കോവിഡ് വ്യാപനം കുറയുന്നില്ല; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ അനന്തമായി നീട്ടാനുമാകില്ല: മുഖ്യമന്ത്രി

കോവിഡ് വ്യാപനം കുറയുന്നില്ല; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ അനന്തമായി നീട്ടാനുമാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സാഹചര്യമാണ്് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ലോക്ക്ഡൗണ്‍ അനന്തമായി നീട്ടാനുമാകില്ല.

സാധാരണ നിലയിലേക്ക് വേഗത്തില്‍ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കല്‍ പ്രധാനമാണ്. ഘട്ടംഘട്ടമായി ഇളവ് നടപ്പിലാക്കുകയാണ്. ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് രണ്ടാം തരംഗം കെട്ടടങ്ങിയിട്ടുണ്ട്. കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മാര്‍ച്ച് മധ്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് രണ്ടാം ഘട്ടം ആരംഭിച്ചു. കേരളത്തില്‍ മേയിലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. ടി.പി.ആര്‍ 29 ശതമാനം വരെ ഉയര്‍ന്നു. പ്രതിദിന രോഗികളുടെ എണ്ണം 40,000ത്തിലേക്ക് ഉയര്‍ന്നു. ടി.പി.ആര്‍ കുറഞ്ഞ് പത്ത് ശതമാനത്തിനടുത്ത് മാറ്റമില്ലാതെ ദിവസങ്ങളായി നില്‍ക്കുന്നു.

രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്ക് അനുപാതമായി മരണമടയുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. എന്നിരുന്നാലും കോവിഡ് ആശുപത്രി കിടക്കകളില്‍ 70 ശതമാനത്തിലധികം ഉപയോഗിക്കേണ്ടി വന്നിട്ടില്ല. 90 ശതമാനത്തിലേറെ രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കി. മറ്റൊരു സംസ്ഥാനത്തിനും ഈ നേട്ടമില്ല.

കാസ്പില്‍ ചേര്‍ന്ന 282 സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നല്‍കുന്നുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ നിയന്ത്രിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ സഹകരിച്ച് കോവിഡിനെ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് മരണങ്ങളുടെ റിപ്പോര്‍ട്ടിംഗ് അനായാസമായി ചെയ്യാനാവില്ല. മിക്ക സംസ്ഥാനത്തെക്കാളും മെച്ചപ്പെട്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് ഐ.സി.എം.ആര്‍ പഠനം തെളിയിക്കുന്നു. മദ്ധ്യപ്രദേശില്‍ മേയ് മാസം നടത്തിയ പഠനത്തില്‍ 2019 ലേതിനേക്കാള്‍ 1.33 ലക്ഷം അധികം മരണം നടന്നു. എന്നാല്‍ 2461 മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

അത്തരം പ്രശ്‌നം കേരളത്തിലില്ല. കോവിഡിന്റെ ആദ്യ തരംഗ കാലത്ത് ഇന്ത്യയിലൊന്നാകെ 21 പേരില്‍ രോഗം ഉണ്ടാകുമ്പോഴാണ് ഒരു കേസ് കണ്ടെത്തിയത്. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ 30 കേസുകളില്‍ ഒന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ കേരളത്തില്‍ മൂന്ന് കേസുകളുണ്ടാവുമ്പോള്‍ ഒന്ന് റിപ്പോര്‍ട്ട് ചെയ്തു. ആ ജാഗ്രതയാണ് ഇപ്പോഴും തുടരുന്നത്.

ഡെല്‍റ്റ വൈറസ് വകഭേദമാണ് രണ്ടാം തരംഗത്തില്‍ കേരളത്തിലെത്തിയത്. കൂടുതല്‍ ജനസാന്ദ്രതയുള്ളതിനാല്‍ ഡെല്‍റ്റ വൈറസ് വ്യാപിച്ചു. ഗ്രാമ-നഗരങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് തുടര്‍ച്ചയായി നിലനില്‍ക്കുന്നതിനാല്‍ രോഗം അതിവേഗം സംസ്ഥാനമൊട്ടാകെ പടര്‍ന്നുപിടിച്ചു.

രോഗം വന്ന് ഭേദമായവരിലും വാക്‌സിനേഷന്‍ എടുത്തവരിലുമുള്ള രോഗപ്രതിരോധത്തെ ഡെല്‍റ്റ വൈറസ് പരിമിതമായി മറികടക്കുന്നതിനാല്‍ രോഗം ഭേദമായവര്‍ക്ക് ഇന്‍ഫെക്ഷന്‍ വരാനിടയായി. പോസിറ്റീവാകുന്നവരില്‍ പലരും ഈ വിഭാഗത്തില്‍ പെടുന്നവരാണ്. ഇവര്‍ക്ക് ഗുരുതരമായ രോഗസാധ്യതയും മരണസാധ്യതയും ഇല്ലെന്നത് ആശ്വാസമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാക്‌സീനെടുത്തവര്‍ രോഗവാഹകരാവും. അവരും മാസ്‌ക് ധരിക്കണം. എസി മുറികള്‍ ഉപയോഗിക്കരുത്. ജനാല തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കണം. ചെറുതും വലുതുമായ കൂടിച്ചേരല്‍ ഒഴിവാക്കണം. മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നിലെ വലിയ ക്യൂ വലിയ പ്രശ്‌നമായി മാറി. അത് ഒഴിവാക്കാന്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടും. ഇപ്പോള്‍ കാണുന്ന തിരക്ക് ഒഴിവാക്കാന്‍ ആവശ്യമായ മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങളും ആലോചിക്കും. വാക്‌സീനേഷന്‍ പൂര്‍ത്തിയാകും വരെ ശക്തമായ നടപടി തുടരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.