ഭാരത സ്ത്രീ തന്‍ ഭാവ ശുദ്ധി പുനര്‍നിര്‍വചിക്കുന്നവോ 'സാറാ'

ഭാരത സ്ത്രീ തന്‍ ഭാവ ശുദ്ധി പുനര്‍നിര്‍വചിക്കുന്നവോ 'സാറാ'

ഭാരത സ്ത്രീത്വത്തിന്‍ ഭാവ ശുദ്ധി എന്ന് പറയുമ്പോള്‍, ഭാര്യയാകുന്ന അമ്മയാകുന്ന സ്ത്രീത്വത്തിന്റെ വലിയ മഹത്വം നമ്മുടെ ഓര്‍മയിലേക്ക് കടന്ന് വരാറുണ്ട്. അമ്മയാകുക എന്നത് ഏതൊരു സ്ത്രീയെ സംബന്ധിച്ചും അവള്‍ക്കും കുടുംബത്തിനും ഒരഭിമാനമാണ്. സ്ത്രീയും പുരുഷനുമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചത് പ്രത്യുല്പാദനവും പരസ്പരമുള്ള പങ്കുവയ്ക്കലിനും വേണ്ടിയാണ്. അതാണ് ദൈവത്തിന്റെയും പ്രകൃതിയുടെയും നിയമം.

ഈ സ്ത്രീ സങ്കല്‍പ്പത്തെ ഒക്കെ കാറ്റില്‍ പറത്തികൊണ്ടാണ് മലയാളത്തിലെ പുതിയ സിനിമ 'സാറാസ്' റിലീസ് ചെയ്തിരിക്കുന്നത്. അന്ന ബെന്‍ അവതരിപ്പിക്കുന്ന 'സാറ' എന്ന ടൈറ്റില്‍ കഥാപാത്രമാണ് ചിത്രത്തിന്റെ ഹൃദയം. രൂപത്തിലും ഭാവത്തിലും കുട്ടിത്തമുള്ള എന്നാല്‍ കുട്ടികളെ ഇഷ്ടമല്ലാത്ത സാറ. പ്രസവിക്കാന്‍ ഒട്ടുമേയിഷ്ടമില്ലാത്ത സാറ. സിനിമയില്‍ സഹസംവിധായികയായി ജോലി ചെയ്യുന്ന അവളുടെ ഏറ്റവും വലിയ ആഗ്രഹം സ്വതന്ത്ര സംവിധായിക ആകുക എന്നതാണ്. അങ്ങനെയിരിക്കെ അവളെ പോലെ തന്നെ കുട്ടികളെ ഇഷ്ടമില്ലാത്ത ജീവനെ സാറ കണ്ടുമുട്ടുന്നു. തന്റെ കാഴ്ചപ്പാടുകളുമായി ഒത്തു പോകുന്ന ജീവനെ അവള്‍ വിവാഹം ചെയ്യുന്നു. തുടര്‍ന്ന് സാറയുടെ ജീവിതത്തിലും ജോലിയിലും ഉണ്ടാകുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്.

സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും പുതുമുഖ തിരക്കഥാകൃത്തായ ഡോ. അക്ഷയും അണിയിച്ചൊരുക്കിയ ഈ ചിത്രം സാധാരണ നോട്ടത്തില്‍ നല്ല ഒരു സിനിമയാണെന്ന് തോന്നുമെങ്കിലും വളര്‍ന്ന് വരുന്ന തലമുറയ്ക്ക് ഇതിലൂടെ ലഭിക്കുന്നത് തെറ്റായ ഒരു സന്ദേശമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. തന്റെ സൗന്ദര്യം നില നിര്‍ത്താന്‍ പ്രസവിക്കില്ല എന്ന് നിര്‍ബന്ധം പിടിക്കുന്ന സ്ത്രീകളും, ജീവിത സുഖത്തിന് വേണ്ടി ജന്മം നല്‍കിയ ചോര കുഞ്ഞിനെ മാലിന്യ കൂനയിലുപേക്ഷിക്കുന്ന അമ്മമാരും പെരുകുന്ന നാട്ടില്‍, മലയാളികളുടെ മനസിലേക്ക് ഗര്‍ഭച്ഛിദ്രം ഒരു സാധരണ സംഭവമാണെന്ന രീതിയിലാണ് ഈ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത്.

