സ്വര്‍ണക്കടത്ത് കേസ് പുതിയ തലങ്ങളിലേക്ക്: വീതം വയ്ക്കുന്ന സ്വര്‍ണത്തിന്റെ ഒരു പങ്ക് പാര്‍ട്ടിക്ക്; ശബ്ദരേഖ പുറത്ത്

സ്വര്‍ണക്കടത്ത് കേസ് പുതിയ തലങ്ങളിലേക്ക്: വീതം വയ്ക്കുന്ന സ്വര്‍ണത്തിന്റെ ഒരു പങ്ക് പാര്‍ട്ടിക്ക്; ശബ്ദരേഖ പുറത്ത്

കോഴിക്കോട്: കേരളത്തിലെ സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് പുതിയ തലങ്ങളിലേക്ക്. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തില്‍ ടിപി കേസ് പ്രതികളുമുണ്ടെന്ന ശബ്ദരേഖ പുറത്തുവന്നു. സ്വര്‍ണ്ണക്കടത്ത് ക്യാരിയറോട് ആസൂത്രകന്‍ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്ട്‌സ് ആപ്പ് ഓഡിയോയാണ് പുറത്തുവന്നത്. ശബ്ദ രേഖയില്‍ പാര്‍ട്ടി ബന്ധം വ്യക്തമാക്കുന്നുണ്ട്. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതം വയ്ക്കും. ഒരു ഭാഗം 'പാര്‍ട്ടി'ക്കെന്ന് ശബ്ദരേഖയില്‍ പറയുന്നു. കൊടി സുനി പിന്നിലുണ്ട്, മുഹമ്മദ് ഷാഫിയും ഇടപെടുമെന്നും സംഭാഷണത്തിലുണ്ട്. എന്നാല്‍ ശബ്ദരേഖ ആരുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ശബ്ദരേഖയുടെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

എയര്‍പോര്‍ട്ടില്‍ നമ്മുടെ ടീം കൂട്ടാന്‍ വരും. നീ വന്ന് വണ്ടിയില്‍ കയറുകയേ വേണ്ടൂ. ഷാഫിക്കയോ ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ ഇവരില്‍ മൂന്നില്‍ രണ്ടുപേര്‍ ഒരുമിച്ച് ഉണ്ടാവും. പിന്നെ എന്റെ ഒരു അനിയനും ഉണ്ടാവും. മൂന്നില്‍ ഒന്ന് പാര്‍ട്ടിക്കായി വെക്കുന്നത് നിന്നെ സെയ്ഫ് ആക്കാനാണ്.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പാര്‍ട്ടിയിലെ കളിക്കാര്‍ ആരാണെന്ന് അറിയില്ലേ, അതിനാണ് മൂന്നില്‍ ഒന്ന് പാര്‍ട്ടിക്കാര്‍ക്കു കൊടുക്കുന്നത്. നിന്നെ പ്രൊട്ടക്ട് ചെയ്യാനാണ്. പൊട്ടിച്ചതിന് പിന്നില്‍ ഷാഫിക്കയും ടീമും ആണെന്ന് അറിഞ്ഞാല്‍ പിന്നെ അന്വേഷണം ഉണ്ടാവില്ല. ഒറ്റയ്ക്കാണെന്ന് അറിഞ്ഞാല്‍ മാസങ്ങള്‍ കഴിഞ്ഞാലും നിന്നെ പിന്തുടരും. പാര്‍ട്ടിക്കുള്ളില്‍നിന്ന് വിളിച്ചുപറയും നമ്മളാണ് എടുത്തത് എന്ന് പറ്റിപ്പോയി എന്ന്. അതുകൊണ്ട് ബേജാറാവേണ്ട. നാലുമാസത്തിനുള്ളില്‍ ഒരുപാട് ഗെയിം നടന്നിട്ടുണ്ട്.
ഒരു പ്രശ്നവും ഇല്ല. ഒരു ഓണറും പിന്നാലെ വരില്ല. തന്നുവിടുന്നവര്‍ നല്ല സാമ്പത്തികം ഉള്ളയാള്‍ ആണെങ്കില്‍ ഒറ്റത്തവണ കോള്‍ ചെയ്യും. അല്ലെങ്കില്‍ നാട്ടില്‍ വന്നിട്ട് ഓന്റെ സുഹൃത്തുക്കളോട് അന്വേഷിക്കും. പത്ത്, പന്ത്രണ്ട് ദിവസം സാധനം നമ്മുടെ അടുത്തായാല്‍ കിട്ടൂലാന്ന് അറിഞ്ഞാല്‍ ഒഴിവാക്കും. അതിനിടയ്ക്ക് എന്തുചെയ്യും. അതിനാണ് പാര്‍ട്ടിക്കാരെ വെക്കുന്നത്. ഇത്രമാത്രം പറയും ബോസേ, നമ്മുടെ പിള്ളാരാ എടുത്തത്, അതിന്റെ ഭാഗമായി ബുദ്ധിമുട്ടിക്കല്‍ ഉണ്ടായാല്‍ ഈയൊരു രീതിയില്‍ ആവില്ല ബന്ധപ്പെടല്‍. അതോടെ ബുദ്ധിമുട്ടിക്കില്ല.
നേരെ മറിച്ച് നീ അത് ഒറ്റയ്ക്കാണ് കൊണ്ടുപോകുന്നതെങ്കില്‍ മൂന്നും നാലും മാസം കഴിഞ്ഞാലും നിന്നെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. പാര്‍ട്ടിക്കകത്തുനിന്ന് വിളിച്ചുപറയും. നമ്മുടെ അടുത്തുനിന്ന് പറ്റിപ്പോയി നമ്മുടെ പിള്ളേരാണെന്ന്. അതുകൊണ്ട് ബേജാറാകേണ്ട ആവശ്യമില്ല. ഇത് നടക്കാത്തതൊന്നുമല്ല. ഒരുപാട് ഗെയിം നടന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.