മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍: ഫ്രാന്‍സിസ് മാര്‍പാപ്പായെ വത്തിക്കാനില്‍ സന്ദര്‍ശിച്ച് ആദരമേറ്റു വാങ്ങിയ ബാവ

മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍: ഫ്രാന്‍സിസ് മാര്‍പാപ്പായെ വത്തിക്കാനില്‍ സന്ദര്‍ശിച്ച് ആദരമേറ്റു വാങ്ങിയ ബാവ


പ്രോട്ടോക്കോള്‍ ചട്ടങ്ങളെ മാറ്റി നിര്‍ത്തിയ സംഗമത്തില്‍ പാപ്പാ പറഞ്ഞു:
'ദിവ്യവിരുന്നു മേശയില്‍ സഭകള്‍ ഒന്നിക്കുന്ന നാളുകള്‍ ആസന്നമാകട്ടെ'.

കൊച്ചി: വത്തിക്കാന്‍ കാര്യാലയത്തിന്റെ ചരിത്രത്താളില്‍ അതീവ ശോഭയോടെ സ്ഥാനം നേടിയ പുണ്യചരിതനാണ് ഇന്നു രാവിലെ കാലം ചെയ്ത മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. 2013 സെപ്റ്റംബര്‍ നാലിന് റോമിലെത്തി അദ്ദേഹം ഫ്രാന്‍സിസ് മാര്‍പാപ്പായുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ ക്രൈസ്തവ കൂട്ടായ്മയുടെയും അനുരഞ്ജനത്തിന്റെയും പുതിയ പാതകള്‍ തുറക്കാന്‍ കഴിഞ്ഞിരുന്നു.

എല്ലാ പ്രോട്ടോക്കോള്‍ സിദ്ധാന്തങ്ങളും വായുവില്‍ പറത്തിയ ഊഷ്മള സംഗമ വേളയില്‍ പാപ്പാ പറഞ്ഞു: 'ദിവ്യവിരുന്നു മേശയില്‍ സഭകള്‍ ഒന്നിക്കുന്ന നാളുകള്‍ ആസന്നമാകട്ടെ'

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് അനാവരണം ചെയ്ത ക്രൈസ്തവൈക്യ ദാഹത്തിന്റെ ചുവിടു പിടിച്ച് 1971 ല്‍ ആരംഭിച്ച ഡയലോഗുകള്‍ ഇരുവശങ്ങളിലുമുള്ള നിരവധി തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ സഹായിച്ചിരുന്നു. പോള്‍ ആറാമന്‍ മാര്‍പ്പാപ്പയുടെ ബോംബെ സന്ദര്‍ശന (1964) വേളയില്‍ അന്നത്തെ പരിശുദ്ധ ഔഗേന്‍ കാതോലിക്കാ ബാവ സ്വീകരിക്കാന്‍ എത്തിയതും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ഒന്നാമന്‍ 1983 ല്‍ വത്തിക്കാനില്‍ സന്ദര്‍ശിച്ചതും നിര്‍ണ്ണായകമായി.

1986 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ കോട്ടയത്തെ മാര്‍ ഏലിയാ കത്തിഡ്രലില്‍ പരിശുദ്ധ കാതോലിക്കാ ബാവ വരവേറ്റതും (1986) ചരിത്ര സംഭവമായി മാറി. ഈ പരസ്പര സന്ദര്‍ശനങ്ങള്‍ 1989 മുതല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയും കേരളത്തിലെ കത്തോലിക്കാ സഭയും തമ്മിലുള്ള സംഭാഷണത്തിന് കൂടുതല്‍ ശക്തി പകര്‍ന്നു. ഇരു സഭകളുടെയും സെന്റ് തോമസ് പൈതൃകം പര്യവേക്ഷണം ചെയ്യാനും സഹകരിക്കാവുന്ന വേദികള്‍ കണ്ടെത്താനും ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നുണ്ട്.

വത്തിക്കാന്റെ ഔദ്യോഗിക പത്രമായ ഒസ്സെര്‍വത്തോരെ റൊമാനോ, രണ്ട് പിതാക്കന്മാരുടെയും പൂര്‍ണ പ്രസംഗത്തിന്റെ ഇറ്റാലിയന്‍ വിവര്‍ത്തനവും ഊഷ്മള കൂടിക്കാഴ്ചയുടെ രണ്ട് വലിയ ഫോട്ടോകളും അന്നു രാത്രി തന്നെ പ്രസിദ്ധീകരിച്ചെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പായെ കാണുമ്പോള്‍ ബാവായോടൊപ്പമുണ്ടായിരുന്ന കോട്ടയം സോപാന ഓര്‍ത്തഡോക്സ് അക്കാദമി ഡയറക്ടര്‍ റവ. ഡോ. കെ. എം. ജോര്‍ജ് ഓര്‍മ്മിക്കുന്നു.

