മയാമി ദുരന്തം: കെട്ടിടം നിയന്ത്രിത സ്ഫോടനത്തിലൂടെ പൂര്‍ണമായി പൊളിച്ചു; മരണസംഖ്യ 24 ആയി

മയാമി ദുരന്തം:  കെട്ടിടം നിയന്ത്രിത സ്ഫോടനത്തിലൂടെ പൂര്‍ണമായി പൊളിച്ചു; മരണസംഖ്യ 24 ആയി

വാഷിങ്ടണ്‍: യു.എസ് സംസ്ഥാനമായ ഫ്ളോറിഡയിലെ മയാമി ബീച്ചിനു സമീപം വന്‍ ദുരന്തത്തിനിടയാക്കിയ 12 നില കെട്ടിടം നിയന്ത്രിത സ്ഫോടനത്തിലൂടെ പൂര്‍ണമായും തകര്‍ത്തു. ഞായറാഴ്ച്ച രാത്രി പത്തരയോടെയാണ് ഭാഗികമായി തകര്‍ന്ന കെട്ടിടം പൂര്‍ണമായി പൊളിച്ചത്. എല്‍സ കൊടുങ്കാറ്റ് വീശുമെന്ന മുന്നറിയിപ്പിനെതുടര്‍ന്നാണ് അധികൃതരുടെ തീരുമാനം.

കെട്ടിടം തകര്‍ക്കുന്നതിനു മുന്നോടിയായി ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ശനിയാഴ്ച്ച വൈകിട്ട് നാലു മണിയോടെ നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് പ്രദേശം സുരക്ഷിതമാക്കിയ ശേഷം ഞായറാഴ്ച്ച കെട്ടിടം പൂര്‍ണമായി തകര്‍ത്തു. അപകടത്തില്‍പെട്ടവരെ കണ്ടെത്താനും രക്ഷാപ്രവര്‍ത്തകരുടെ സുരക്ഷിതത്വം കണക്കിലെടുത്തും അപകടാവസ്ഥയിലായ കെട്ടിടം തകര്‍ക്കേണ്ടത് അനിവാര്യമാണെന്ന നിഗമനത്തിലാണ് അധികൃതര്‍ ഈ തീരുമാനമെടുത്തത്. ചൊവ്വാഴ്ച്ച എല്‍സ കൊടുങ്കാറ്റ് തീരം തൊടുമെന്നാണ് മുന്നറിയിപ്പുള്ളത്.

പൊളിക്കലിനു മുന്നോടിയായി സമീപവാസികളോടു വീടുകളില്‍തന്നെ കഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കെട്ടിടം പൊളിക്കുമ്പോള്‍ തെറിക്കുന്ന കെട്ടിടാവശിഷ്ടങ്ങളും ഉയരുന്ന പൊടിപടലങ്ങളും ബാധിക്കാതിരിക്കാനാണ് വീടിനു പുറത്തിറങ്ങരുതെന്ന നിര്‍ദേശം നല്‍കിയത്.

ദുരന്തത്തില്‍ കാണാതായ 121 പേര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പുനഃരാരംഭിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും ഇതുവരെ 24 പേരുടെ മൃതദേഹമാണ് കണ്ടത്തിയത്.  രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ മണിക്കൂറുകളിലൊഴിച്ചാല്‍ ആരെയും ജീവനോടെ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

ജൂണ്‍ 25ന് പുലര്‍ച്ചെയാണ് 12 നിലകളുള്ള പാര്‍പ്പിട സമുച്ചയത്തിലെ 136 യൂണിറ്റുകളില്‍ പകുതിയോളം തകര്‍ന്നു വീണത്.
40 വര്‍ഷം പഴക്കമുള്ള കെട്ടിടം കുറെ വര്‍ഷമായി അല്‍പാല്‍പം താഴുന്നുണ്ടായിരുന്നുവെന്നു വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.  കടല്‍ത്തീരമായതിനാല്‍ തുരുമ്പ് സാധ്യതയും കൂടുതലാണ്.

തകര്‍ച്ചയ്ക്ക് കാരണമായത് എന്താണെന്ന് എന്‍ജിനീയര്‍മാര്‍ പരിശോധിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം നിര്‍ണയിക്കാന്‍ സമയമെടുക്കുമെന്ന് ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇവിടെ താമസിച്ചിരുന്നത്. കുടുംബങ്ങളാണ് കൂടുതലും അപകടത്തില്‍പെട്ടത്. അമേരിക്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ കെട്ടിട ദുരന്തമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.