ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ധൃതി വയ്‌ക്കേണ്ട; അറിഞ്ഞിരിക്കാം ഓസ്ട്രേലിയന്‍ ടാക്സേഷന്‍ ഓഫീസില്‍നിന്നുള്ള നിര്‍ദേശങ്ങള്‍

ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ധൃതി വയ്‌ക്കേണ്ട; അറിഞ്ഞിരിക്കാം  ഓസ്ട്രേലിയന്‍ ടാക്സേഷന്‍ ഓഫീസില്‍നിന്നുള്ള നിര്‍ദേശങ്ങള്‍

കാന്‍ബറ: കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയിലെ നികുതിദായകര്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി ഓസ്ട്രേലിയന്‍ ടാക്സേഷന്‍ ഓഫീസ് (എ.ടി.ഒ). പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ തിടുക്കം കൂട്ടേണ്ടതില്ലെന്നു എ.ടി.ഒ അറിയിച്ചു. രാജ്യത്തെ 14 ദശലക്ഷത്തിലധികം നികുതി ദായകര്‍ക്ക് ആശ്വാസം പകരുന്നതാണ് എ.ടി.ഒയുടെ പ്രഖ്യാപനം. നികുതിദായകര്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ തിടുക്കം കൂട്ടുന്നതായി ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് നിര്‍ദേശം.

കോവിഡ് മഹാമാരി പ്രതികൂലമായി ബാധിച്ച വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ തൊഴിലുടമയെ സഹായിച്ച ജോബ്കീപ്പര്‍ വേതന സബ്‌സിഡി ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അതു ടാക്‌സ് റിട്ടേണില്‍ വ്യക്തമാക്കണമെന്നു ഓസ്ട്രേലിയന്‍ ടാക്സേഷന്‍ ഓഫീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ടിം ലോ നിര്‍ദേശിച്ചു.

ഓരോ വര്‍ഷവും സമര്‍പ്പിക്കുന്ന ടാക്‌സ് റിട്ടേണുകളില്‍ ഏകദേശം 2,30,000-ല്‍ അധികം കേസുകളില്‍ ഇടപെടേണ്ടി വരാറുണ്ടെന്നു ടിം ലോ പറഞ്ഞു. പലപ്പോഴും ആളുകള്‍ തെറ്റായ ബാങ്ക് വിശദാംശങ്ങള്‍ നല്‍കും. വളരെ നേരത്തെ തന്നെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതു മൂലമാണിത്. ഇതുമൂലം തൊഴിലുടമകള്‍, ബാങ്കുകള്‍, സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വരുമാനക്കണക്ക് രേഖപ്പെടുത്തുന്നതില്‍ വീഴ്ച്ചയുണ്ടാകുന്നു.

ജൂലൈ ഒന്നാം തീയതി മാത്രം 172,000 ല്‍ അധികം ആളുകളാണ് നികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14.2 ദശലക്ഷത്തിലധികം വ്യക്തിഗത നികുതിദായകരാണ് റിട്ടേണ്‍ സമര്‍പ്പിച്ചത്. 10.9 ദശലക്ഷത്തിലധികം വ്യക്തിഗത നികുതിദായകര്‍ക്ക്, അധികമായി ഈടാക്കിയ ടാക്‌സ് തിരികെനല്‍കി. മൊത്തം 30.9 ബില്യണിലധികം ഓസ്‌ട്രേലിയന്‍ ഡോളറാണ് റീഫണ്ടായി നല്‍കിയത്.

കോവിഡിനെതുടര്‍ന്ന് ബിസിനസ് തടസപ്പെട്ട തൊഴിലുടമകള്‍ക്ക് തൊഴിലാളികളുടെ പ്രതിഫലം സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ജൂലൈ അവസാനം വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.

