കഥ: അടയാളങ്ങള്‍

കഥ: അടയാളങ്ങള്‍

കടല്‍ ശാന്തമായിരുന്നു… ആഴിയെ പുണര്‍ന്ന അസ്തമയ സൂര്യന്റെ ഓര്‍മ്മകള്‍ നല്‍കികൊണ്ട പൊന്‍ പ്രഭാകിരണങ്ങളും കുറഞ്ഞു കുറഞ്ഞ്‌ ഇല്ലാതായി.
ഞാന്‍ ഏകനായിരുന്നെങ്കിലും കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാനീ ചെറു താടിക്കാരനൊപ്പം നിഴല്‍ പോലെയുണ്ട്‌. എന്തോ ഒരു വേദന ഉള്ളില്‍ പേറുന്ന തോമസിനോട്‌ എന്തോ ഒരടുപ്പം തോന്നിയപോലെ... തോമസിന്റെ ഉള്ളിലെ ആര്‍ത്തിരമ്പുന്ന തിരയടിപോലെയുള്ള ചിന്തകളുടെ മാനം എന്നെയും അസ്വസ്ഥനാക്കുന്നുണ്ട്‌.

ആഴ്ചയുടെ ആദ്യ ദിവസമായിരുന്നു.....ഏറെ വൈകി മണല്‍ത്തരികളെ തട്ടിമാറ്റി തോമസ്‌ എഴുന്നേറ്റ്‌ നടന്നപ്പോള്‍ ഞാനും കുടെക്കൂടി......
കഴിഞ്ഞ കുറേ ദിവസങ്ങളായി നിശബ്ദമായിരുന്നു ഭവനത്തോടടുത്തപ്പോള്‍ വലിയ സംസാരം കേട്ടത്‌ അത്ഭുതം വിടര്‍ത്തി.

അകത്തേയ്ക്കു കയറുമ്പോള്‍ കൂട്ടുകാര്‍ പറയുന്നു. "തോമസ്‌ ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു...” തിരിഞ്ഞു അവരുടെ മുഖത്തേയ്ക്ക്‌ നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല... “സത്യമായിട്ടും കര്‍ത്താവ്‌ ഇവിടെ വന്നിരുന്നു"

അല്പനേരത്തെ മൌനത്തിന്‌ വിരാമമിട്ട എന്തോ ഓര്‍ത്ത്‌ ഉറപ്പിച്ചതുപോലെ പറഞ്ഞു. "ഞാനും കാണട്ടെ. കൈകളിലെ ആണിപ്പഴുതുകളിലും പാര്‍ശ്വത്തിലും എന്റെ കൈകള്‍ വെയ്ക്കാനായാല്‍ ഞാന്‍ വിശ്വസിക്കാം..." പിന്നെ അധികമൊന്നും പറയാതെ മുറിയിലേയ്ക്ക്‌ കയറി... കിടക്കയില്‍ ചാരികിടന്ന്‌ ദീര്‍ഘമായ ആലോചനയിലേയ്ക്ക്‌ മനസിനെ അഴിച്ചുവിട്ടു....

ദിവസങ്ങള്‍ ഒന്നുരണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ പുറത്തേയ്ക്കിറങ്ങി. തോമസിന്റെ നിശബ്ദതയും ആലോചനയും എന്നെ എന്തോ മുഷിപ്പിച്ചതുപോലെ... കടല്‍ തീരത്തെ ശാന്തതയില്‍ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോള്‍ തോമസിന്റെ ആലോചന നിറഞ്ഞ മുഖം ഇടയ്ക്കിടെ കടന്നുവന്നു.

എട്ടാംദിവസം തെരുവിലൂടെ ഞങ്ങള്‍ നടക്കുമ്പോഴാണ്‌ പഴവര്‍ഗ്ഗങ്ങള്‍ വില്‍ക്കുന്ന ഒരു അമ്മയെയും മകളെയും ഞങ്ങള്‍ കണ്ടത്‌. ആ പെണ്‍കുട്ടിയുടെ നിഷ്ടളങ്കതയും, ദൈന്യതയും കലര്‍ന്ന മുഖം കണ്ടപ്പോള്‍ എന്തെങ്കിലും വാങ്ങി അവരെ സഹായിച്ചാലോ എന്ന്‌ മനസ്സ്‌ പറഞ്ഞു.

കുറച്ച്‌ പഴം വാങ്ങി പണം കൊടുക്കുമ്പോഴാണ്‌ ആ അമ്മയുടെ കൈകള്‍ ശ്രദ്ധിച്ചത്‌. സാധാരണമല്ലാത്ത തരത്തിലുള്ള ആ കൈകളുടെ കാഴച മനസ്സില്‍ നോവോ, അതോ ഇഷ്ടക്കേടോ... എന്താണാവോ തോന്നിച്ചത്‌. ബാക്കി നല്‍കാനായി ആ അമ്മ നാണയ തുട്ടുകള്‍ പെറുക്കി.. പക്ഷെ തികയുന്നില്ല. "നിങ്ങള്‍ ഇവിടെ ഉണ്ടാകുമോ അല്പസമയത്തിനകം ഞാന്‍ ബാക്കി നല്‍കാം...” ചെറിയ കച്ചവടം കിട്ടിയ സന്തോഷത്തിലായിരുന്നു അവര്‍.