സാറാ ആ കുഞ്ഞിന് ജന്മം നല്‍കിയിരുന്നെങ്കില്‍, ആ കുഞ്ഞുമായി അവളുടെ സ്വപ്നത്തിലേക്ക് പറന്നിരുന്നെങ്കില്‍ എന്നൊക്കെ വെറുതെ ആശിച്ച് പോയി. ജീവിതം ഒറ്റയ്ക്ക് ആസ്വദിക്കണമെങ്കില്‍ എന്തിനാണ് സാറ വിവാഹം കഴിച്ചത്. ഇനി ഇഷ്ടമില്ലാതെയാണ് ആ കുട്ടി ജനിച്ചതെങ്കിലും, ആ കുഞ്ഞിനെ കൊല്ലാതെ മക്കളില്ലാത്ത ആര്‍ക്കെങ്കിലും കൊടുത്തിരുന്നെങ്കില്‍ അവര്‍ അതിനെ സന്തോഷത്തോടെ വളര്‍ത്തില്ലായിരുന്നോ? ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍, ഉള്ളില്‍ നിറയുന്ന ചെറിയ സങ്കടം ഇതിനപ്പുറത്ത് എന്തെങ്കിലും നല്‍കാന്‍ ഈ സിനിമയ്ക്ക് സാധിച്ചു എന്ന് കരുതാന്‍ ബുദ്ധിമുട്ടാണ്. സ്ത്രീയുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും സമൂഹം മാനിക്കണം. പക്ഷെ ആ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരു മനുഷ്യ ജീവനെ കൊല്ലണമായിരുന്നോ എന്നതാണ് ഇവിടുത്തെ പ്രസക്തമായ ചോദ്യം.

ചിത്രത്തിന്റെ തുടക്കത്തില്‍ സാറ ഒരു പേടിസ്വപ്നം കാണുന്ന സീനുണ്ട്, ഗര്‍ഭിണിയാകുന്നതാണ് ഈ സ്വപ്നം. ഈ രംഗത്ത് ഒരു പാട്ടുണ്ട്, മലയാള സിനിമയില്‍ ആദ്യമായിട്ടായിരിക്കും ഒരുപക്ഷെ, പത്ത് മാസം നൊന്ത് പെറ്റ സ്ത്രീ ജന്മത്തിന്റെ ജീവിതസാഫല്യം വര്‍ണ്ണിക്കാതെ, ഗര്‍ഭിണിയായിരിക്കുന്ന പത്ത് മാസക്കാലവും അതിനുശേഷവും സ്ത്രീ കടന്നുപോകുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് പാട്ട് വരുന്നത്. ഗര്‍ഭം ധരിക്കുന്നതും കുഞ്ഞ് ജനിക്കുന്നതും അല്പം ബുദ്ധിമുട്ടാണെന്ന തോന്നല്‍ പെണ്‍കുട്ടികള്‍ വളര്‍ത്തിയാല്‍ അത് മനുഷ്യ വംശത്തിന്റെ നില്‍നില്‍പ്പിന് തന്നെ ഭീഷണിയാകും.

കുഞ്ഞുങ്ങളെ വളര്‍ത്തുക എന്നത് ഭാരിച്ച ഉത്തരവാദിത്വമായി കരുതുന്ന തലമുറയ്ക്ക് ഉത്തരം നല്‍കുന്ന പ്രമുഖ സ്ത്രീവ്യക്തിത്വങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. നമ്മുടെ അയരാജ്യമായ പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ പ്രധാനമന്ത്രി ആയിരുന്ന അവസരത്തിലാണ് കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസ്സിന്താ ആര്‍ഡന്‍ ആ പദവിയില്‍ ഇരുന്നപ്പോള്‍ തന്നെയാണ് ഒരു കുട്ടിക്ക് ജന്‍മം കൊടുത്തത്. ഐക്യ രാഷ്ട്ര സംഘടന സമ്മേളനത്തില്‍ പോലും കുഞ്ഞുമായി പോകുന്ന പ്രധാനമന്ത്രിയുടെ ചിത്രം ആഗോള ശ്രദ്ധ പിടിച്ചു പറ്റിയതാണ്.

അപ്രതീക്ഷത ഗര്‍ഭധാരണത്തില്‍ ഉണ്ടാകുന്ന കുഞ്ഞിനെ കരിയറിനായി നശിപ്പിക്കാം എന്നതിനെ മഹത്വവല്‍ക്കരിക്കുന്ന നിലപാട് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. ജീവന്റെ മഹത്വത്തിനായി വാദിക്കുവാന്‍ സംവിധായകന് സാധിക്കട്ടെ എന്ന് ആശിച്ചുപോയി. സ്വന്തം കുഞ്ഞിനെ കുരുതി കൊടുത്ത് ജീവിത വിജയം നേടുന്ന തലമുറകള്‍ നമ്മെ ഭയപ്പെടുത്തുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.