തിടുക്കം കൂട്ടി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും തെറ്റുകളിലേക്ക് നയിച്ചേക്കാമെന്നു ലോ പ്രസ്താവനയില്‍ പറഞ്ഞു, അഞ്ചില്‍ നാലുപേര്‍ക്കും നികുതി റിട്ടേണ്‍ സമയത്തുതന്നെ റീഫണ്ടുകള്‍ ലഭിക്കുന്നുണ്ട്. തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അതു പരിഹരിക്കാന്‍ കൂടുതല്‍ സമയം എടുക്കേണ്ടതായി വരും. ഒക്ടോബര്‍ അവസാനം വരെ ആളുകള്‍ക്ക് സന്തം നിലയില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സമയമുണ്ട്.

കോവിഡ് മഹാമാരി ബിസിനസ് സ്ഥാപനങ്ങളെ ഗുരുതരമായി ബാധിച്ച സാഹചര്യത്തില്‍ ഒരു വര്‍ഷം മുന്‍പാണ് ജോബ്കീപ്പര്‍ വേതന സബ്‌സിഡി അവതരിപ്പിച്ചത്. ഇതിന്റെ പ്രയോജനം ഏകദേശം ഒരു ദശലക്ഷത്തിലധികം ബിസിനസ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 3.8 ദശലക്ഷത്തോളം ജീവനക്കാര്‍ക്കു ലഭിച്ചു. ഏകദേശം 89 ബില്യണ്‍ ഡോളറിലധികമാണ് സബ്‌സിഡി നല്‍കിയത്.

കോവിഡ് കാലത്ത് വര്‍ക്ക് ഫ്രം ഹോം വ്യാപകമായതിനാല്‍ ജോലി സംബന്ധമായ ചെലവുകള്‍ക്കുള്ള ക്ലെയിമുകള്‍ കുറയുമെന്നാണ് എ.ടി.ഒ പ്രതീക്ഷിക്കുന്നത്.

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് ഓഫീസിലേക്കുള്ള വാഹന യാത്ര, വര്‍ക്ക് സൈറ്റുകള്‍ക്കിടയിലുള്ള യാത്ര, യൂണിഫോം അലക്കല്‍ എന്നിവയ്ക്ക് ക്ലെയിം അനുവദിക്കാനാവില്ല. കൃത്യമായ രേഖകളില്ലാതെ മുന്‍വര്‍ഷത്തെ ക്ലെയിമുകള്‍ അതേപടി പകര്‍ത്തി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കരുതെന്നു ലോ നികുതിദായകരെ ഓര്‍മ്മിപ്പിച്ചു.

അതേസമയം, കൂടുതല്‍ പേര്‍ വീട് ഫര്‍ണിഷ് ചെയ്യുന്നതിനുള്ള ചെലവ്, ഫേസ് മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയ്ക്കായി ക്ലെയിം ഉന്നയിച്ചതായും അത്തരം അവകാശവാദങ്ങള്‍ നിയമാനുസൃതമാണെന്നും ലോ പറഞ്ഞു, പ്രത്യേകിച്ചും നികുതിദായകന്‍ മറ്റുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തേണ്ടി വരുന്ന ജോലിയില്‍ ഏര്‍പ്പെടുന്ന ആളാണെങ്കില്‍ ഇത്തരം ക്ലെയിമുകള്‍ക്ക് അര്‍ഹതയുണ്ട്. അതായത് ഹെല്‍ത്ത് കെയര്‍, ക്ലീനിംഗ്, ഏവിയേഷന്‍, ഹെയര്‍ ആന്‍ഡ് ബ്യൂട്ടി, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വ്യവസായങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഫേസ് മാസ്‌കുകള്‍, കൈയുറകള്‍, സാനിറ്റൈസറുകള്‍, ആന്റി ബാക്ടീരിയല്‍ സ്‌പ്രേ തുടങ്ങിയവ ആവശ്യമാണ്. ഇവ വാങ്ങിയതിന്റെ ബില്‍ സൂക്ഷിച്ചാല്‍ ഇളവ് അവകാശപ്പെടാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.