ബോട്‌സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ രൂപതയ്ക്ക് പുതിയ ഇടയന്‍; ഫാ. ആന്റണി പാസ്‌കല്‍ റിബല്ലോ പുതിയ മെത്രാന്‍

ബോട്‌സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ രൂപതയ്ക്ക് പുതിയ ഇടയന്‍; ഫാ. ആന്റണി പാസ്‌കല്‍ റിബല്ലോ പുതിയ മെത്രാന്‍

ഹാബറോണി: ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ രൂപതയുടെ പുതിയ ബിഷപ്പായി ഇന്ത്യന്‍ വംശജനായ ഫാ. ആന്റണി പാസ്‌കല്‍ റിബല്ലോ നിയമിതനായി. ഫ്രാന്‍സിസ് പാപ്പായുടെ അനുമതിയോടെ തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനില്‍ നിന്നുണ്ടായത്. നിലവില്‍ മോഗോഡിറ്റ്‌സാനെയിലെ ഹോളി ക്രോസ് പള്ളിയില്‍ വൈദികനായി സേവനമനുഷ്ഠിക്കുകയായിരുന്നു ഫാ. ആന്റണി പാസ്‌കല്‍. മെത്രാഭിഷേക ചടങ്ങള്‍ക്കുള്ള തീയതി പിന്നീടു പ്രഖ്യാപിക്കും. ഇതോടൊപ്പം ഹാബറോണി രൂപതയുടെ ബിഷപ്പായ ഫ്രാങ്ക് നുബാസ ആര്‍ച്ച് ബിഷപ്പായും ചുമതലയേല്‍ക്കും.

1950 മാര്‍ച്ച് 18-ന് കെനിയയിലെ നെയ്‌റോബിയിലാണ് ഫാ. ആന്റണി പാസ്‌കല്‍ റിബല്ലോയുടെ ജനനം. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഇന്ത്യയിലെ ഗോവയില്‍നിന്ന് ആഫ്രിക്കയിലേക്കു കുടിയേറിയതാണ്. ആറു വയസു മുതല്‍ ഇന്ത്യയിലായിരുന്നു ഫാ. ആന്റണിയുടെ വിദ്യാഭ്യാസം. 1969-ല്‍ സൊസൈറ്റി ഓഫ് ദ ഡിവൈന്‍ വേഡില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ പൂനെയില്‍ ഡിവൈന്‍ വേഡ് സെമിനാരിയിലായിരുന്നു വൈദിക പഠനം. ബി.എഡ് അടക്കമുള്ള ബിരുദങ്ങളും സ്വന്തമാക്കി.

1977 മേയ് 10-ന് ഗോവയില്‍ വച്ച് വൈദികനായി തിരുപ്പട്ടം സ്വീകരിച്ചു. തുടര്‍ന്ന് 1979 വരെ നാഗാലാന്‍ഡിലെ ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ചില്‍ സഹ വികാരിയായി സേവനം അനുഷ്ഠിച്ചു. 1979-ല്‍ റോമിലെത്തി. ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടി.

1981-ലാണ് മിഷണറി ദൗത്യവുമായി ബോട്‌സ്വാനയിലെത്തിയത്. തുടര്‍ന്ന് മൂന്നു വര്‍ഷം പലാപ്പെ ഇടവകയിലും 84 മുതല്‍ 87 വരെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി കെനിയയിലും പ്രവര്‍ത്തിച്ചു. 1987 മുതല്‍ 2000 വരെ വിവിധ പദവികളിലായി ആന്റിഗ്വയിലായിരുന്നു മിഷന്‍ ദൗത്യം. തുടര്‍ന്നുള്ള രണ്ടു വര്‍ഷങ്ങള്‍ ഇന്ത്യയിലും മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തി. 2003-ല്‍ ബോട്‌സ്വാനയില്‍ തിരിച്ചെത്തിയ ഫാദര്‍ ഹാബറോണി രൂപതയിലെ വിവിധ ഇടവകകളിലായി സേവനം ചെയ്തു വരികയായിരുന്നു.

43 വര്‍ഷത്തെ പൗരോഹിത്യ ശശ്രൂഷകള്‍ക്കൊടുവിലാണ് ഫാ. ആന്റണി പാസ്‌കല്‍ റിബെല്ലോയ്ക്ക് പുതിയ ദൈവ നിയോഗം. ആത്മീയ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ ആതുര ശുശ്രൂഷാ മേഖലയിലും സാമൂഹിക പ്രവര്‍ത്തന രംഗത്തും ഇക്കാലയളവില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഇംഗ്ലീഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, സെറ്റ്‌സ്വാന, സ്വാഹിലി, ഹിന്ദി എന്നിവയ്‌ക്കൊപ്പം മറ്റ് ഇന്ത്യന്‍ ഭാഷകളും അനായാസം കൈകാര്യം ചെയ്യാനും ഫാ. ആന്റണിക്കു സാധിക്കുന്നു.

എളിമയുടെ തിളങ്ങുന്ന അടയാളമായി മാറിയ അദ്ദേഹം ഇക്കാലയളവില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളിലേക്ക്് ഇറങ്ങിച്ചെന്നാണ് പ്രവര്‍ത്തിച്ചത്. ക്രിസ്തു കാണിച്ചുതന്ന സ്‌നേഹത്തിന്റെയും സഹനത്തിന്റെയും അതേവഴി തന്നെയാണ് നാലു പതിറ്റാണ്ടു നീളുന്ന പൗരോഹിത്യ ജീവിതത്തിലൂടെ ഫാ. ആന്റണി പാസ്‌കല്‍ റിബല്ലോയും പിന്തുടരുന്നത്. നിസ്വാര്‍ഥമായ ഈ സേവനത്തിനുള്ള അംഗീകാരം കൂടിയാണ് പുതിയ നിയോഗം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.