ഒളിമ്പിക്‌സില്‍ 472 അംഗ ഓസ്‌ട്രേലിയന്‍ ടീം; 16 തദ്ദേശീയരായ കായികതാരങ്ങളും

ഒളിമ്പിക്‌സില്‍ 472 അംഗ ഓസ്‌ട്രേലിയന്‍ ടീം; 16 തദ്ദേശീയരായ കായികതാരങ്ങളും

സിഡ്‌നി: ടോക്കിയോ ഒളിമ്പിക്‌സില്‍ ഓസ്‌ട്രേലിയ ഇക്കുറി മത്സരിക്കുന്നത് ഏറെ സവിശേഷതകളോടെ. രാജ്യത്തെ പ്രതിനിധീകരിച്ച് 472 കായികതാരങ്ങളാണ് മെഡല്‍ വേട്ടയ്‌ക്കൊരുങ്ങുന്നത്. 254 വനിത താരങ്ങളും 218 പുരുഷ താരങ്ങളും അടങ്ങുന്ന കരുത്തുറ്റ ടീമിനെയാണ് അയക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. 2004ലെ ഏതന്‍സ് ഒളിമ്പിക്‌സിന് ശേഷം രാജ്യം വിദേശത്തേക്ക് അയക്കുന്ന രണ്ടാമത്തെ വലിയ ടീമാണിത്. ഏതന്‍സ് ഒളിമ്പിക്‌സില്‍ 482 കായികതാരങ്ങളാണ് രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നത്.

ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ വനിതകള്‍ പങ്കെടുക്കുന്ന ഒളിമ്പിക്‌സ് കൂടിയാവും ഇത്. നിലവിലെ ടീമില്‍ 53.5 ശതമാനമാണ് വനിതകളുള്ളത്. 2016 ലെ റിയോ ഒളിമ്പിക്‌സില്‍ 214 വനിതകളാണു പങ്കെടുത്തത്.

472 പേരില്‍ 16 തദ്ദേശീയരായ കായികതാരങ്ങളും ഉള്‍പ്പെടുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തദ്ദേശീയ കായികതാരങ്ങള്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. 11 കായിക ഇനങ്ങളിലായാണ് ഇവര്‍ മത്സരിക്കുന്നത്. ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്ലി ബാര്‍ട്ടി ഉള്‍പ്പെടെയുള്ള സംഘമാണ് ടോക്കിയോയിലെത്തുന്നത്. ഓസ്‌ട്രേലിയയിലെ തദ്ദേശീയ ജനവിഭാഗമായ ടോറസ് സ്‌ട്രെയിറ്റ് ഐലന്‍ഡര്‍ പ്രതിനിധിയാണ് ആഷ്ലി ബാര്‍ട്ടി.

ജൂലൈ 23നാണ് ടോക്കിയോ ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. ഒളിമ്പിക്‌സില്‍ പുതുതായി ഉള്‍പ്പെടുത്തിയ കരാട്ടെ, സ്‌കേറ്റ്‌ബോര്‍ഡിംഗ്, സ്‌പോര്‍ട്ട് ക്ലൈംബിംഗ്, സര്‍ഫിംഗ് എന്നിവയുള്‍പ്പെടെ 33 കായിക ഇനങ്ങളിലാണ് ഓസ്‌ട്രേലിയ മത്സരിക്കുന്നത്. ഓസ്ട്രേലിയയുടെ അറുപത്തിരണ്ടുകാരന്‍ ആന്‍ഡ്രൂ ഹോയും ഇക്കുറി ഒളിംപിക്സില്‍ ചരിത്രം സൃഷ്ടിക്കും. അശ്വാഭ്യാസത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. ഇത് എട്ടാം തവണയാണ് ഒളിംപിക്സില്‍ ഹോയ് മത്സരിക്കുന്നത്. 1984-ലെ ലോസ് ആഞ്ചലസിലാണ് ഹോയ് ആദ്യം ഒളിംപിക്സില്‍ പങ്കെടുത്തത്.

ഓസ്ട്രേലിയയുടെ തന്നെ മേരി ഹന്ന ആറ് ഒളിംപിക്സില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ താരമാവും. അശ്വാഭ്യാസത്തില്‍ മത്സരിക്കുന്ന 66 വയസുള്ള മേരിയാണ് ഏറ്റവും പ്രായം കൂടിയ താരം.

ടോക്കിയോ ഒളിമ്പിക്‌സിനായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ അത്ലറ്റുകളെയും ടീമിന്റെ ചുമതല വഹിക്കുന്ന ഇയാന്‍ ചെസ്റ്റര്‍മാന്‍ അഭിനന്ദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.