അബുദാബി
: ഹെലികോപ്റ്റർ അപകടത്തില്‍ തനിക്ക് രക്ഷകരായവരെ കാണാനായി കേരളത്തിലെത്തുമെന്ന് എം എ യൂസഫലി. അപകടത്തിന് ശേഷമുളള വിശ്രമത്തിലാണ് താനിപ്പോള്‍, ഒരു മാസത്തിനകം പൂർണ ആരോഗ്യം വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ. അതിന് ശേഷം അവരെ കാണാനായി പോകും. മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ മീഡിയ മജ്ലിസില്‍ സംസാരിക്കുകയായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാന്‍. വിവിധ വിഷയങ്ങളില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
കിറ്റെക്സ് കേരളം വിട്ടുപോകരുതെന്നതാണ് നിലപാട്
3500 കോടിയെന്നല്ല, ഒരു കോടി ഏത് ചെറിയ നിക്ഷേപം നടത്തുന്നവരായാലും കേരളം വിട്ടുപോകരുതെന്നാണ് തന്റെ നിലപാട്. സർക്കാരും കിറ്റെക്സുമായി വിഷയം ചർച്ചചെയ്ത് ഇരുവർക്കും സ്വീകാര്യമായ ഒരു പരിഹാരത്തിലെത്തിച്ചേരുമെന്നാണ് കരുതുന്നത്. കിറ്റെക്സ് എം ഡി സാബു ജേക്കബുമായി ഇതുസംബന്ധിച്ച ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡില്‍ മരിച്ച പ്രവാസികളുടെ പേരും ഉള്‍പ്പെടുത്താന്‍ ശ്രമിക്കും
കോവിഡില്‍ മരിച്ച പ്രവാസികളുടെ പേരും നഷ്ടപരിഹാരത്തിനായുളള സർക്കാർ കണക്കില്‍ ഉള്‍പ്പെടുത്താനായി ശ്രമിക്കും. ഇതുമായി ബന്ധപ്പെട്ട് നോർക്കയുമായും മുഖ്യമന്ത്രിയുമായും ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിക്ക് കൈത്താങ്ങാകും.
സംസ്ഥാന സർക്കാരിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതിയുമായി സഹകരിക്കും. ലാപ്ടോപ് ഉള്‍പ്പെടെ കുട്ടികള്‍ക്ക് പഠിക്കാനവശ്യമായ സാധന സാമഗ്രികള്‍ എത്തിക്കുന്നതില്‍ തന്റെ വ്യക്തിപരമായ സഹായവും ലുലു ഗ്രൂപ്പിന്റെ സഹായവുമുണ്ടാകും. കോവിഡിന്റെ രണ്ടാം തരംഗം വന്നതിനുപിന്നാലെ സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് അശരണരായവർക്കായി നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ചുരുങ്ങിയ കാലത്തിനുളളില്‍ പണിപൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
കൂടുതല്‍ ലുലുമാളുകള്‍, കേരളത്തില്‍ കോഴിക്കോട്ടുമെത്തും ലുലുമാള്‍
കോവിഡിന്റെ പ്രതിഫലനങ്ങള്‍ എല്ലായിടത്തുമുണ്ട്. എന്നാല്‍ കോവിഡിന്റെ കാലഘട്ടത്തിലും 26 സൂപ്പർ ഹൈപ്പർ മാർക്കറ്റുകള്‍ തുടങ്ങാന്‍ ലുലുഗ്രൂപ്പിന് സാധിച്ചു. 57950 ജീവനക്കാരാണ് ലുലുഗ്രൂപ്പിനുളളത്. ഇതില്‍ 29460 പേർ കേരളത്തില്‍ നിന്നുളളവരാണ്. ഒന്നരവർഷത്തിനുളളില്‍ 30 ഹൈപ്പർമാർക്കറ്റുതുടങ്ങാനാണ് പദ്ധതിയിടുന്നത്. ഇ കൊമേഴ്സ് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്തേയും ലക്നൗവിലേയും ജമ്മുകശ്മീരിലേയും ലുലു മാളുകളാണ് ഇനി ഉദ്ഘാടനം ചെയ്യാനുളളത്. കോട്ടയത്തും കോഴിക്കോടും തൃശൂരും ലുലുമാള്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
യാത്രാവിലക്ക്, രാജ്യത്തിന്റെ ആരോഗ്യസുരക്ഷയിലെ തീരുമാനം
ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുളള യാത്രാവിലക്കുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. യുഎഇയുടെ ആരോഗ്യമന്ത്രാലയങ്ങള്‍ ഇവിടെയുളളവരുടെ സുരക്ഷ കണക്കിലെടുത്താണ് ഓരോ തീരുമാനവും എടുക്കുന്നത്. ഓരോ രാജ്യത്തിന്റേയും സുരക്ഷയും ആരോഗ്യവും അതത് ഭരണകൂടങ്ങളുടെ കരുതലിന്റേ കൂടി പ്രതിഫലനമാണന്നും അദ്ദേഹം പ്രതികരിച്ചു. എക്സ്പോ 2020 ദുബായുടെ മുഖച്ഛായ മാറ്റും. ലുലുവിന്റെ പൂർണപങ്കാളിത്തം എക്സ്പോയില്‍ ഉണ്ടാകുമെന്നും എം എ യൂസഫലി വ്യക്തമാക്കി.
മനുഷ്യത്വം ലോകത്തിന് നഷ്ടമായിട്ടില്ലെന്ന ഓർമ്മപ്പെടുത്താലാണ്, വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബെക്സ് കൃഷ്ണന്റെ മോചനവുമായി വിഷയുമായി ബന്ധപ്പെട്ട വിഷയത്തിലെ പ്രതികരണമായി അദ്ദേഹം പറഞ്ഞത്.
എം എ യൂസഫലി വിമർശത്തിന് അതീതനല്ല. വിമർശിക്കാം. എന്നാല്‍ അകാരണമായ ലൈക്കിനുവേണ്ടിയുളള വിമർശനങ്ങള്‍ക്ക് ചെവികൊടുക്കാറില്ല, നിലപാട് വ്യക്തമാക്കിയാണ് എം എ യൂസഫലി മാധ്യമപ്രവർത്തകരുമായുളള സംഭാഷണം അവസാനിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.