തോമസ് മാര്‍ അത്തനാസിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, റവ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, റവ. ഏബ്രഹാം തോമസ്, എം. ജി ജോര്‍ജ് മുത്തൂറ്റ്, ഡോ. ജോര്‍ജ് ജോസഫ്, ജേക്കബ് മാത്യു കുലഞ്ചിക്കൊമ്പില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയോട് ചേര്‍ന്നുള്ള സെന്റ് മാര്‍ത്താസ് ഗസ്റ്റ് ഹൗസിലാണ് മുഴുവന്‍ പ്രതിനിധികള്‍ക്കും താമസിക്കാനുള്ള സൗകര്യം ഒരുക്കിയത്.

വത്തിക്കാന്‍ കൊട്ടാര വാസം വേണ്ടെന്നു വച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും സെന്റ് മാര്‍ത്താസ് ഗസ്റ്റ് ഹൗസിലാണു താമസിക്കുന്നത്. സെന്റ് പീറ്ററിന്റെയും സെന്റ് തോമസിന്റെയും പിന്‍ഗാമികള്‍ ഒരേ വീട്ടില്‍ അന്തിയുറങ്ങുന്നതിനു സജീവ സാക്ഷികളായി ബാവായുടെ സംഘാംഗങ്ങള്‍. താഴത്തെ ചാപ്പലില്‍ ദിവ്യബലി അര്‍പ്പിക്കുകയും കോമണ്‍ മെസ് ഹാളില്‍ മറ്റുള്ളവരോടൊത്തു ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പാപ്പായെ വിസ്മയ പുരുഷനായാണ് അവര്‍ കണ്ടത്.

സെപ്റ്റംബര്‍ നാലിന് ഉച്ചതിരിഞ്ഞ് കാതോലിക്കാ ബാവയെയും പ്രതിനിധികളെയും സെന്റ് പീറ്റേഴ്സ് ബസിലിക്ക, വത്തിക്കാന്‍ മ്യൂസിയം, പ്രശസ്തമായ സിസ്റ്റൈന്‍ ചാപ്പല്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി. വത്തിക്കാനിലെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ യൂണിറ്റി സെക്രട്ടറി ബിഷപ്പ് ബ്രയാന്‍ ഫാരെല്‍ ആണ് മൈക്കലാഞ്ചലോയെപ്പോലുള്ള പ്രശസ്ത കലാകാരന്മാരുടെ സിസ്റ്റൈന്‍ ചാപ്പലിലെ കലാസൃഷ്ടികളെക്കുറിച്ച് വിശദമായ വിവരണം നല്‍കിയത്.

മാര്‍പ്പാപ്പമാരെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് നടത്തുന്ന സിസ്റ്റൈന്‍ ചാപ്പലില്‍ ബാവ ഏറെ സമയം ചെലവഴിച്ചു. സാധാരണയായി അതിഥികള്‍ക്കായി തുറക്കാത്ത ചില മുറികള്‍ ഈ വിശിഷ്ടാതിഥിക്കായി തുറന്നു കൊടുത്തിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ മാര്‍പ്പാപ്പമാര്‍ ഔദ്യോഗിക വസ്ത്രം ധരിക്കുന്ന മുറി, ആദ്യമായി മാര്‍പ്പാപ്പയെന്ന നിലയില്‍ ഒപ്പ് ഇടുന്ന രജിസ്റ്റര്‍ പുസ്തകം, തിരഞ്ഞെടുപ്പ് സമയത്ത് കറുത്ത പുക അല്ലെങ്കില്‍ വെളുത്ത പുക എന്നിവ കാണിക്കുന്ന രാസവസ്തു സഞ്ചയം മുതലായവ ബാവായ്ക്ക് കാണിച്ചു കൊടുത്തു. വൈകുന്നേരം പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ യൂണിറ്റി പ്രസിഡന്റ് കര്‍ദിനാള്‍ കോച്ച് കാതോലിക്കാ ബാവയെ ആദരിച്ചു.

