അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ അഡ്‌ലെയ്ഡില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കു നേരേ ബോംബ് ഭീഷണി ഉയര്‍ത്തിയ ആള്‍ സ്ഥിരം കുറ്റവാളിയെന്നു പ്രോസിക്യൂഷന്‍. 1987-ല്‍ ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനം നടത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്‌ക്കെതിരേ വധഭീഷണി മുഴക്കിയതും 69-കാരനായ ബ്രാഡ്‌ലി ഓസ്റ്റിനാണെന്നു പ്രോസിക്യുഷന്‍ അഡ്‌ലെയ്ഡ് ജില്ലാ കോടതിെയ അറിയിച്ചു.
2019-ലാണ് അഡ്‌ലെയ്ഡിലെ ഓഷ്യന്‍ വ്യൂ കോളജിനു നേര്‍ക്ക് ഓസ്റ്റിന്‍ ബോംബ് ഭീഷണി ഉയര്‍ത്തിയത്. പിന്നാലെ പിടിയിലായ ഇയാള്‍ രണ്ടര വര്‍ഷമായി വിചാരണ തടവുകാരനാണ്. ഇയാളുടെ നോര്‍ത്ത് ഹാവനിലെ വീട്ടില്‍നിന്ന് ബോംബെന്നു തോന്നിപ്പിക്കുന്ന സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു.
വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തുക, സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുക, സ്‌ഫോടക ശേഷിയുള്ള സാമഗ്രികള്‍ കൈവശം വയ്ക്കുക, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക, അവരില്‍ മനപൂര്‍വം ഭയാശങ്കകള്‍ സൃഷ്ടിക്കുക എന്നീ കുറ്റങ്ങളാണ് ഓസ്റ്റിനെതിരേ ചുമത്തിയിരിക്കുന്നത്.
വിചാരണ ഘട്ടത്തില്‍ പോലീസ് ഇയാളുടെ ക്രമിനില്‍ പശ്ചാത്തലം വിവരിച്ചപ്പോഴാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ഭീഷണിപ്പെടുത്തിയ വിവരവും പുറത്തുവന്നത്.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്കെതിരേ വധഭീഷണി മുഴക്കിയതിനെതുടര്‍ന്ന് ബ്രാഡ്ലി ഓസ്റ്റിനെ അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നു (ഫയല്‍ ചിത്രം)
1987-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അഡ്‌ലെയ്ഡ് സന്ദര്‍ശിച്ചപ്പോഴായിരുന്നു വധഭീഷണി മുഴക്കിയത്. 1979-ല്‍ ഗൊറില്ലാ മാസ്‌ക് ധരിച്ച് കൈത്തോക്കുമായി ബാങ്ക് കൊള്ളയടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ഭീഷണിപ്പെടുത്തിയ അതേവര്‍ഷം തന്നെ രണ്ടു വിദ്യാര്‍ഥികളെയും അധ്യാപികയെയും തടങ്കലില്‍ വച്ചു ഭീഷണിപ്പെടുത്തിയിരുന്നു. ബോംബ് പോലുള്ള വസ്തു കൈയില്‍ പിടിച്ചുകൊണ്ടായിരുന്നു അവരെ പ്രതി ഭീഷണിപ്പെടുത്തിയത്. സ്‌കൂളുകളെ ഭീഷണിപ്പെടുത്താന്‍ ഇയാള്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചിരുന്നതായി കോടതി തിരിച്ചറിഞ്ഞിരുന്നു.
സ്‌കൂളിന്റെ ഇടനാഴികള്‍, മൈതാനങ്ങള്‍ എന്നിവയുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ വ്യാജ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ഓസ്റ്റിന്‍ ഭീഷണി പുറപ്പെടുവിച്ചിരുന്നത്.
എന്നാല്‍ താന്‍ സ്ഥിരം കുറ്റവാളിയെന്ന ആേരാപണം ഓസ്റ്റിന്‍ കോടതി മുറിയില്‍ നിഷേധിച്ചു. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തന്നെയാണ് തേജോവധം ചെയ്തിരുന്നതെന്നു അക്കാര്യം സൗത്ത് ഓസ്‌ട്രേലിയ പോലീസില്‍ അറിയിച്ചിരുന്നതായും ഒരു വിദ്യാര്‍ഥി തനിക്കു നേരേ കത്തി എറിഞ്ഞതായും ഇയാള്‍ പരാതിപ്പെട്ടു. താന്‍ ഇപ്പോള്‍ നല്ല നടപ്പാണെന്നും കരുണ കാണിക്കണമെന്നുമായിരുന്നു ഓസ്റ്റിന്റെ കോടതിയിലെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.