സ്​പുട്​നിക്​ വാക്​സിന്‍: പനേഷ്യ ബയോടെക്കിന്​ ഡിസിജിഐ ലൈസന്‍സ്

സ്​പുട്​നിക്​ വാക്​സിന്‍: പനേഷ്യ ബയോടെക്കിന്​ ഡിസിജിഐ ലൈസന്‍സ്

ന്യൂഡല്‍ഹി: കോവിഡ്​ വാക്​സിനായ റഷ്യയുടെ സ്​പുട്​നിക്​ വി ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതിന്​ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ പനേഷ്യ ബയോടെക്കിന്​ ദി ഡ്രഗ്​സ്​ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്​ ഇന്ത്യയുടെ (ഡി.സി.ജി.ഐ) ലൈസന്‍സ്​. സ്പുട്​നിക്​ വാക്​സിന്‍ പ്രാദേശികമായി ഉല്‍പാദിപ്പിക്കാന്‍ ലൈസന്‍സ്​ ലഭിക്കുന്ന ആദ്യ കമ്പനിയാണ്​ പനേഷ്യ.
വാക്സിന്റെ അന്താരാഷ്​ട്ര ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും ചുമതലയുള്ള റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്റ്​ ഫണ്ടുമായി (ആര്‍.ഡി.ഐ.എഫ്​) സ്​പുട്​നിക്​ ഉല്‍പാദനത്തില്‍ പങ്കാളിയായ ആറ്​ കമ്പനികളില്‍ ഒന്ന്​ പനേഷ്യ ബയോടെക്​ ആണ്​.

ഗമലേയ സെന്ററിലെ എല്ലാ ഗുണനിലവാര പരിശോധനകളും വിജയകരമായി പിന്നിട്ട വാക്​സിന്‍ ഹിമാചല്‍ പ്രദേശിലെ കസോളിയിലുള്ള സെന്‍ട്രല്‍ ഡ്രഗ്​ ലബോറട്ടറിയിലെ പരിശോധനകളും വിജയിച്ചിരുന്നു. ഈ പരീക്ഷണ വിജയങ്ങളും ഇപ്പോള്‍ ലഭിച്ച ഡി.സി.ജി.ഐ ലൈസന്‍സും കമ്പനിക്ക്​ ലഭിച്ച മികച്ച അംഗീകാരമാണെന്ന് പനേഷ്യ ബയോടെക്​ മാനേജിങ്​ ഡയറക്​ടര്‍ രാജേഷ്​ ​ജെയ്​ന്‍ പറഞ്ഞു.

പ്രതിവര്‍ഷം 100 മില്യണ്‍ ഡോസുകള്‍ ഉല്‍പാദിപ്പിക്കാനാണ്​ ആര്‍.ഡി.ഐ.എഫുമായി ധാരണയായിരിക്കുന്നതെന്ന്​ പനേഷ്യ വൃത്തങ്ങള്‍ അറിയിച്ചു. ​സ്​പുട്​നിക്​ വാക്സിന്റെ വിതരണത്തിന്​ ആര്‍.ഡി.ഐ.എഫുമായി ധാരണയുണ്ടാക്കിയിരിക്കുന്ന ഡോ.​ റെഡ്ഡീസ്​ ലബോറട്ടറി വഴിയായിരിക്കും പനേഷ്യ ഉല്‍പാദിപ്പിക്കുന്ന വാക്​സിനും വിതരണം ചെയ്യുക. 250 മില്യണ്‍ ഡോസുകള്‍ വിതരണം ചെയ്യുന്നതിനാണ്​ ഡോ. റെഡ്ഡീസ്​ ലബോറട്ടറിയും ആര്‍.ഡി.ഐ.എഫും ധാരണയായിരിക്കുന്നത്​.

ഏപ്രില്‍ 12നാണ് സ്പുട്നിക് വിക്ക് ഇന്ത്യ അടിയന്തര ഉപയോഗ അനുമതി നല്‍കിയത്. മേയ്​ 14 മുതല്‍ ഈ വാക്സിന്‍ ഇന്ത്യയില്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുമുണ്ട്​. വിശാഖപട്ടണം, ബംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ സ്​പുട്​നിക്​ വാക്​സിന്‍ നല്‍കുന്നുണ്ട്​. 67 രാജ്യങ്ങളാണ്​ സ്​പുട്​നിക്​ വാക്​സിന്‍ ഉപയോഗത്തിന്​ അനുമതി നല്‍കിയിരിക്കുന്നത്​. രണ്ട്​ ഡോസ്​ സ്പുട്നിക്​ വാക്​സിന്‍ എടുക്കുന്നത്​ കോവിഡ്​ പ്രതിരോധത്തില്‍ 91.6 ശതമാനം വിജയകരമാണെന്നാണ്​ ഗമലേയ സെന്റര്‍ അവകാശപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.