സെപ്റ്റംബര്‍ അഞ്ചിന് രാവിലെ എട്ട് മണിയോടെ കാതോലിക്കാ ബാവയും സംഘവും സെന്റ് മാര്‍ത്താസ് ഗസ്റ്റ് ഹൗസിന്റെ മെസ് ഹാളില്‍ പ്രഭാതഭക്ഷണത്തിനായി എത്തിയപ്പോഴേക്കും ചാപ്പലില്‍ നിന്ന് ദിവ്യബലി കഴിഞ്ഞ് മാര്‍പ്പാപ്പയും വന്നു. മെസ് ഹാളില്‍ കാതോലിക്കാ ബാവയെ കണ്ട ഉടന്‍ മാര്‍പ്പാപ്പ അദ്ദേഹത്തിന്റെ മേശയ്ക്കരികിലെത്തി അഭിവാദ്യം ചെയ്തു. രാവിലെ 11 ന് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതിനാല്‍, പിന്നീട് കണ്ടുമുട്ടാമെന്ന് പറഞ്ഞ് മാര്‍പ്പാപ്പ മറ്റൊരു മേശയിലേക്ക് പോയി.

സേവകരില്ലാതെ മറ്റെല്ലാവരെയും പോലെ, കലവറ മേശയില്‍ നിന്ന് ഭക്ഷണം സ്വയം എടുത്ത് ആണ്് മാര്‍പ്പാപ്പ കഴിച്ചത്. അര്‍ജന്റീനയിലെ ബിഷപ്പും കര്‍ദിനാളും ആയിരുന്നപ്പോഴും സാധാരണക്കാരുമായി ഇടപഴകുകയും സാധാരണ ബസുകളില്‍ യാത്ര ചെയ്യുകയും സ്വയം ഭക്ഷണം പാകം ചെയ്യുകയും ചെയ്ത വലിയ ഇടയന്റെ ചരിത്രം കാതോലിക്കാ ബാവയും സംഘവും ഓര്‍മ്മിച്ചു.

രാവിലെ 11 ന് പേപ്പല്‍ കൊട്ടാരത്തിലെ ഔദ്യോഗിക സ്വീകരണ ഹാളില്‍ കാതോലിക്കാ ബാവയെ മാര്‍പ്പാപ്പ സ്വീകരിച്ചു. പരസ്പര അഭിവാദ്യത്തിനും പ്രസംഗത്തിനും മുമ്പായി മാര്‍പ്പാപ്പയും കാതോലിക്കാ ബാവയും തമ്മില്‍ ആദ്യം തന്നെ സ്വകാര്യ കൂടിക്കാഴ്ച സംഘടിപ്പിച്ചിരുന്നു. ഇതിന് ഷെഡ്യൂള്‍ ചെയ്ത സമയം 10 മിനിറ്റായിരുന്നുവെങ്കിലും സംഭാഷണം ഏകദേശം 45 മിനിറ്റ് നീണ്ടുനിന്നു.

മാര്‍പ്പാപ്പയും ബാവയും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്ക്, മാര്‍പ്പാപ്പയുടെ പരിഭാഷകന്‍, വിവിധ ഭാഷകളില്‍ വൈദഗ്ദ്ധ്യം നേടിയ ഒരു മോണ്‍സിഞ്ഞോര്‍ എന്നിവരെക്കൂടതെ റവ.ഡോ. കെ.എം. ജോര്‍ജിനെയും ഒപ്പം കൂടാന്‍ അനുവദിച്ചു. ബാക്കി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പ്രതിനിധി സംഘവും വത്തിക്കാനിലെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ യൂണിറ്റിയിലെ വിശിഷ്ട അംഗങ്ങളും പ്രസിഡന്റ് കര്‍ദിനാള്‍ കോച്ച് ഉള്‍പ്പെടെയുള്ളവരും വിസിറ്റിംഗ് ഹാളില്‍ കാത്തിരുന്നു.

