തിരഞ്ഞെടുപ്പ് പ്രചാരണം: ജി സുധാകരന്‍ വീഴ്ച വരുത്തിയെന്ന് സി.പി.എം

തിരഞ്ഞെടുപ്പ് പ്രചാരണം: ജി സുധാകരന്‍ വീഴ്ച വരുത്തിയെന്ന് സി.പി.എം

തിരുവനന്തപുരം: മുന്‍ മന്ത്രി ജി സുധാകരന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചവരുത്തിയെന്ന് സി.പി.എം റിപ്പോര്‍ട്ട്. സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സുധാകരന്റെ പേരെടുത്തുപറഞ്ഞാണ് വിമര്‍ശനം. ഇതേക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കാനും സി.പി.എം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനാണ് സംസ്ഥാന സമിതി യോഗംചേര്‍ന്നത്.

വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് മുന്നണിയിലെ പ്രധാന ഘടകകക്ഷികളായ എല്‍.ജെ.ഡി.യുടെയും കേരള കോണ്‍ഗ്രസ്‌ എമ്മിന്റെയും
 സംസ്ഥാന അധ്യക്ഷന്മാര്‍ മുന്നണിയുടെ സിറ്റിങ് മണ്ഡലത്തില്‍ തോല്‍ക്കാനിടയായ സാഹചര്യവും സി.പി.എം അന്വേഷിക്കും. ജില്ലകളില്‍നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ അവലോകനത്തില്‍ അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പുഫലത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ജി സുധാകരന്‍ നിഷേധരീതി സ്വീകരിച്ചെന്നാണു പ്രധാന പരാതി. റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ സജി ചെറിയാനും സി.ബി. ചന്ദ്രബാബുവും സുധാകരനെ പരോക്ഷമായി വിമര്‍ശിച്ചു. ആലപ്പുഴയിലെ പാര്‍ട്ടിക്ക് പാരമ്പര്യം ഏറെയുണ്ടെന്നും അതുകൊണ്ടുതന്നെ നേതാക്കള്‍ക്ക് അധികാരക്കൊതി പാടില്ലെന്നുമായിരുന്നു സജി ചെറിയാന്റെ വിമര്‍ശനം. തിളക്കമാര്‍ന്ന ജയത്തിനിടയിലും ചില ദൗര്‍ബല്യങ്ങളുണ്ടായിട്ടുണ്ടെന്ന് ചന്ദ്രബാബുവും പറഞ്ഞു.

സംസ്ഥാന സമിതി അംഗമായ ജി. സുധാകരന്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തില്ല. പ്രചാരണത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയ മറ്റ് ജില്ലകളില്‍ അന്വേഷണ കമ്മിഷനുകളെ നിയോഗിച്ചപ്പോള്‍ അമ്പലപ്പുഴയില്‍ അതുണ്ടായില്ല. സുധാകരന്റെ ഘടകം സംസ്ഥാന കമ്മിറ്റിയായതുകൊണ്ടായിരുന്നു ഇത്. വീഴ്ച പരിശോധിക്കാന്‍ സംസ്ഥാനസമിതി പ്രത്യേക കമ്മിഷനെ നിയോഗിച്ചേക്കും. സംസ്ഥാനസമിതി യോഗം ഇന്നും തുടരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.