ധാക്ക: കോവിഡും ലോക്ഡൗണുമൊക്കെയാണെങ്കിലും ബംഗ്ലാദേശിലെ റാണി എന്ന പശുവിനെ കാണാനെത്തുന്നവര്‍ക്ക് അതൊന്നും പ്രശ്‌നമല്ല. ചാനലുകളിലും പത്രങ്ങളിലുമൊക്കെ താരമായ റാണി പശുവിനെ കാണാന്‍ കോവിഡ് നിയന്ത്രണങ്ങളൊക്കെ മറികടന്നാണ് ആളുകള്‍ ധാക്കയിലെത്തുന്നത്. അപ്രതീക്ഷിതമായി താരമായ റാണിക്ക് പക്ഷേ തലക്കനമൊന്നുമില്ല. വരുന്നവര്‍ക്കൊക്കെ കാണാന്‍ പാകത്തിന് അവള്‍ നിന്നുകൊടുക്കുന്നു.
ലോകത്തിലെ ഏറ്റവും ചെറിയ പശു എന്ന ലോക റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് റാണി. പ്രസവിച്ച് പുറത്തുവന്ന ഒരു കിടാവിനേക്കാള്‍ ചെറുതാണ് 23 മാസം പ്രായക്കാരിയായ റാണി. 51 സെന്റീമീറ്ററാണ് ഇവളുടെ ഉയരം. റാണിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ അവളെ കാണാനെത്തുന്നവരുടെ തിരക്കാണ്.
ധാക്കയില്‍നിന്നു 30 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി ചാരിഗ്രാമിലെ ഫാമില്‍ താരപദവി ആസ്വദിക്കുകയാണ് റാണി. ഷിക്കോര്‍ അഗ്രോ ഫാം മാനേജര്‍ എം.എ ഹസന്‍ ഹൗലാദറിന്റേതാണ് ഈ ഇത്തിരിക്കുഞ്ഞന്‍ പശു. 66 സെന്റിമീറ്റര്‍ നീളവും 26 കിലോഗ്രാം മാത്രം ഭാരവുമുള്ള റാണി ഗിന്നസ് റെക്കോര്‍ഡ് നേടിയ നിലവിലെ ഏറ്റവും ചെറിയ പശുവിനേക്കാള്‍ 10 സെന്റീമീറ്റര്‍ കുറവാണെന്ന് ഉടമ അവകാശപ്പെടുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശുവെന്ന റെക്കോഡ് നിലവില്‍ കേരളത്തില്‍നിന്നുള്ള 'മാണിക്യ'ത്തിനാണ്. വെച്ചൂര്‍ പശു ഇനത്തിലുള്ള മാണിക്യത്തിന് 2014 ജൂണില്‍ 61 സെന്റീമീറ്ററാണ് ഉയരം. അതിനെക്കാള്‍ 10 സെന്റീമീറ്റര്‍ കുറവാണ് റാണിക്ക്.
കൂടെനിന്ന് സെല്‍ഫിയെടുക്കാന്‍ വരുന്നവരെക്കൊണ്ട് വലഞ്ഞിരിക്കുകയാണ് ഹൗലാദറും കുടുംബവും. മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ 15000 പേരാണ് റാണിയെ കാണാനെത്തിയത്. മൂന്നു മാസത്തിനുള്ളില്‍ റാണിയുടെ ഗിന്നസ് റെക്കോഡ് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നു ഹൗലാദര്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശുവെന്ന ഗിന്നസ് റെക്കോഡുള്ള മാണിക്യം
റാണി ഭൂട്ടാനീസ് സ്വദേശിയായ പശുവാണ്. ഫാമിലെ മറ്റ് പശുക്കള്‍ക്ക് റാണിയുടെ ഇരട്ടി വലിപ്പമുണ്ട്. റാണിയെ കാണാന്‍ വരുന്നവരെ നിയന്ത്രിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.