അവരെ സഹായിക്കാനെന്നവണ്ണം ആളൊഴിഞ്ഞ ഒരു മരച്ചുവട്ടില്‍ ചാരിയിരുന്നു തോമസ്‌, ഒപ്പം ഞാനും നിഴലായി... ചെറിയൊരു മയക്കത്തില്‍ ആണ്ടുപോയ തോമസിനെ ആ പെണ്‍കുട്ടി നിഷ്കളങ്കമായ ചിരിയോടെ തട്ടിയുണര്‍ത്തിയപ്പോള്‍ ഞാനും ഉണര്‍ന്നു... അവളുടെ കുഞ്ഞ്‌ കൈവെള്ളയില്‍ കിട്ടാനുള്ള നാണയ തുട്ടുകള്‍...

പരിചിതരെപോലെയാണ്‌ അവള്‍ പെരുമാറിയത്‌. തോമസിന്റെ അരികില്‍ അവളിരുന്നു. വാങ്ങിയ പഴത്തിന്റെ ചരിത്രം, പിന്നെ വീടിന്റെ ദൈന്യത എല്ലാം അവള്‍ പങ്കുവെച്ചു. ഒരുവേള മടിച്ചിട്ടാണെങ്കിലും അവളോടു ചോദിച്ചു. "മോളുടെ അമ്മയുടെ കൈകള്‍ക്ക്‌ എന്തുപറ്റിയതാണ്‌?”

അതോ, ഞാന്‍ കുഞ്ഞായിരുന്ന സമയത്ത്‌ ഞാന്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന അവസരത്തില്‍ ഞങ്ങളുടെ വീടിന്‌ തീ പിടിച്ച ഒരു സംഭവം ഉണ്ടായി. ഓടിവന്ന 'അമ്മ മറ്റുള്ളവരുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ തീയ്ക്കുള്ളിലൂടെ വീടിനുള്ളില്‍ കയറി എന്നെയും ചേര്‍ത്തുപിടിച്ച്‌ വെളിയിലേക്ക്‌ ചാടി. അന്നത്തെ അപകടത്തില്‍ ഒരുപാട് പൊള്ളലേറ്റു അമ്മയ്ക്ക്‌... കൈകളാണ്‌ കൂടുതല്‍ പൊള്ളിയത്‌. ആ കൈകളെ എനിക്ക്‌ എന്തിഷ്ടമാണെന്നോ... ഞാനിന്ന്‌ ജീവനോടെ ഇരിക്കുന്നത്‌ ആ കൈകള്‍ മൂലമല്ലേ... മറ്റുള്ളവര്‍ക്കത്‌ ഇഷ്ടക്കേടോ, എന്തോ ആയിരുന്നാലും എനിക്ക്‌ പ്രിയപ്പെട്ടത്‌ തന്നെ...!!

പെണ്‍കുട്ടിയുടെ സംസാരം അകന്നകന്ന്‌ പോകുമ്പോള്‍ എന്തോ ഒരു പറഞ്ഞറിയിക്കാനാകാത്ത വികാരത്തിലായിരുന്നു ഞങ്ങള്‍. തോമസ്‌ ചാടിയെഴുന്നേറ്റു... ഭവനത്തിലേക്ക്‌ ഓടി. മുറി അടയ്ക്കും മുന്‍പ്‌ ഞാനും ഉള്ളിലേക്ക് ചാടി കടന്നു. കിതച്ചുകൊണ്ട്‌ നില്‍ക്കുന്ന തോമസിന്റെ ഭാവം കൂട്ടുകാരെ അത്ഭുതപ്പെടുത്തി...!

"തോമസ്‌ നിന്റെ വിരലുകള്‍ ഇവിടെ കൊണ്ടുവരിക, എന്റെ കൈകള്‍ കാണുക, നിന്റെ കൈ നീട്ടി എന്റെ പാര്‍ശ്വത്തില്‍ വെയ്ക്കുക”

പ്രകാശം തുളുമ്പിയ മുഖത്തോടെ തന്റെ നേരെ നോക്കുന്ന ഗുരുവിന്റെ മുന്‍പില്‍ “എന്റെ
കര്‍ത്താവേ, എന്റെ ദൈവമേ...” എന്ന്‌ പറഞ്ഞ്‌ പൂര്‍ത്തിയാക്കി വാവിട്ടു കരയുന്ന തോമസിനൊപ്പം ഞാനും കരഞ്ഞു തുടങ്ങി...


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26