കേരളത്തിലെ വികസന പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ വികസന പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമെന്ന് മുഖ്യമന്ത്രി

ന്യുഡല്‍ഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ വികസന പദ്ധതികള്‍ക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ജലഗതാഗതം കേരളത്തില്‍ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്ന് പ്രധാനമന്ത്രി ചോദിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ വികസന പദ്ധതികള്‍ക്കുള്ള കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ജലഗതാഗതം കേരളത്തില്‍ പ്രോത്സാഹിപ്പിക്കാനാകില്ലേ എന്ന് പ്രധാനമന്ത്രി ചോദിച്ചു. വാരണസി-കൊല്‍ക്കത്ത ജലപാത ഉദാഹരണമായി മോദി ചൂണ്ടിക്കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ഗെയില്‍ പൈപ്പ് ലൈന്‍ മുടങ്ങി കിടക്കുന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതി പൂര്‍ത്തിയായ കാര്യം ഇക്കുറി ചൂണ്ടിക്കാട്ടി. കേരളത്തില്‍ അധികാര തുടര്‍ച്ച നേടിയ എല്‍ഡിഎഫ് സര്‍ക്കാരിനെ അനുമോദിച്ചു. കേരളത്തിന്റെ വികസനത്തിനായി എന്ത് സഹായവും നല്‍കാമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. വികസനകാര്യങ്ങളില്‍ ഏകതാ മനോഭാവത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ കേരളത്തിന്റെ സുപ്രധാനമായ വികസന പദ്ധതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സില്‍വര്‍ ലൈന്‍ സെമി ഹൈ സ്പീഡ് റെയില്‍വേ പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ വിശദമായി അതേക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. കേരളത്തിലെ കോവിഡ് സാഹചര്യത്തെക്കുറിച്ചും വിശദമായി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സ്തംഭാനവസ്ഥയും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ മാസം അറുപത് ലക്ഷം ഡോസ് വാക്‌സീന്‍ ആവശ്യമുണ്ടെന്ന കാര്യവും അദ്ദേഹത്തെ അറിയിച്ചു. ഇതേക്കാര്യം നേരത്തെയും ആരോഗ്യമന്ത്രാലയത്തെ അറിയിച്ചിരുന്നു. ഈ മാസം മാത്രം 25 ലക്ഷം ഡോസ് വാക്‌സീന്‍ സെക്കന്‍ഡ് ഡോസ് മാത്രമായി നല്‍കേണ്ടതുണ്ട്.
എയിംസ് കേരളത്തിന് വേണമെന്ന ആവശ്യം മുഖ്യമന്ത്രി വീണ്ടും പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ അനുകൂലമായ പ്രതികരണമാണ് പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടായത്. കേരളത്തിലെ പ്രായാധിക്യമുള്ളവരുടെ എണ്ണ കൂടുതലും പകര്‍ച്ച വ്യാധികള്‍ പലഘട്ടങ്ങളിലായി വ്യാപിക്കുന്ന അവസ്ഥയും ആരോഗ്യമേഖലയുടെ കൂടുതല്‍ ശാക്തീകരണം ആവശ്യപ്പെടുന്ന ഒന്നാണ്. കേരളത്തിലെ ആരോഗ്യമേഖലയുടെ കരുത്തിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം തന്നെ എടുത്തു പറഞ്ഞു. ഇതോടൊപ്പം കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വലിയ തോതില്‍ സഹായം വേണമെന്ന ആഴശ്യവും പ്രധാനമന്ത്രിയെ അറിയിച്ചു.

4500 കോടിയുടെ ജിഎസ്ടി കോംപന്‍സേഷന്‍ അടക്കം സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇതിന്റെ വിതരണം ത്വരിതപ്പെടുത്താനുള്ള നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. അങ്കമാലി - ശബരി റെയില്‍പാത പദ്ധതി നടപ്പാക്കാന്‍ നേരത്തെ തന്നെ ധാരണാപത്രം ഒപ്പിട്ടതാണ്. 2815 കോടി രൂപയാണ് ഈ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്. ഇതിന്റെ എണ്‍പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഏറ്റവും കൂടുതര്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയില്‍ ഒരു വിമാനത്താവളം വരേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കൂടാതെ തലശ്ശേരി - മൈസൂര്‍ റെയില്‍വേ പദ്ധതിയുടെ ഗുണഫലങ്ങളും ആ പദ്ധതി അടിയന്തരമായി നടപ്പാക്കാന്‍ നടപടി വേണമെന്ന ആവശ്യവും ഉന്നയിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തിന് വിദേശ വിമാന സര്‍വ്വീസ് ഉറപ്പാക്കണം. കോഴിക്കോട് വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള തടസം നീക്കണം. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 4673 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള രണ്ടാം ഘട്ട നിര്‍മ്മാണത്തിനുള്ള അനുമതി ഉടന്‍ തന്നെ നല്‍കാമെന്ന് കേന്ദ്ര നഗരവികസനവകുപ്പ് മന്ത്രി ഹര്‍കിഷന്‍ സിംഗ് പുരി അറിയിച്ചു. 11.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാം ഘട്ടത്തില്‍ 11 സ്റ്റേഷനുകളാണുള്ളത്. പ്രാരംഭ നടപടിയായി 260 കോടി കേരള സര്‍ക്കാര്‍ പദ്ധതിക്ക് മാറ്റി വച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.