ഡബ്ലിൻ: യൂറോപ്പിൽ ഏറ്റവുമധികം കത്തോലിക്കാ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനിൽ 500 വർഷത്തെ ഇടവേളയ്ക്ക് ശേഷം കത്തോലിക്കാ കത്തീഡ്രലിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു.
ഇതുവരെ ഒരു പ്രോ-കത്തീഡ്രലായി മാത്രം പരിഗണിച്ചിരുന്ന സെന്റ് മേരീസ് ദേവാലയത്തെ ഡബ്ലിൻ അതിരൂപതയുടെ ഔദ്യോഗിക കത്തീഡ്രലായി ലിയോ പതിനാലാമൻ മാർപാപ്പ അംഗീകരിച്ചു.
ബ്രിട്ടീഷ് അധിനിവേശ കാലത്ത് പ്രൊട്ടസ്റ്റന്റ് നേതൃത്വത്തിൽ നിന്നുണ്ടായ സമ്മർദ്ദമാണ് ഡബ്ലിനിൽ കത്തീഡ്രൽ ഇല്ലാത്ത അവസ്ഥയിലേക്ക് നയിച്ചത്. സെന്റ് പാട്രിക്‌സ്, ക്രൈസ്റ്റ് ചർച്ച് തുടങ്ങിയ ദേവാലയങ്ങൾ പ്രൊട്ടസ്റ്റന്റുകാരുടെ കൈകളിലായതിനെ തുടർന്ന് അഞ്ച് നൂറ്റാണ്ടുകളായി ഡബ്ലിനിൽ കത്തോലിക്കാ കത്തീഡ്രൽ ഉണ്ടായിരുന്നില്ല.
1825 നവംബർ 14 ന് പ്രതിഷ്ഠാ കർമ്മം നടന്നത് മുതൽ സെന്റ് മേരീസ് ദേവാലയം ഡബ്ലിനിലെ പ്രോ-കത്തീഡ്രലായി കണക്കാക്കപ്പെടുന്നു. 19-ാം നൂറ്റാണ്ടിൽ ഈ ദേവാലയം ഡബ്ലിനിലെ കത്തോലിക്കാ സ്വത്വത്തിന്റെ പ്രതീകമായി മാറി. 1854 ൽ കത്തോലിക്കാ സർവകലാശാലയുടെ ആദ്യ റെക്ടറായി വിശുദ്ധ ജോൺ ഹെന്റി ന്യൂമാനെ അവരോധിച്ചത് പോലുള്ള സുപ്രധാന പരിപാടികൾക്കും പ്രോ-കത്തീഡ്രൽ വേദിയായി.
13-ാം നൂറ്റാണ്ടിൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ഡബ്ലിൻ അതിരൂപതയുടെ പ്രത്യേക മധ്യസ്ഥനായ വിശുദ്ധ ലോറൻസ് ഒ’ടൂളിന്റെ തിരുനാളിനോട് അനുബന്ധിച്ചും സെന്റ് മേരീസ് ദേവാലയത്തിന്റെ പ്രതിഷ്ഠാകർമ്മത്തിന്റെ ഇരുനൂറാം വാർഷികത്തോടനുബന്ധിച്ചും സെന്റ് മേരീസ് ദേവാലയത്തെ ഔദ്യോഗികമായി കത്തീഡ്രലായി പ്രഖ്യാപിക്കാനുള്ള ഡബ്ലിൻ ആർച്ച് ബിഷപ്പ് ഡെർമോട്ട് ഫാരെലിന്റെ അപേക്ഷ മാർപാപ്പ അംഗീകരിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.