കോവിഡിന്റെ ലാംഡ വകഭേദം ഓസ്‌ട്രേലിയയിലും; കൂടുതല്‍ പ്രഹരശേഷി

കോവിഡിന്റെ ലാംഡ വകഭേദം ഓസ്‌ട്രേലിയയിലും; കൂടുതല്‍ പ്രഹരശേഷി

സിഡ്‌നി: കോവിഡ് വൈറസിന്റെ ലാംഡ വകഭേദം ഓസ്‌ട്രേലിയയിലും സ്ഥിരീകരിച്ചു. ആല്‍ഫ, കാപ്പ ഡെല്‍റ്റ എന്നീ വകഭേദങ്ങളെ പ്രതിരോധിക്കുന്നതിനിടെയാണ് ആശങ്ക വര്‍ധിപ്പിച്ച് ലാംഡയും സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രിലില്‍ വിദേശത്തുനിന്നെത്തി ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് ക്വാറന്റീനില്‍ കഴിഞ്ഞയാള്‍ക്കാണ് രാജ്യത്ത് ആദ്യമായി ലാംഡ സ്ഥിരീകരിച്ചത്. തീവ്ര രോഗവ്യാപനശേഷിയുള്ളതാണ് ഈ വകഭേദം.

കഴിഞ്ഞ ഡിസംബറില്‍ പെറുവിലാണ് ലാംഡ ആദ്യമായി കണ്ടെത്തിയത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പെറുവില്‍ റിപ്പോര്‍ട്ട് ചെയ്ത 81 ശതമാനം കേസുകളും ഈ വകഭേദത്തിന്റേതായിരുന്നു. ഇതിനോടകം 29 രാജ്യങ്ങളിലാണ് ലാംഡ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഏഴും സൗത്ത് അമേരിക്കയിലാണ്. ആശങ്കപ്പെടുത്തുന്ന വകഭേദമായി ലോകാരോഗ്യസംഘടന നേരത്തേ ലാംഡയെ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള വാക്‌സിനുകള്‍ വകഭേദത്തെ നേരിടാന്‍ ഫലപ്രദമല്ല എന്നതാണ് ആശങ്കയ്ക്കു കാരണം.

ഫെബ്രുവരി 23-നും ജൂണ്‍ ഏഴിനുമിടയില്‍ ലാംഡ വകഭേദം ബാധിച്ച ആറു കേസുകള്‍ യു.കെയിലും സ്ഥിരീകരിച്ചിരുന്നു.
ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക പട്ടികയില്‍ സാര്‍സ്-കോവ്-2 വൈറസിന്റെ പതിനൊന്നു വകഭേദങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വ്യാപനശേഷി, രോഗബാധയുണ്ടാക്കാനുള്ള കൂടിയ കരുത്ത്, ശരീരത്തിന്റെ രോഗ പ്രതിരോധത്തെ മറികടക്കാനുള്ള കഴിവ് എന്നിവയാണ് ഇവയുടെ സവിശേഷതകള്‍.

ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, എപ്സിലോണ്‍, സെറ്റ, ഇറ്റ, തേറ്റ, ലോട്ട, കാപ്പ, ലാംഡ എന്നിവയാണ് 11 വകഭേദങ്ങള്‍. ഇതില്‍ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നിവയെ ആശങ്കയുണ്ടാക്കുന്ന കൊറോണ വൈറസ് വകഭേദങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.