കാനഡയിലെ തദ്ദേശീയ ജനതയ്ക്ക് ആശ്വാസമേകാൻ ഫ്രാൻസിസ് പാപ്പായുടെ കൂടിക്കാഴ്ച

കാനഡയിലെ  തദ്ദേശീയ ജനതയ്ക്ക് ആശ്വാസമേകാൻ ഫ്രാൻസിസ് പാപ്പായുടെ കൂടിക്കാഴ്ച

വത്തിക്കാൻ സിറ്റി: ദൈവാലയങ്ങൾക്കെതിരായ ആക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കാനഡയിലെ തദ്ദേശീയ ജനതയുടെ പ്രതിനിധിസംഘത്തെ ഫ്രാൻസിസ് പാപ്പ നേരിൽ കാണും. കാനഡയിലെ തദ്ദേശീയർക്കായി കത്തോലിക്കാ സഭ നടത്തിയിരുന്ന റസിഡൻഷ്യൽ സ്‌കൂളിൽനിന്ന് കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ദൈവാലയങ്ങൾക്കെതിരായ ആക്രമങ്ങൾ അഴിച്ചുവിട്ടത്.

എന്നാൽ അതിവൈകാരികമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന തദ്ദേശീയ ജനതയ്ക്ക് ആശ്വാസമേകാനും അവരുമായുള്ള ആശയസംവാദം പൂർവാധികം ശക്തമാക്കാനും പാപ്പയുടെ ഈ കൂടിക്കാഴ്ച സഹായിക്കുമെന്നാണ് വിലയിരുത്തലുകൾ.

തദ്ദേശീയ ജനതയുടെ നേതൃനിരയിലുള്ളവർ, ഗോത്രസഭാ തലവന്മാർ, മരണപ്പെട്ട കുട്ടികളുടെ ബന്ധുക്കൾ, യുവജനങ്ങൾ എന്നിവരുൾപ്പെട്ട സംഘത്തെയാണ് ഡിസംബറിൽ കനേഡിയൻ ബിഷപ്പുമാർക്കൊപ്പം ഫ്രാൻസിസ് പാപ്പ സന്ദർശിക്കുന്നത്. കനേഡിയൻ മെത്രാൻ സമിതി പ്രസ്താവനയിലാണ് ഈ കാര്യം അറിയിച്ചത്.

പ്രവർത്തനം നിറുത്തിയ റസിഡൻഷ്യൽ സ്‌കൂളിൽനിന്ന് 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെ, ഫ്രാൻസിസ് പാപ്പയുമായുള്ള കൂടിക്കാഴ്ച സഭാനേതൃത്വം പ്രഖ്യാപിച്ചിരുന്നു.

കുട്ടികളുടെ കല്ലറകൾ കണ്ടെത്തിയെന്ന വാർത്ത അറിഞ്ഞ്, ആഞ്ചലൂസ് പ്രാർത്ഥനയ്ക്കിടെ പാപ്പ ദുഃഖം രേഖപ്പെടുത്തിയിരുന്നു. തദ്ദേശീയരെ നേരിൽ ശ്രവിക്കാനും തന്റെ ഹൃദയസാമീപ്യം അവരെ അറിയിക്കാനും മാത്രമല്ല, കോളനിവൽക്കരണത്തിന്റെ സ്വാധീനത്തെയും റസിഡൻഷ്യൽ സ്‌കൂൾ സമ്പ്രദായത്തിൽ സഭയുടെ പങ്കിനെയും കുറിച്ച് പങ്കുവെക്കാനും പാപ്പ പ്രതിജ്ഞാബദ്ധനാണെന്നും കനേഡിയൻ ബിഷപ്പുമാർ പറഞ്ഞു.

അതേസമയം ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്‌സ് റസിഡൻഷ്യൽ സ്‌കൂളിൽനിന്ന് പിഞ്ചുകുഞ്ഞുങ്ങളുടേത് ഉൾപ്പെടെ 215 കുട്ടികളുടെ മൃതശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഇതിന്റെ നടുക്കം മാറും മുമ്പേയാണ് സസ്‌കെച്ച്‌വാൻ പ്രവിശ്യയിലെ മാരീവൽ റസിഡൻഷ്യൽ സ്‌കൂളിനോടു ചേർന്ന് 751 കല്ലറകൾ കൂടി കണ്ടെത്തിയത്.

എന്നാൽ സഭയുടെ മേൽനോട്ടത്തിലുള്ള റസിഡൻഷ്യൽ സ്‌കൂളുകളിൽ കുട്ടികളെ പീഡിപ്പിച്ചുകൊന്നു എന്ന വിധത്തിൽ ഇപ്പോൾ നടക്കുന്ന ആക്രമങ്ങൾക്ക് പിന്നിൽ ഗൂഡലക്ഷ്യങ്ങളുണ്ടെന്നും വിലയിരുത്തലുകളുണ്ട്.

ഗോത്രജനതയെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 1840മുതൽ 1990വരെ കനേഡിയൻ ഭരണകൂടം നടപ്പാക്കിയ റസിഡൻഷ്യൽ സ്‌കൂൾ പദ്ധതിയെ കുറിച്ച് വളരെ മുമ്പുതന്നെ ആക്ഷേപമുണ്ടായിരുന്നു. ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോയി സ്‌കൂളുകളിൽ പാർപ്പിക്കുകയും സാംസ്‌കാരിക വംശഹത്യ നടത്തുകയായിരുന്നുവെന്നും കണ്ടെത്തിയതിനെ തുടർന്ന് ഇത്തരം സ്‌കൂളുകൾ നടത്തിയതിന് 2008ൽ ഭരണകൂടം രാജ്യത്തോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.