ബ്രസീലിനെ ഒരു ഗോളിന് പരാജയപ്പെടുത്തി അര്‍ജന്റീനിയന്‍ വിജയം
റിയോ ഡി ജനീറോ: ആതിഥേയരായ ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടധാരണം. കിരീടം ചൂടി. 28 വര്‍ഷം നീണ്ട കിരീട വരള്‍ച്ചയ്ക്ക് വിരാമമിട്ടാണ് അര്‍ജന്റീന ബദ്ധവൈരികളായ ബ്രസീലിനെ അവരുടെ മണ്ണില്‍ത്തന്നെ തകര്‍ത്തത്. കളിയുടെ 21-ാം മിനിട്ടില്‍ ബ്രസീല്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത എയ്ഞ്ചല്‍ ഡി മരിയ നേടിയ ഗോളാണ് അര്‍ജന്റീനയ്ക്ക് സ്വപ്ന കിരീടം സമ്മാനിച്ചത്.
ഡി പോളിന്റെ സുന്ദരമായ പാസ്. ബ്രസീല്‍ പ്രതിരോധത്തിന്റെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു. പന്ത് വലയിലേക്ക് താഴ്ന്നിറങ്ങുമ്പോള്‍ നിസഹായതയോടെ നോക്കി നില്‍ക്കാനേ ബ്രസീല്‍ ഗോളി എഡേഴ്‌സണായുള്ളൂ.
രണ്ടാം പകുതിയില്‍ സുനാമി പോലെയെത്തിയ ബ്രസീല്‍ ആക്രമണങ്ങളെ തടഞ്ഞിട്ട് ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് വീണ്ടും കാണിച്ച മികവ് അര്‍ജന്റീനയ്ക്ക് അനുഗ്രഹമായി.
1993 നുശേഷം അര്‍ജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്. ലോക ഫുട്‌ബോളിലെ ഇതിഹാസമായി വളര്‍ന്നപ്പോഴും സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പേരില്‍ അര്‍ജന്റീന ജഴ്‌സിയില്‍ കിരീടങ്ങളില്ലെന്ന പരിഹാസത്തിനും ഇതോടെ മുനയൊടിഞ്ഞു. 1916ല്‍ തുടക്കമായ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ 15-ാം കിരീടവുമായി യുറഗ്വായുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താനും ഇതോടെ അര്‍ജന്റീനയ്ക്കായി.
നേരത്തെ, സെമിഫൈനലില്‍ കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച ടീമില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോനി അര്‍ജന്റീന ടീമിനെ ഫൈനലില്‍ വിന്യസിച്ചത്. ആ മാറ്റങ്ങളുടെ കൂട്ടത്തിലാണ് എയ്ഞ്ചല്‍ ഡി മരിയ ആദ്യ ഇലവനില്‍ ഇടംപിടിച്ചത്. മറുവശത്ത് പെറുവിനെ തോല്‍പ്പിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ബ്രസീല്‍ കളത്തിലിറങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.