മാതൃഭാഷയായ സ്പാനിഷില്‍ ആണ് മാര്‍പ്പാപ്പ കൂടുതലും സംസാരിച്ചത്. അതിനാല്‍, ബാവയും അദ്ദേഹത്തിന്റെ മാതൃഭാഷയില്‍ സംസാരിച്ചു. പിന്നീട്, ഇതേക്കുറിച്ച് ബാവ ഇങ്ങനെ അഭിപ്രായപ്പെട്ടു: 'ഞങ്ങള്‍ രണ്ടു പേരും മലയാളത്തിലും സ്പാനിഷിലുമാണ് അന്യോന്യം സംസാരിച്ചതെങ്കിലും ഞങ്ങള്‍ക്ക് നന്നായി മനസിലാക്കാന്‍ കഴിഞ്ഞു'. സംഭാഷണം ശരിക്കും ഹൃദയസ്പര്‍ശിയായിരുന്നെന്നു ഡോ. ജോര്‍ജ് ചൂണ്ടിക്കാട്ടി.

മലങ്കര ഓര്‍ത്തഡോക്സ് സഭയെക്കുറിച്ച് മാര്‍പ്പാപ്പ പലതും ചോദിച്ചു. കത്തോലിക്കാ സഭയെക്കുറിച്ചും ലോകത്തിന്റെ ഭാവിയെക്കുറിച്ചും ബാവ ആരാഞ്ഞു. ഒരു ഘട്ടത്തില്‍, ബാവ തുറന്നു പറഞ്ഞു: 'അങ്ങയുടെ വിശുദ്ധവും ലളിതവുമായ ജീവിതശൈലി ഞങ്ങള്‍ക്ക് പ്രചോദനാത്മക മാതൃകയാണ്'. മാര്‍പ്പാപ്പയുടെ പുഞ്ചിരിയോടെയുള്ള മറുപടി ഇപ്രകാരമായിരുന്നു: 'ഞാന്‍ ഒരു പാപിയാണ്, ഞാനും തെറ്റുകള്‍ ചെയ്യുന്നു'.

ഇന്ത്യയില്‍ വൈദിക ശുശ്രൂഷയ്ക്ക് വേണ്ടത്ര ആളുകളെ ലഭിക്കുന്നുണ്ടോ എന്ന് മാര്‍പ്പാപ്പ ചോദിച്ചു. 'ഞങ്ങളുടെ സെമിനാരികളില്‍ ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ അപേക്ഷകരെത്തുന്നുണ്ട്' എന്ന് കാതോലിക്കാ മറുപടി നല്‍കി. ഇതുകേട്ട മാര്‍പ്പാപ്പ ഉറക്കെ ചിരിച്ചു. 'അവരെ എനിക്ക് അയയ്ക്കുക, എനിക്ക് അവരെ ആവശ്യമുണ്ട്' എന്ന് തുടര്‍ന്നു പറഞ്ഞു.

കത്തോലിക്കാ സഭയില്‍ ദൈവവിളി കുറഞ്ഞുനില്‍ക്കുന്ന അവസ്ഥ മാര്‍പ്പാപ്പ സൂചിപ്പിച്ചു. സമാധാനവും നീതിയും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ലോക ക്രമം സ്ഥാപിക്കുന്നതില്‍ സഭകള്‍ക്കുള്ള പങ്ക്, സിറിയയിലെ അതിക്രമങ്ങളും കലഹങ്ങളും അവസാനിപ്പിച്ചു സമാധാനം പുനഃസ്ഥാപിക്കാനുള്ള സാധ്യത എന്നിവ ചര്‍ച്ചാവിഷയമായി.

നീണ്ട സ്വകാര്യ സംഭാഷണത്തിന് ശേഷം രണ്ട് വിശുദ്ധ പിതാക്കന്മാരും ഒരുമിച്ച് പ്രധാന സ്വീകരണ ഹാളില്‍ എത്തി. നിയുക്ത സീറ്റുകളിലിരുന്ന ശേഷം ഇരു സഭകളിലെയും പ്രതിനിധികള്‍ക്ക് മുന്നില്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗം രണ്ടു പേരും വായിച്ചു. 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് കത്തോലിക്കാ സഭയും ഓര്‍ത്തഡോക്സ് വിഭാഗവുമായി നടന്ന അനുരഞ്ജന ശ്രമത്തിന്റെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ടാണ് കാതോലിക്കാ ബാവയെ പാപ്പാ സ്വാഗതം ചെയ്തത്.

