കാന്‍ബറ: ഓസ്‌ട്രേലിയയിലെ കത്തോലിക്കാ സഭയ്ക്ക് രാജ്യത്തെ പാര്‍ലമെന്റിന്റെ ആദരം. കഴിഞ്ഞ രണ്ടു നൂറ്റാണ്ടായി സഭ രാജ്യത്ത് വിജയകരമായി നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് പ്രമേയത്തിലൂടെ കഴിഞ്ഞദിവസം അനുമോദിച്ചു.
1820 ഒക്ടോബറിലാണ് കത്തോലിക്ക സഭ ഓസ്‌ട്രേലിയയില്‍ ആദ്യമായി സ്‌കൂള്‍ ആരംഭിച്ചത്. പരമറ്റയിലെ ഹണ്ടര്‍ സ്ട്രീറ്റില്‍ തുടങ്ങിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് ഇരുനൂറാം വര്‍ഷത്തില്‍ എത്തിനില്‍ക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പാര്‍ലമെന്റിന്റെ അനുമോദനം.
പരമറ്റ എം.പി ജൂലി ഓവന്‍സ് അവതരിപ്പിച്ച പ്രമേയം മറ്റ് അഞ്ചംഗങ്ങള്‍ ചേര്‍ന്ന് പാര്‍ലമെന്റില്‍ പിന്താങ്ങി. അത്യധികം അഭിമാനത്തോടെയാണ് പാര്‍ലമെന്റിനു മുന്നില്‍ പ്രമേയാവതരണത്തിനായി എത്തിയതെന്ന മുഖവുരയോടെയായിരുന്നു ജൂലി ഓവന്‍സിന്റെ തുടക്കം. ആധുനിക ഓസ്‌ട്രേലിയയുടെ ചരിത്രത്തോടു ചേര്‍ന്നുകിടക്കുന്ന രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരമറ്റയില്‍ മാത്രമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് നൂറ്റാണ്ട് പിന്നിടുന്ന ഈ ഘട്ടത്തില്‍ ഓസ്‌ട്രേലിയയിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും ജീവനക്കാരെയും അനുമോദിക്കുന്നു. വരുംകാലങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കത്തോലിക്കാ സഭയ്ക്ക് കഴിയട്ടെയെന്നും ജൂലി ഓവന്‍സ് ആശംസിച്ചു.
കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളിലൂടെയാണ് രാജ്യത്ത് വിദ്യാഭ്യാസ രംഗത്ത് കാര്യമായ പുരോഗതിയുണ്ടായതെന്ന് ബെറോവ എം.പി ജൂലിയന്‍ ലീസര്‍ പറഞ്ഞു. പളളിക്കൂടങ്ങള്‍ക്ക് പുറമേ, ചാരിറ്റി സ്‌കൂളുകളും തുടങ്ങിയതോടെ സമൂഹത്തിലെ എല്ലാം വിഭാഗം ആളുകള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാനായി. മഹത്തായ ഈ പാരമ്പര്യം ഓസ്‌ട്രേലിയയുടെ ചരിത്രത്തിന്റെ സുപ്രധാന ഏടാണ്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് രാജ്യത്ത് സാമൂഹിക ഉന്നമനത്തിന് വഴിതെളിഞ്ഞത്.
കത്തോലിക്ക സഭയുടെ പരമറ്റയിലെ സ്‌കൂളിന്റെ 1900-കളിലെ ചിത്രം
കഴിഞ്ഞ ഇരൂനൂറു വര്‍ഷത്തിനുള്ളില്‍ ഓസ്‌ട്രേലിയയിലെ ലക്ഷക്കണക്കിന് ആളുകളാണ് കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി പഠിച്ചിറങ്ങിയതെന്ന് ഹോള്‍ട്ട് എംപി ആന്റണി ബൈറണ്‍ പറഞ്ഞു. വിശ്വാസത്തിലും മൂല്യങ്ങളിലും അധിഷ്ടിതമായ വിദ്യാഭ്യാസമാണ് ഈ സ്ഥാപനങ്ങളില്‍നിന്ന് സമൂഹത്തിന് ഉറപ്പാക്കുന്നത്. വിദ്യാഭ്യാസം എന്നാല്‍ വ്യക്തിയുടെ രൂപകരണമാണെന്ന് സഭാ സ്ഥാപനങ്ങള്‍ തെളിയിക്കുന്നുവെന്നും ആന്റണി ബൈറണ്‍ പറഞ്ഞു.
രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് കത്തോലിക്കാ സ്ഥാപനങ്ങളുടെ പങ്കാളിത്തം അഭിനന്ദനീയമെന്ന് പ്രമേയത്തെ പിന്തുണച്ച ബെന്നലോങ് എംപി ജോണ്‍ അലക്‌സാണ്ടര്‍ പറഞ്ഞു. രണ്ടു നൂറ്റാണ്ടായി തുടരുന്ന സേവനമാണിത്. രാജ്യത്തെ ശരാശരി അഞ്ച് വിദ്യാര്‍ഥികളില്‍ ഒരാള്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്നവരാണ്. വിദ്യാഭ്യാസ രംഗത്ത് സഭാ സ്ഥാപനങ്ങളുടെ പങ്കാളിത്തം പുതുതലമുറയുടെ ഭാവി കൂടുതല്‍ ശോഭനമാക്കുമെന്ന് ജോണ്‍ അലക്‌സാണ്ടര്‍ പറഞ്ഞു.
സമൂഹത്തില്‍ സമത്വം ഉറപ്പാക്കുന്നു എന്നതാണ് കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ പ്രത്യേകതയെന്ന് ലാലോര്‍ എം.പി ജൊവാന്‍ റയാന്‍ പറഞ്ഞു. വിശ്വാസത്തില്‍ അധിഷ്ടിതമായ ഈ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യനീതി കൂടി ഉറപ്പാക്കുന്നതാണ്.
കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇരുനൂറു വര്‍ഷത്തെ ചരിത്രം രാജ്യത്തിന്റെ പുരോഗതിയുടെ ചരിത്രം കൂടിയാണെന്ന് ഗോള്‍ഡ് സ്റ്റെയിന്‍ എം.പി ടിം വില്‍സണ്‍ പ്രമേയത്തെ പിന്തുണച്ച് പറഞ്ഞു. കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ പറഞ്ഞയച്ച മാതാപിതാക്കളെക്കൂടി അഭിനന്ദിക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയയുടെ മതപരവും സാംസ്‌കാരികവുമായുളള പാരമ്പര്യത്തില്‍ ഊന്നിയാണ് ഈ വിദ്യാഭ്യാസ രീതി എന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു
ഐറിഷ് കത്തോലിക്കാ വൈദികനായിരുന്ന ജോണ്‍ ടെറിയാണ് 1820-ല്‍ ഓസ്‌ട്രേലിയയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഹണ്ടര്‍ സ്ട്രീറ്റിലുളള പരമറ്റയിലെ ആദ്യ സ്‌കൂളില്‍ 31 പേരാണ് പഠിക്കാനെത്തിയത്. നിലവില്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന സെന്റ് പാട്രിക് കത്തീഡ്രലിന് അടുത്തേക്ക് 1837-ലാണ് മാറ്റി സ്ഥാപിച്ചത്. പരമറ്റ മാരിസ്റ്റ് ഹൈസ്‌കൂളിനു പിന്നാലെ സെന്റ് പാട്രിക്‌സ് പ്രൈമറിയും ആരംഭിച്ചു.
ഓസ്‌ട്രേലിയയുടെ ഇരുനൂറ് വര്‍ഷത്തെ ചരിത്രവും പാരമ്പര്യവുമായി ഇഴകലര്‍ന്നു കിടക്കുന്നതാണ് ഇവിടുത്തെ കത്തോലിക്കാ വിദ്യാഭ്യാസ പ്രവര്‍ത്തനവും. പരമറ്റ രൂപതയിലെ കത്തോലിക്ക വിദ്യാഭ്യാസ പ്രവത്തനങ്ങളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗ്രെഗ് വിറ്റ്ബിയും മറ്റ് ചുമതലക്കാരും ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷികളായി എത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.