ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു

ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ(75) കാലം ചെയ്തു. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ അര്‍ബുദത്തിന് ചികിത്സയിലായിരുന്ന പരിശുദ്ധ ബാവായുടെ അന്ത്യം ഇന്നു പുലര്‍ച്ചെ 2.35ന് ആയിരുന്നു.

2010 നവംബര്‍ ഒന്നിനാണ് ബസേലിയോസ് മാര്‍ത്താമ്മാ പൗലോസ് ദ്വീതിയന്‍ ബാവ എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി പരുമലയില്‍ വാഴിക്കപ്പെട്ടത്. അന്നുമുതല്‍ സഭാ തലവനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

രാവിലെ ആറിന് ഭൗതിക ശരീരം പരുമല പള്ളിയിലെത്തിച്ചു. ഏഴിന് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത കുര്‍ബാന അര്‍പ്പിക്കും. വൈകിട്ട് ഏഴ് വരെ പരുമല പള്ളിയില്‍ പൊതുദര്‍ശനമുണ്ടായിരിക്കും.

ഏഴിന് വിടവാങ്ങല്‍ പ്രാര്‍ഥനയ്ക്കു ശേഷം എട്ടു മണിയോടെ കാവുംഭാഗം - മുത്തൂര്‍ - ചങ്ങനാശേരി വഴി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്കു വിലാപയാത്രയായി ഭൗതികശരീരം കൊണ്ടുപോകും. രാത്രി ഒന്‍പതോടെ ദേവലോകത്തെത്തിച്ച് അരമന ചാപ്പലില്‍ പ്രാര്‍ഥനയ്ക്കു ശേഷം പൊതുദര്‍ശനമുണ്ടാകും.

നാളെ രാവിലെ കാതോലിക്കേറ്റ് അരമന ദേവാലയത്തില്‍ കുര്‍ബാനയ്ക്കുശേഷവും ഭൗതികശരീരം പൊതുദര്‍ശനത്തിനു വെയ്ക്കും. തുടര്‍ന്ന് മൂന്നു മണിക്ക് കബറടക്ക ശുശ്രൂഷ നടക്കും. സഭയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും കബറടക്കം നടക്കുന്ന നാളെ അവധി പ്രഖ്യാപിച്ചു.

1946 ഓഗസ്റ്റ് 30 ന് തശൂര്‍ തലപ്പളളി മങ്ങാട്ട് കൊളളന്നൂര്‍ വീട്ടില്‍ പരേതരായ കെ.ഐ ഐപ്പിന്റെയും കുഞ്ഞീറ്റിയുടെയും മകനായാണ് ജനനം. പഴഞ്ഞി ഗവ. ഹൈസ്‌കൂളില്‍നിന്ന് എസ്എസ്എല്‍സി പാസായി. തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്ന് ബിരുദം നേടി.

കോട്ടയം സെമിനാരിയില്‍ വൈദിക പഠനത്തിനു ചേര്‍ന്ന അദ്ദേഹം തുടര്‍ന്ന് കോട്ടയം സിഎംഎസ് കോളജില്‍നിന്ന് എംഎ പാസായി. 1972 ഏപ്രില്‍ എട്ടിന് പരുമല സെമിനാരിയില്‍ വച്ച് യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് യഫദയക്നോ പട്ടവും 1973 ജൂണ്‍ രണ്ടിന് യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് വൈദിക പട്ടവും നേടി. 1982 ഡിസംബര്‍ 28 എം.ജി.എം തിരുവല്ല അസോസിയേഷനില്‍ വെച്ചാണ് മെത്രാപ്പോലീത്ത സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

1983 മെയ് 14 മാത്യൂസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ പരുമല സെമിനാരിയില്‍ വെച്ച് റമ്പാനായി വാഴിച്ചു.1985 മെയ് 15 ന് പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് പളളിയില്‍ വെച്ചാണ് എപ്പിസ്‌കോപ്പയായി വാഴിക്കപ്പെട്ടത്.

തുടര്‍ന്ന് കുന്നംകുളം ഭദ്രാസനാധിപനായി. 2006 ഒക്ടോബര്‍ 12ന് പരുമലയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ആയി തിരഞ്ഞെടുത്തു. പരിശുദ്ധ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് പരുമല സെമിനാരി ചാപ്പലില്‍ 2010 നവംബര്‍ ഒന്നിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കായായി സ്ഥാനാരോഹണം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.