പതിനാറാം നൂറ്റാണ്ടിലാരംഭിച്ച വിഘടിത പ്രവണതയ്ക്കു വിരാമം കുറിച്ച് 1990ലെ പെന്തക്കൂസ്താനാളില്‍ ഓര്‍ത്തഡോക്സ് സഭയുമായി കത്തോലിക്കാ സഭ അനുരഞ്ജനത്തിലെത്തിയ ചരിത്ര സംഭവം പാപ്പാ അനുസ്മരിച്ചു. പരിശുദ്ധ കുര്‍ബ്ബാനയുടെ കൂട്ടായ്മയില്ലെങ്കിലും അപ്പോസ്തോലിക പാരമ്പര്യവും ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഐക്യവും ഇരുസഭകളെയും ഇപ്പോഴും ഒന്നിപ്പിക്കുന്നുവെന്നും പാപ്പാ പ്രസ്താവിച്ചു.


ആരാധനസ്ഥലങ്ങളും സിമിത്തേരികളും പൊതുവായി ഉപയോഗിക്കാനുള്ള ആനുകൂല്യവും അജപാലന സാഹചര്യങ്ങളില്‍ ആത്മീയമായും ആരാധനക്രമ പരവുമായുമുള്ള സഹായത്തിന് സഭ അനുമതി നല്‍കിയത് ക്രൈസ്തവ കൂട്ടായ്മയുടെയും അനുരഞ്ജനത്തിന്റെയും ഭാഗമായാണ്. സെന്റ് തോമസ് സ്ഥാപിച്ച സഭയുടെ പ്രതിനിധിയായാണ് കാതോലിക്കാ ബാവായെ സ്വീകരിക്കുന്നതെന്ന് മാര്‍പ്പാപ്പ അറിയിച്ചു.സെന്റ് പീറ്ററിന്റെയും സെന്റ് തോമസിന്റെയും സംഗമം സുപ്രധാനമാണ്.

എല്ലാ കേരള ക്രിസ്ത്യാനികളും പങ്കിടുന്ന സെന്റ് തോമസ് പാരമ്പര്യത്തെ കാതോലിക്കാ ബാവ ഊന്നിപ്പറയുകയും പതിനാറാം നൂറ്റാണ്ട് മുതല്‍ ശിഥിലമായ സഹകരണം പുനസ്ഥാപിക്കാനുള്ള വേദിയാണ് ഒരുങ്ങിയിരിക്കുന്നതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. കേരളത്തിലെ കത്തോലിക്കരും ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നീക്കം ഈ പൊതു പാരമ്പര്യത്തില്‍ നിന്നുണ്ടാകണം.'ക്രിസ്തുവിലുള്ള യഥാര്‍ത്ഥ ഐക്യം' ശാശ്വതമാകണം. കാതോലിക്കാ ബാവയുടെ പ്രസംഗം വത്തിക്കാന്‍ തന്നെ അച്ചടിച്ച് എല്ലാവര്‍ക്കും വിതരണം ചെയ്തിരുന്നു.

പ്രസംഗങ്ങള്‍ക്കും സമ്മാന കൈമാറ്റത്തിനും ശേഷം ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ ഓരോരുത്തരെയും മാര്‍പ്പാപ്പ പരിചയപ്പെട്ടു.ബാവ കൈമാറിയ മലയാളം, സുറിയാനി, ഇംഗ്ലീഷ് ഭാഷകളിലെ സംയുക്ത ആരാധനാക്രമ പുസ്തകം കണ്ടശേഷം അതിലെ മനോഹരമായ സ്‌ക്രിപ്റ്റുകള്‍ രൂപപ്പെടുത്തിയ പ്രശസ്ത ഐക്കണോഗ്രാഫറും യുവ പുരോഹിതനുമായ ഫാ.അസ്വിന്‍ ഫെര്‍ണാണ്ടസിനെ മാര്‍പ്പാപ്പ പ്രത്യേകമായി അഭിനന്ദിച്ചു.

ഇതിനിടെ ഉച്ചഭക്ഷണത്തിനുള്ള സമയമായി. കര്‍ദിനാള്‍ കോച്ച്, ബിഷപ്പ് ഫാരെല്‍, ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ട് മെത്രാന്മാര്‍, റവ. ഡോ ജോര്‍ജ് എന്നിവര്‍ക്കൊപ്പം കത്തോലിക്കയും മാര്‍പ്പാപ്പയും ഭക്ഷണം കഴിച്ചു. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന ഉച്ചഭക്ഷണ സമയത്ത് മാര്‍പ്പാപ്പ ഇന്ത്യയെക്കുറിച്ചും ഇവിടത്തെ ആചാരങ്ങളെക്കുറിച്ചും അന്വേഷിച്ചു.

