പെര്‍ത്തില്‍ കനത്ത മഴയും നാശനഷ്ടവും; തിങ്കളാഴ്ച്ച അതിശക്തമായ കാറ്റിനും സാധ്യത

പെര്‍ത്തില്‍ കനത്ത മഴയും നാശനഷ്ടവും; തിങ്കളാഴ്ച്ച അതിശക്തമായ കാറ്റിനും സാധ്യത

പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ വെള്ളിയാഴ്ച്ച വൈകിട്ട് പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപക നാശം. പല മേഖലകളും വെള്ളത്തിനടിയിലായി. ബൂറഗൂണിലെ ഗാര്‍ഡന്‍ സിറ്റി ഷോപ്പിംഗ് സെന്ററിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം ശക്തമായ കാറ്റില്‍ തകര്‍ന്നു വീണു. റോഡുകള്‍ മുങ്ങിയതോടെ പലയിടത്തും ഗതാഗതം തടസപ്പെട്ടു. സ്റ്റിര്‍ലിംഗ് ഹൈവേയില്‍ ഗതാഗതം സ്തംഭിച്ചു. വീടുകളിലേക്കു വെള്ളം കയറിയതിനെതുടര്‍ന്ന് പലരും സുരക്ഷിത സ്ഥാനത്തേക്കു മാറി. മരം വീണ് പലയിടത്തും വൈദ്യുതി വിതരണവും നിലച്ചു. സുബിയാക്കോയിലെ ഹേ സ്ട്രീറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങി.

അടുത്ത ദിവസങ്ങളിലും പെര്‍ത്ത്, പീല്‍ എന്നീ മേഖലകളില്‍ മോശം കാലാവസ്ഥ തുടരുമെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെ ഈ വര്‍ഷത്തെ ഏറ്റവും ശക്തിയേറിയ കാറ്റ് പെര്‍ത്തിലൂടെ കടന്നു പോകുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി പ്രവചിക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പുള്ളത്. കനത്ത കാറ്റും ആലിപ്പഴം വീഴ്ച്ചയും ശൈത്യം വര്‍ധിപ്പിക്കുമെന്ന ആശങ്കയുണ്ട്.

ഇന്നലെ പെയ്ത മഴയെതുടര്‍ന്ന് സഹായത്തിനായി നാല്‍പതിലധികം കോളുകളാണ് സ്‌റ്റേറ്റ് എമര്‍ജന്‍സി സര്‍വീസിനു ലഭിച്ചത്. റോക്കിംഗ്ഹാം, ഹാമില്‍ട്ടണ്‍, ഫ്രീമാന്റല്‍ എന്നിവിടങ്ങളിലാണ് കാറ്റും മഴയും വ്യാപകനാശമുണ്ടാക്കിയത്. ഹാമില്‍ട്ടണ്‍ ഹില്‍, ഗില്‍ഡെര്‍ട്ടണ്‍, വുഡ്ബ്രിഡ്ജ് എന്നിവിടങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. ഫ്‌ളോറേറ്റ്, സ്‌കാര്‍ബറോ, സെര്‍പന്റൈന്‍, ജാര്‍റാഡേല്‍ എന്നിവിടങ്ങളിലെ വീടുകളിലേക്കുള്ള വൈദ്യുതി നിലച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.