തിരുവനന്തപുരം: എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി വെള്ളിയാഴ്ച അവസാനിക്കും. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് എന്നിവയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളുടേയും കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ അന്വേഷണത്തിന്റേയും ഭാഗമായിട്ടായിരുന്നു ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ജാമ്യത്തിലിറങ്ങിയ ശിവശങ്കര്‍, സര്‍ക്കാര്‍ സര്‍വീസിലേക്ക് തിരികെ വരുമോയെന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ശിവശങ്കറിന്റെ അറസ്റ്റോടെയാണ് സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായത്. അറസ്റ്റിന് ശേഷം 98 ദിവസത്തെ ജയില്‍വാസം കഴിഞ്ഞാണ് ഫെബ്രുവരി നാലിന് ശിവശങ്കര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. സ്വപ്ന അനധികൃതപണമിടപാടുകള്‍ നടത്തിയത് ശിവശങ്കറിന് വേണ്ടിയായിരുന്നു എന്നാണ് ഇ ഡിയുടെ നിഗമനം. സ്വപ്നയുടെ ലോക്കറില്‍ നിന്നു കണ്ടെത്തിയ പണം ലൈഫ് മിഷനില്‍ ശിവശങ്കറിന് കിട്ടിയ കമ്മിഷനെന്നാണ് ഇ ഡി പറയുന്നത്. സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്തുവെന്ന് പറയുന്ന കസ്റ്റംസ് ഇപ്പോള്‍ അദ്ദേഹത്തിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. അതേസമയം, എന്‍ഐഎ അന്വേഷണത്തില്‍ ശിവശങ്കര്‍ പ്രതിയോ സാക്ഷിയോ ആയിട്ടില്ല.
അതേസമയം കേന്ദ്ര ഏജന്‍സികളുടെ സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസന്വേഷണങ്ങളൊന്നും എങ്ങും എത്തിയിട്ടില്ല. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ആരോപണത്തില്‍ വിജിലന്‍സ് കേസില്‍ പ്രതി കൂടിയാണ് ശിവശങ്കര്‍. അറസ്റ്റിന് ശേഷം മന്ത്രിമാരും സിപിഎം നേതാക്കളും ശിവശങ്കറെ കൂട്ടത്തോടെ തള്ളിപ്പറഞ്ഞെങ്കിലും മുഖ്യമന്ത്രി ശിവശങ്കറെ സംരക്ഷിക്കുന്ന നിലപാടായിരുന്നു അവസാനം വരെയും സ്വീകരിച്ചിരുന്നത്. സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരായ പോലീസ് കേസും ഇഴഞ്ഞുനീങ്ങുകയാണ്.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ശിവശങ്കര്‍ ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് കഴിഞ്ഞ ജൂലായ് 16ന് അദ്ദേഹം സസ്‌പെന്‍ഷനിലാകുന്നത്. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഓക്ടോബര്‍ 28ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ നിന്ന് ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. ഗൂഢാലോചനക്കുറ്റമാണ് ശിവശങ്കറിനെതിരെ കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചുമത്തിയിരിക്കുന്നത്.
ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ നിയന്ത്രിച്ചിരുന്ന ശിവശങ്കറിനെ സര്‍വീസിലേക്ക് തിരികെയെടുത്താല്‍ സര്‍ക്കാര്‍ രാഷ്ട്രീയമായി എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. സസ്പെന്‍ഷനിലായി ഒരു വര്‍ഷമാകുമ്പോള്‍, ഇനി നീട്ടാന്‍ സംസ്ഥാനസര്‍ക്കാരിന് നിയമപരമായ തടസമുണ്ടാകുമെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സര്‍വ്വീസ് കാലാവധിയുളളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.