അഫ്ഗാനിസ്ഥാന്റെ ഭൂരിപക്ഷം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തില്‍: അവകാശവാദവുമായി താലിബാന്‍

അഫ്ഗാനിസ്ഥാന്റെ ഭൂരിപക്ഷം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തില്‍: അവകാശവാദവുമായി താലിബാന്‍

മോസ്‌കോ: അഫ്ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തെന്ന അവകാശവാദവുമായി ഭീകര സംഘടനയായ താലിബാന്‍. തീവ്രവാദ ആക്രമണങ്ങളിലൂടെ പുതിയ പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും അമേരിക്കന്‍ സേന പിന്‍മാറുകയും ചെയ്തതോടെയാണ് അവകാശവാദവുമായി താലിബാന്‍ രംഗത്തെത്തിയത്. സംഘടനയുടെ ഒരു മുതിര്‍ന്ന നേതാവ് മോസ്‌കോയില്‍ വെച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അതേസമയം അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന്റെ വാദം നിഷേധിച്ചു.

താലിബാന്റെ സ്വാധീനം വീണ്ടും ശക്തിപ്പെടുന്നത് ലോക രാജ്യങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. നൂറുകണക്കിന് അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും സ്വദേശികളും അയല്‍രാജ്യങ്ങളായ ഇറാനിലേക്കും താജിക്കിസ്ഥാനിലേക്കും പലായനം ചെയ്യുകയാണ്. താലിബാന്‍ തീവ്രവാദികള്‍ മറ്റു രാജ്യങ്ങളിലേക്കു നുഴഞ്ഞുകയറുമെന്നും ആശങ്കയുണ്ട്.

അഫ്ഗാനിസ്ഥാന്റെ 421-ല്‍ അധികം ജില്ലകളും താലിബാന്റെ നിയന്ത്രണത്തിലാണെന്നാണ് അവകാശവാദം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. അഫ്ഗാനില്‍ താലിബാന്റെ മേധാവിത്തം ശക്തമാകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക തങ്ങളുടെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുകയാണെന്ന് ഏപ്രിലില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാന്‍ ജനങ്ങള്‍ക്ക് അവരുടെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിനും ഭരണം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിനും പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടെന്നും ഒരു രാഷ്ട്രം നിര്‍മ്മിച്ചു നല്‍കുന്ന ഉത്തരവാദിത്വം അമേരിക്കയ്ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേന പിന്മാറ്റം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഓഗസ്റ്റ് 31 ന് അവസാന സൈനികനും അഫ്ഗാന്‍ വിടുമെന്നും ബൈഡന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 20 വര്‍ഷമായി തുടരുന്ന അമേരിക്കന്‍ സേനയെയാണ് ബൈഡന്‍ പിന്‍വലിക്കുന്നത്. താലിബാന്റെ ആക്രമണം ഭയന്ന് അഫ്ഗാനിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ പോലും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള പ്രദേശങ്ങളില്‍നിന്നു പാലായനം ആരംഭിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ താലിബാനില്‍ ചേര്‍ന്ന സംഭവങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.