീക്ഷണം നിര്‍ത്തിവച്ചിരുന്നു. സ്മൃതിനാശം, ചിന്താപ്രശ്നങ്ങള്‍, ആശയവിനിമയ തകരാര്‍ തുടങ്ങിയ അല്‍ഷിമേഴ്സ് അനുബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇത് ഉപയുക്തമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍, തുടര്‍ന്നു നടത്തിയ പഠനത്തില്‍ ഇതേ മരുന്ന് തന്നെ ഉയര്‍ന്ന ഡോസില്‍ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് കണ്ടെത്തുകയായിരുന്നു. അതേസമയം, മരുന്നിന് എതിരേ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.