ബ്രിസ്ബന്‍: മുതലകളെ പേടിച്ച് വീട്ടുമുറ്റത്ത് ഇറങ്ങാന്‍ പോലുമാവാത്ത അവസ്ഥയിലാണ് ഓസ്‌ട്രേലിയയിലെ ടുള്ളി ഹെഡ്സ് എന്ന തീരപ്രദേശത്ത് താമസിക്കുന്നവര്‍. ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്തെ കെയ്ന്‍സില്‍നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമപ്രദേശമാണ് ടുള്ളി ഹെഡ്സ്. 354 പേര്‍ മാത്രമാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവിടെയുള്ള ഒരു തടാകത്തിലെ മുതലകളാണ് ഗ്രാമവാസികള്‍ക്ക് ഭീഷണിയാകുന്നത്. തടാകത്തോടു ചേര്‍ന്നു താമസിക്കുന്ന ജോവാന്‍ ചാള്‍ട്ടണിന്റെ കുടുംബം ഉള്‍പ്പെടെ നിരവധി പേര്‍ മുതലകളെ പേടിച്ച് ആശങ്കയോടെയാണു കഴിയുന്നത്. രണ്ട് ഏക്കറിലാണ് ജോവാന്റെ കുടുംബം താമസിക്കുന്നത്.
തടാകത്തില്‍ മൂന്ന് മുതലകളെങ്കിലും ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തടാകത്തില്‍ കെണികള്‍ സ്ഥാപിച്ച് ഇവയെ പിടിക്കണമെന്നും മുതലകളെ പുനഃരധിവസിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ ജൂണ്‍ 30-ന് ഒരു നായയെ മുതല കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ നാട്ടുകാര്‍ കടുത്ത ആശങ്കയിലാണ്. എന്നാല്‍ നായയെ മുതല കൊണ്ടുപോയതിന് തെളിവുകളൊന്നും ഇല്ലെന്നു വന്യജീവി അധികൃതര്‍ പറയുന്നു.
ജോവാന്‍ ചാള്‍ട്ടണിന്റെ വീടിനോടു ചേര്‍ന്നുള്ള തടാകത്തിലെ മുതല കാമറയില്‍ പതിഞ്ഞപ്പോള്‍.
16 വര്‍ഷമായി ജോവാനും കുടുംബവും ഇവിടെ താമസിക്കുകയാണ്. കഴിഞ്ഞമാസം മരുമകളും കൊച്ചുമക്കളും മുറ്റത്തു നില്‍ക്കുമ്പോഴാണ് കൂറ്റനൊരു മുതലയെ കണ്ടത്. ഇവര്‍ നിന്നതിനു നാലു മീറ്റര്‍ മാത്രം അകലെയായിരുന്നു മുതല അപ്പോള്‍ കിടന്നിരുന്നത്. ഇതോടെ കുടുംബം വലിയ ആശങ്കയിലാണ്. മുതല പോയ ശേഷം മണ്ണില്‍ അവശേഷിച്ച പാട് അളന്നു നോക്കിയപ്പോള്‍ അതിന് ആറടിയില്‍ കൂടുതല്‍ നീളമുണ്ടെന്നു മനസിലായി. തുടര്‍ന്ന് നായയെ കാണാതായെന്ന റിപ്പോര്‍ട്ടുകളും വന്നതോടെ ആശങ്ക ഇരട്ടിച്ചു.
'മൂന്നും ഒന്നും വയസുള്ള കുട്ടികള്‍ക്ക് ഇപ്പോള്‍ കളിക്കാന്‍ പോലും മുറ്റത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. തീരത്ത് ആരുടെയും കണ്ണില്‍പെടാതെ കിടക്കുന്ന മുതലയ്ക്ക് കുഞ്ഞുങ്ങളെ പിടികൂടാന്‍ ഒരു നിമിഷം മതി'-മുത്തശ്ശിയായ ജോവന്‍ ഭയത്തോടെ പറഞ്ഞു. ഇത്തരത്തില്‍ തീരത്തുവന്നു കിടക്കുന്ന മുതലകളെ നിരവധി പേര്‍ കണ്ടിട്ടുണ്ട്. 2019 മുതല്‍ കണ്ടെത്തിയ മൂന്നു മുതലകളുടെ ചിത്രങ്ങള്‍ നാട്ടുകാരുടെ പക്കലുണ്ട്.
അതേസമയം, വന്യജീവി അധികൃതരുമായി പ്രദേശവാസികള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും നാട്ടുകാരുടെ ആശങ്ക ഗൗരവത്തിലെടുത്തിട്ടില്ല. മേഖലയില്‍ 2019 മുതല്‍ നിരവധി പരിശോധനകള്‍ വന്യജീവി അധികൃതര്‍ നടത്തിയിട്ടുണ്ട്. ജൂണ്‍ 30-ന് നായയെ കാണാതായതുമായി ബന്ധപ്പെട്ട് ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയെങ്കിലും ആക്രമണത്തിന്റെ തെളിവൊന്നും ലഭിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.