കിഴക്കന്‍ സന്യാസ പാരമ്പര്യത്തില്‍ നിന്നുള്ള സന്യാസവര്യന്മാരുടെ സസ്യാഹാര വ്രതം മാനിച്ചുള്ള വിഭവങ്ങളായിരുന്നു തീന്‍ മേശയിലുണ്ടായിരുന്നത്. മാര്‍പ്പാപ്പയ്ക്കും കാതോലിക്കാ ബാവായ്ക്കും വൈന്‍ വിളമ്പി. എന്നാല്‍, പരമ്പരാഗത സന്യാസ പ്രതിജ്ഞകളില്‍ ഉറച്ചുനില്‍ക്കുന്ന കാതോലിക്കാ ബാവാ ആഹാരത്തിന്റെ ഭാഗമായി വീഞ്ഞ് ഉപയോഗിക്കാത്തതിനാല്‍ മാര്‍പ്പാപ്പയും അവിടെയുണ്ടായിരുന്ന മുഴുവന്‍ ആളുകളും അത് വേണ്ടെന്നുവച്ചു. അതിഥിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമാണ് വത്തിക്കാനിലെ ആതിഥ്യമര്യാദയുടെ പ്രധാന ഘടകം എന്ന് വ്യക്തമായി.

അത്താഴ വേളയിലെ സംഭാഷണത്തിനിടെ, സെന്റ് ഫ്രാന്‍സിസ് അസീസിക്ക് പ്രകൃതിയോടുള്ള സ്നേഹത്തെക്കുറിച്ച് ഒരു പരാമര്‍ശം വന്നപ്പോള്‍, ഇന്ത്യയില്‍ എലികള്‍ക്കും കുരങ്ങുകള്‍ക്കും പാമ്പുകള്‍ക്കും ഭക്ഷണം നല്‍കുന്നതു ചര്‍ച്ചാ വിഷയമായി. അപ്പോള്‍, ഒരു കുട്ടിയുടെ ജിജ്ഞാസയും നിഷ്‌കളങ്കതയും വെളിവാക്കി മാര്‍പ്പാപ്പ ചോദിച്ചു. 'നിങ്ങള്‍ വിഷ പാമ്പുകളെ പോറ്റുന്നുണ്ടോ?'പാമ്പുകള്‍ ആക്രമിക്കപ്പെടുന്നില്ലെങ്കില്‍ ആക്രമിക്കില്ലെന്ന ബാവാ സംഘത്തിന്റെ മറുപടി പോപ്പിനെ രസിപ്പിച്ചു. രണ്ടു പിതാക്കന്മാരും ഉച്ചഭക്ഷണത്തിന് ശേഷം വിടപറഞ്ഞതോടെ സന്ദര്‍ശന പരിപാടികള്‍ അവസാനിച്ചു. പരസ്പരം അഭിവാദ്യം ചെയ്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്.

അടുത്ത ദിവസം രാവിലെ 5:30 ന് കാതോലിക്കാ ബാവ ലണ്ടനിലേക്ക് തിരിക്കുന്നതിന് പ്രോട്ടോക്കോള്‍ അനുസരിച്ച് വത്തിക്കാന്‍ എല്ലാം കൃത്യമായി ചെയ്തു. ബാവ കാറില്‍ കയറാന്‍ പോകുമ്പോള്‍, ഫ്രാന്‍സിസ് മാര്‍പാപ്പ ബാവയുടെ മുന്നില്‍ പുഞ്ചിരിയോടെ പ്രത്യക്ഷപ്പെട്ടത് ഏവരെയും ഞെട്ടിച്ചതായി റവ. ജോര്‍ജ് പറയുന്നു.

നൂറ്റാണ്ടുകളായി വത്തിക്കാന്‍ കാത്തു വരുന്ന ശക്തമായ മതിലുകളുടെ പ്രോട്ടോക്കോള്‍ ആണ് അന്ന് നോക്കു കുത്തിയായത്. സ്വിസ് ഗാര്‍ഡുകളും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും അത്ഭുതപ്പെട്ടു. മാര്‍പ്പാപ്പ കാതോലിക്കാ ബാവയെ ആശ്ളേഷിച്ച ശേഷമാണ് വിട നല്‍കിയത്. ഊഷ്മള സ്നേഹത്തിനു മുന്നില്‍ തകര്‍ന്നു മാമുലുകളും പ്രോട്ടോക്കോള്‍ മതിലുകളും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.